എസ്.എസ് കൈമള്‍; കാലത്തിനുമുന്‍പേ നടന്ന പരിശീലകന്‍...

പാലക്കാട്: ''കായികമേഖലയില്‍നിന്നൊഴിഞ്ഞ് എനിക്കൊരു ജീവിതമില്ല'' എന്നുപറഞ്ഞ എസ്.എസ്. കൈമളുടെ ജീവിതം ആ മേഖലയ്ക്കുവേണ്ടി അക്ഷരാര്‍ഥത്തില്‍ത്തന്നെ ഉഴിഞ്ഞുവെച്ചതായിരുന്നു. അത്ലറ്റുകളെക്കാള്‍ ചുറുചുറുക്കോടെ മൈതാനങ്ങളില്‍ നിറസന്നിധ്യമായിരുന്നു അദ്ദേഹം. ലോക കായികമാമാങ്കമായ ഒളിമ്പിക്‌സിനു തിരശ്ശീല വീണതിന്റെ തൊട്ടുപിറ്റേന്നായി അദ്ദേഹത്തിന്റെ വിടവാങ്ങല്‍. ഒളിമ്പിക്‌സിന്റെ ചര്‍ച്ചകളിലും വിശകലനങ്ങളിലും സജീവമായിരുന്നു അദ്ദേഹം.
ആലപ്പുഴയിലെ ചമ്പക്കുളത്ത് 1942-ലാണ് എസ്.എസ്. കൈമളുടെ ജനനം. ചരിത്രത്തില്‍ പി.ജി. നേടി, ഫിസിക്കല്‍ എഡ്യുക്കേഷന്‍ പഠനത്തിനുശേഷം കോച്ചിങ്ങിലേക്ക് കടന്നു. 1979-1998 കാലത്ത് അഖിലേന്ത്യാ യൂണിവേഴ്‌സിറ്റി സെലക്ടര്‍, ഒബ്സര്‍വര്‍, 1969-'70ല്‍ കേരള സ്‌പോര്‍ട്സ് കൗണ്‍സില്‍ പരിശീലകന്‍, 1967-1969ല്‍ നാവികസേനാ പരിശീലകന്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. 35-ഓളം ദേശീയ, അന്തര്‍ദേശീയ കായിക സെമിനാറുകളില്‍ പങ്കെടുത്തു. 110-ഓളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. കായികരംഗത്തെ പഠനത്തിന് 76-ാം വയസ്സില്‍ ഡോക്ടറേറ്റ് ലഭിച്ചു. കായികതാരങ്ങളുടെ മാനസികസമ്മര്‍ദമകറ്റാന്‍ യോഗകൂടി ഉള്‍പ്പെടുത്തിയാണ് അദ്ദേഹം പരിശീലനപദ്ധതി തയ്യാറാക്കിയിരുന്നത്.
അഖിലേന്ത്യാ സര്‍വകലാശാലാമത്സരങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാലാ ടീമുകള്‍ക്ക് വര്‍ഷങ്ങളോളം അദ്ദേഹം വഴികാട്ടിയായി. പുരുഷ, വനിത, ഓവറോള്‍ വിജയങ്ങള്‍, ക്രോസ് കണ്‍ട്രി, റിലേ ടീമുകളുടെ വിജയം തുടങ്ങിയവയില്‍ അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്. 33 വര്‍ഷം സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചു. ജോലിയില്‍നിന്ന് വിരമിക്കുന്ന വര്‍ഷം ഒരിക്കല്‍കൂടി കാലിക്കറ്റിനെ അന്തസ്സര്‍വകലാശാലാ ചാമ്പ്യന്മാരാക്കി.
വേറിട്ടു ചിന്തിച്ചു, മുന്‍പേ നടന്നു
പ്രതിഭകളെ തിരിച്ചറിഞ്ഞ് പരിശീലിപ്പിക്കാന്‍ കൈമളിനുള്ള കഴിവ് വേറെത്തന്നെയായിരുന്നു. ഇന്ത്യയിലെ കുരുന്നുകായികപ്രതിഭകള്‍ അമിതപരിശീലനത്തിലൂടെ കത്തിത്തീര്‍ന്നുപോകുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇതു സംബന്ധിച്ച പഠനത്തിനാണ് തമിഴ്നാട് ചെന്നൈ ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്സ് യൂണിവേഴ്സിറ്റിയില്‍നിന്ന് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ അത്ലറ്റിക് കിരീടം ആദ്യമായി കേരളത്തിലെത്തിച്ചത് എസ്.എസ്. കൈമളാണ്. വിരമിച്ചശേഷവും 2004, 2006, 2012, 2014 വര്‍ഷങ്ങളില്‍ കാലിക്കറ്റില്‍ അത്ലറ്റിക്‌സിന്റെയും ക്രോസ്‌കണ്‍ട്രി ടീമുകളുടെയും ചീഫ് കോച്ചായി.
Content Highlights: SS Kaimal A coach ahead of time