ബജ്‌റംഗ് ബ്ലാസ്റ്റേഴ്‌സ്, വൃന്ദാവന്‍ വാരിയേഴ്‌സ്, പാഡണിയാന്‍ ആത്മീയ നേതാക്കള്‍; ഐപിഎല്‍ മാതൃകയിലിതാ സനാതന്‍ ക്രിക്കറ്റ് ലീഗ്

ന്യൂഡല്‍ഹി: ഐപിഎല്‍ മാതൃകയില്‍ ആത്മീയ നേതാക്കളും സന്യാസിമാരും അണിനിരക്കുന്ന സനാതന്‍ ക്രിക്കറ്റ് ലീഗ് ഇത്തവണ ഒക്ടോബര്‍ 18-ന്. ഡല്‍ഹിയിലെ പഹാര്‍ഗഞ്ചിലെ കര്‍ണൈല്‍ സിങ് സ്റ്റേഡിയത്തിലാണ് ഇത്തവണ മത്സരങ്ങള്‍. നാല് ആത്മീയ നേതാക്കള്‍ നയിക്കുന്ന നാല് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക.
സനാതന്‍ ന്യാസ് ഫൗണ്ടേഷന്റെ ബാനറില്‍ സംഘടിപ്പിക്കുന്ന ഈ ക്രിക്കറ്റ് ലീഗ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് സ്വരൂപിക്കാന്‍ വേണ്ടിയാണ് നടത്തുന്നത്. ടൂര്‍ണമെന്റിലൂടെ ലഭിക്കുന്ന വരുമാനം സമീപകാലത്ത് പ്രകൃതി ദുരന്തങ്ങളില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് റേഷന്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, കിടക്കകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ നല്‍കുന്നതിനായി ഉപയോഗിക്കുമെന്ന് ഇതിന്റെ സംഘാടകര്‍ അറിയിച്ചു.
ടൂര്‍ണമെന്റിനായി രാജ്യത്തെ പ്രശസ്ത ആത്മീയ നേതാക്കളും സന്യാസിമാരും കാവി വസ്ത്രം അഴിച്ചുവെച്ച് ടീം ജേഴ്‌സിയണിയും.
രാജ്യത്തെ പ്രശസ്ത ആത്മീയ നേതാക്കളും പ്രാസംഗികരും സന്യാസിമാരുമായ ദേവ്കിനന്ദന്‍ താക്കൂര്‍, ബാഗേശ്വര്‍ ധാമിലെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി, ഇന്ദ്രേഷ് ഉപാധ്യായ, ചിന്മയാനന്ദ് എന്നിവര്‍ തങ്ങളുടെ ടീമുകളെ നയിക്കും. ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട പേരുകളാണ് ടീമുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ദേവ്കിനന്ദന്‍ താക്കൂര്‍ നയിക്കുന്ന വൃന്ദാവന്‍ വാരിയേഴ്‌സ്, ബാഗേശ്വര്‍ ധാമിലെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി നയിക്കുന്ന ബജ്‌റംഗ് ബ്ലാസ്റ്റേഴ്‌സ്, ഇന്ദ്രേഷ് ഉപാധ്യായ നയിക്കുന്ന രാധേ റോയല്‍സ്, ചിന്മയാനന്ദ് നയിക്കുന്ന രാഘവ റൈഡേഴ്‌സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
Content Highlights: Spiritual leaders and saints participate in the Sanatani Cricket League, inspired by IPL, to raise funds for flood-affected regions. Teams led by prominent figures.