'ആര്‍ക്കെങ്കിലും ഭാവി അറിയണമെങ്കില്‍ സാറിനെ സമീപിക്കുക'-സഞ്ജയ് മഞ്ജരേക്കര്‍ക്കെതിരെ ഷമി

ഐപിഎല്‍ പുതിയ സീസണോട് അനുബന്ധിച്ചുള്ള മെഗാ താരലേലം നവംബര്‍ 25-ന് സൗദി അറേബ്യയിലെ ജിദ്ദയിലാണ് നടക്കുക. ക്രിക്കറ്റ് ആരാധകരെല്ലാം ആ ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിന് മുന്നോടിയായി ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ കുറിച്ച് ഇന്ത്യയുടെ മുന്‍താരം സഞ്ജയ് മഞ്ജരേക്കര്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരുന്നു.
ഷമിയേക്കാള്‍ വിലമതിക്കുന്ന താരമാകാന്‍ അര്‍ഷദീപ് സിങ്ങിന് സാധിക്കുമെന്നാണ് മഞ്ജരേക്കര്‍ പ്രവചിച്ചത്. പരിക്ക് മൂലം ഷമിയുടെ മൂല്യം കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഷമി.
'കുറച്ചൊക്കെ ശ്രദ്ധ സ്വന്തം ഭാവിയിലേക്കും ബാക്കി വെയ്ക്കൂ സഞ്ജയ് ജി, ആവശ്യം വരും. ആര്‍ക്കെങ്കിലും ഭാവി അറിയണമെങ്കില്‍ സാറിനെ സമീപിക്കുക'-ഷമി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
നേരത്തെ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുന്നതിനിടയിലാണ് മഞ്ജരേക്കര്‍ ഷമിയുടെ ഐപിഎല്‍ ഭാവിയെ കുറിച്ച് പ്രതികരിച്ചത്. 'ഷമി ഒരു വലിയ കളിക്കാരനും മികച്ച ബൗളറുമാണ്. പക്ഷേ പരിക്കുകള്‍ കാരണം അദ്ദേഹത്തിന്റെ വില്‍ അല്‍പം കുറയും. അദ്ദേഹം വളരെക്കാലം ഗ്രൗണ്ടില്‍നിന്ന് പുറത്തായിരുന്നു. ഷമിയുടെ കഴിവില്‍ ഫ്രാഞ്ചൈസികള്‍ ആശങ്കയിലാണ്.'-മഞ്ജരേക്കര്‍ പറഞ്ഞു.
2023-ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ ഏഴ് വിക്കറ്റ് നേടിയ ഷമി മികച്ച ഫോമിലായിരുന്നു. ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയും കളിച്ചു. എന്നാല്‍ പിന്നീട് പരിക്കിന്റെ പിടിയിലായ താരം 2023-ലെ ഐപിഎല്ലില്‍ കളിച്ചിരുന്നില്ല. 2024-ലെ ട്വന്റി-20 ലോകകപ്പും താരത്തിന് ഉപേക്ഷിക്കേണ്ടിവന്നു. ഇപ്പോള്‍ തിരിച്ചുവരവിന്റെ ഭാഗമായി രഞ്ജി ട്രോഫിയില്‍ ബംഗാളിനുവേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
Content Highlights: indian cricketer mohammed shami blasts sanjay manjrekar over ipl auction prediction