ഇമ്രാന്റെ ജീവൻ രക്ഷിക്കണമെന്ന് മുൻ ക്യാപ്റ്റന്മാർ, കത്തെഴുതിയവരിൽ കപിലും ഗാവസ്‌ക്കറും

#സ്പോർട്സ് ഡെസ്ക്
ഇമ്രാൻ ഖാൻ, സുനിൽ ഗാവസ്ക്കർ, കപിൽ ദേവ്
ഇമ്രാൻ ഖാൻ, സുനിൽ ഗാവസ്ക്കർ, കപിൽ ദേവ്

ന്യൂഡൽഹി: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാനുവേണ്ടി മുൻ ക്രിക്കറ്റ് ക്യാപ്റ്റന്മാർ രംഗത്ത്. മുൻ ഇന്ത്യൻ നായകരായ കപിൽ ദേവും സുനിൽ ഗാവസ്‌ക്കറും അടക്കം ഇരുപത്തിയൊന്ന് ക്യാപ്റ്റന്മാരാണ് ഇമ്രാന് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്നും ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് നിവേദനം നൽകിയത്. ആറ് മാസം മുൻപ് പതിനാല് മുൻ നായകർ ഇതേ ആവശ്യം ഉന്നയിച്ച് ഷെരീഫിന് കത്തെഴുതിയിരുന്നു. ഇതിലും നടപടിയൊന്നുമുണ്ടാകാത്തതിനെ തുടർന്നാണ് കൂടുതൽ മുൻ ക്യാപ്റ്റന്മാർ രംഗത്തുവന്നത്. രാഷ്ട്രീയക്കാർ എന്ന നിലയിലല്ല, ഒന്നിച്ച് കളിച്ചവർ എന്ന നിലയ്ക്കാണ് തങ്ങൾ ഈ അപേക്ഷ നടത്തുന്നതെന്നും ക്യാപ്റ്റന്മാർ പറഞ്ഞു.

സുപ്രീം കോടതി നിർദേശിച്ചത് അനുസരിച്ച് ഇമ്രാൻ ഖാന്റെ ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് സമഗ്രമായ പരിശോധന നടത്തണം. മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ എന്തുതന്നെയായാലും വൈകാതെ തന്നെ വൈദ്യസഹായം ലഭ്യമാക്കണം, ആഴ്ചയിൽ കുടുംബാംഗങ്ങൾക്ക് സന്ദർശിക്കാൻ നൽകിയ അനുമതി പുന:സ്ഥാപിക്കണം എന്നിവയാണ് ആവശ്യങ്ങൾ.

എഴുപതിമൂന്നുകാരനായ ഇമ്രാൻ മൂന്ന് വർഷമായി കസ്റ്റഡിയിൽ കഴിയുകയാണ്. ഒരു കണ്ണിന്റെ കാഴ്ചയ്ക്ക് പ്രശ്‌നമുള്ളതായാണ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് പഴയ കളിക്കാർ ഒന്നിച്ച് രംഗത്തെത്തിയത്.

കപിലിനും ഗാവസ്‌ക്കർക്കും പുറമെ ദിലീപ് വെങ്‌സാർക്കർ, ക്ലൈവ് ലോയ്ഡ്, അർജുന രണതുംഗ, അലൻ ബോർഡർ, ഗ്രേഗ് ചാപ്പൽ, ഇയാൻ ചാപ്പൽ, സ്റ്റീവ് വോ, ജോൺ റൈറ്റ്, മൈക്കൽ ആർതർട്ടൺ, ആഡം ഗിൽക്രിസ്റ്റ്, ഡേവിഡ് ഗവർ, അലക്‌സ് ബ്ലാക്ക്‌വെൽ, മൈക്കൽ ബ്രേർളി, ബെലിൻഡ ക്ലാർക്ക്, അലെയ്‌സ്റ്റർ കുക്ക്, ലീ ജെർമോൺ, കിം ഹ്യൂസ്, നാസർ ഹുസൈൻ, ആൻഡ്ര്യൂ സ്‌ട്രോസ് എന്നിവരാണ് അപേക്ഷയുമായി രംഗത്തുവന്നത്.