PR ശ്രീജേഷിന് അനുമോദനം; തിരുവനന്തപുരത്ത് 24-ന് വിപുലമായ ചടങ്ങുകള്‍ നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍

Photo: Reuters
Photo: Reuters

തിരുവനന്തപുരം: പാരീസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയതിനു പിന്നാലെ ഗോള്‍ക്കീപ്പറും മലയാളി താരവുമായ പി.ആര്‍. ശ്രീജേഷിന് അനുമോദനച്ചടങ്ങ് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഈമാസം 24-ന് ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് ചടങ്ങുകള്‍. ജക്കാര്‍ത്തയില്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങും അന്ന് നടക്കും. 

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പഠിച്ച് മികച്ച കായിക നേട്ടങ്ങള്‍ സ്വന്തമാക്കിയ പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ കൂടിയായ ശ്രീ.പി.ആര്‍ ശ്രീജേഷിന്റെ നേട്ടങ്ങള്‍ക്ക് പ്രത്യേക അനുമോദനം നല്‍കുമെന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.  

ജക്കാര്‍ത്തയില്‍ നടന്ന 18-ാമത് ഏഷ്യന്‍ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തി മെഡല്‍ നേടിയ മുഹമ്മദ് അനസ്, കുഞ്ഞ് മുഹമ്മദ്, പി.യു. ചിത്ര, വിസ്മയ വി.കെ., നീന വി. എന്നീ താരങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി നിയമനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ നിയമന ഉത്തരവ്  24-ാം തീയതിയിലെ ചടങ്ങില്‍വെച്ചുതന്നെ കൈമാറുമെന്നും മന്ത്രി അറിയിച്ചു.

Content Highlights: kudos to pr sreejesh minister sivankutty said that elaborate functions will be held in tvm