10.09 സെക്കൻഡിൽ ചരിത്രം പിറന്നു; ട്രാക്കിലെ എക്കാലത്തെയും വേഗമേറിയ ഇന്ത്യക്കാരനായി ഗുരീന്ദർവീർ സിങ്

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോഡോടെ സ്വർണം നേടുന്ന റിലയൻസിന്റെ ഗുരിന്ദർ വീർ സിങ്. വെള്ളി നേടുന്ന ഒഡിഷയുടെ അനിമേഷ് കുജൂർ സമീപം. മത്സരശേഷം 'ഒന്നും അവസാനിച്ചിട്ടില്ല, ഞാനിവിടെയുണ്ട്' എന്ന് ചെസ്റ്റ് നമ്പറിന്റെ പുറത്ത് എഴുതിയത് ഉയർത്തിക്കാണിക്കുന്നു. കഴിഞ്ഞദിവസം സെമിഫൈനലിൽ കുജൂർ ദേശീയ റെക്കോഡ് കുറിച്ചിരുന്നു |ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ
പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോഡോടെ സ്വർണം നേടുന്ന റിലയൻസിന്റെ ഗുരിന്ദർ വീർ സിങ്. വെള്ളി നേടുന്ന ഒഡിഷയുടെ അനിമേഷ് കുജൂർ സമീപം. മത്സരശേഷം 'ഒന്നും അവസാനിച്ചിട്ടില്ല, ഞാനിവിടെയുണ്ട്' എന്ന് ചെസ്റ്റ് നമ്പറിന്റെ പുറത്ത് എഴുതിയത് ഉയർത്തിക്കാണിക്കുന്നു. കഴിഞ്ഞദിവസം സെമിഫൈനലിൽ കുജൂർ ദേശീയ റെക്കോഡ് കുറിച്ചിരുന്നു |ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ

റാഞ്ചി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായി പഞ്ചാബ് താരം ഗുരീന്ദർവീർ സിങ്. റാഞ്ചിയിലെ ബിർസ മുണ്ട അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന നാഷണൽ സീനിയർ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ പുരുഷൻമാരുടെ 100 മീറ്റർ വെറും 10.09 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം റെക്കോഡിട്ടത്. 100 മീറ്റർ ദൂരം 10.1 സെക്കൻഡിൽ താഴെ സമയം കൊണ്ട് മറികടക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്ര നേട്ടവും ഗുരീന്ദർവീർ സ്വന്തമാക്കി.

വെറും 24 മണിക്കൂറിനുള്ളിൽ മൂന്ന് തവണയാണ് 100 മീറ്ററിൽ ദേശീയ റെക്കോർഡ് തിരുത്തപ്പെട്ടത്. ആവേശകരമായ മത്സരത്തിൽ അനിമേഷ് കുജൂറിനെ പിന്തള്ളിയായിരുന്നു ഗുരീന്ദറിന്റെ നേട്ടം. 100 മീറ്ററിലെ ആദ്യ സെമിയിൽ 10.17 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഗുരീന്ദർ, 10.18 സെക്കൻഡ് എന്ന തന്റെ തന്നെ പഴയ റെക്കോഡ് മറികടന്നു. എന്നാൽ തൊട്ടുപിന്നാലെ രണ്ടാം സെമിഫൈനലിൽ അനിമേഷ് കുജൂർ 10.15 സെക്കൻഡിൽ ഓടിയെത്തി ഈ റെക്കോഡ് തിരുത്തി. എന്നാൽ ഫൈനലിൽ 10.09 സെക്കൻഡ് എന്ന മികച്ച സമയത്തോടെ ഗുരീന്ദർ ഈ റെക്കോഡ് തിരികെപ്പിടിക്കുകയായിരുന്നു.

ഈ പ്രകടനത്തിലൂടെ ഗുരീന്ദർ 2026-ലെ കോമൺവെൽത്ത് ഗെയിംസിലേക്കുള്ള യോഗ്യതയും സ്വന്തമാക്കി. 10.16 സെക്കൻഡായിരുന്നു യോഗ്യതാ മാർക്ക്. 

ഈ സീസണിൽ ഇതുവരെ ഒരു ഏഷ്യക്കാരന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സമയമാണ് 10.09 സെക്കൻഡ്. മേയ് മാസത്തിൽ 19 കാരനായ ജാപ്പനീസ് സ്പ്രിന്റർ ഫുകുട്ടോ കൊമുറോ നേടിയ 10.08 സെക്കൻഡാണ് ഒന്നാമത്.

Content Highlights: Gurindervir Singh set a new Indian national record of 10.09 seconds in the 100m sprint., He is the first Indian to clock under 10.1 seconds in the 100m event., The record was achieved at the National Senior Federation Cup in Ranchi., This performance secures his qualification for the 2026 Commonwealth Games., He surpassed Animesh Kujur in a highly competitive final.