കഴിഞ്ഞതവണ ജില്ലയിൽ അടിതെറ്റി, ഇക്കുറി അന്താരാഷ്ട്ര താരങ്ങളെ വീഴ്ത്തി ആര്യയും വൈഷ്ണവിയും

#ആദര്‍ശ് പി.ഐ
ആര്യയും വൈഷ്ണവിയും | Photo: special arrangement
ആര്യയും വൈഷ്ണവിയും | Photo: special arrangement

തിരുവനന്തപുരം: സീനിയർ വിഭാഗം പെൺകുട്ടികളുടെ ഫെൻസിങ്ങിൽ(epee – എപ്പീ വിഭാഗം) ആര്യയുടെയും ഹരിയാണക്കാരി വൈഷ്ണവി ശർമയുടെയും മെഡൽനേട്ടം വൻ അട്ടിമറിയോടെ. അന്താരാഷ്ട്ര താരങ്ങളായ നിവേദ്യയേയും റീബ ബെന്നിയേയും പരാജയപ്പെടുത്തിയാണ് ഇരുവരും ഫെൻസിങ്ങിൽ ചരിത്രം കുറിച്ചത്. ആര്യ സ്വർണവും വൈഷ്ണവി വെള്ളിയും നേടി. നിവേദ്യയും റീബ ബെന്നിയും വെങ്കലം സ്വന്തമാക്കി.

കഴിഞ്ഞ തവണ ഇരുവർക്കും ജില്ലാതലത്തിൽ നിന്ന് സംസ്ഥാന മേളയിലേക്ക് മുന്നേറാനായിരുന്നില്ല. രണ്ട് പേർ മാത്രമാണ് ഒരു ജില്ലയിൽ നിന്ന് സംസ്ഥാനമേളയിലേക്ക് യോഗ്യത നേടുന്നത്. കഴിഞ്ഞവർഷം ഇരുവരെയും മറികടന്ന് അന്താരാഷ്ട്ര താരങ്ങളായ നിവേദ്യയും റീബ ബെന്നിയുമാണ് സംസ്ഥാന തലത്തിലേക്കെത്തിയത്. അന്ന് മേളയിൽ സ്വർണവും വെള്ളിയും നേടിയതും ഈ രണ്ടുപേരും തന്നെ.

ഇക്കുറി നിവേദ്യയും റീബയുടെ തിരുവനന്തപുരത്തിന് വേണ്ടിയാണ് കളത്തിലിറങ്ങിയത്. അതോടെ കണ്ണൂരിൽ നിന്ന് ആര്യയ്ക്കും വൈഷ്ണവിക്കും സംസ്ഥാനമേളയിലേക്ക് വഴിതെളിഞ്ഞു. സംസ്ഥാനതലത്തിൽ ഫെൻസിങ് എപ്പീ വിഭാഗത്തിൽ എത്തിയ അവസാന നാലുപേരും മറ്റാരുമായിരുന്നില്ല. ആദ്യ സെമിയിൽ ആര്യയും നിവേദ്യയും ഏറ്റുമുട്ടിയപ്പോൾ രണ്ടാം സെമിയിൽ വൈഷ്ണവിയും റീബയും പോരാടി. കടുത്ത പോരാട്ടത്തിനൊടുക്കം നിവേദ്യയെയും വൈഷ്ണവിയെയും കീഴടക്കി ആര്യയും വൈഷ്ണവിയും കലാശപ്പോരിലെത്തി. ഫൈനലിൽ വൈഷ്ണവിയെ തോൽപ്പിച്ച് ആര്യ സ്വർണം നേടി.

കന്യാകുമാരി സ്വദേശിയായ ആര്യ ഏഴാം ക്ലാസ് മുതൽ തന്നെ ഫെൻസിങ് പരിശീലിക്കുന്നുണ്ട്. ഗവ. ടൗൺ എച്ച്എസ്എസ് വിദ്യാർഥിയാണ്. തലശ്ശേരി സായ് അക്കാദമിയിലെത്തിയതിന് പിന്നാലെയാണ് ആര്യ ഫെൻസിങ്ങിൽ കുതിക്കുന്നത്. സ്വർണം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ കടുത്ത പോരാട്ടം കാഴ്ചവെക്കണമെന്നുണ്ടായിരുന്നതായി ആര്യ പറഞ്ഞു. കഴിഞ്ഞ തവണ ജില്ലാതലത്തിൽ നിന്ന് പുറത്തായതിനാൽ ഇക്കുറി കഠിന പ്രയത്‌നം നടത്തിയതായി ഹരിയാണക്കാരി വൈഷ്ണവി പറഞ്ഞു. ആര്യ തനിക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും ചെയ്തുതന്നിരുന്നതായും വൈഷ്ണവി കൂട്ടിച്ചേർത്തു. നിവേദ്യയും റീബ ബെന്നിയും വെങ്കലം സ്വന്തമാക്കി. കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പിലെ മെഡൽ ജേതാക്കളാണ് ഇരുവരും.

മത്സരത്തിന് മുമ്പ് നീണ്ട ആശങ്ക

ഇന്ത്യയുടെ ജാക്കറ്റ് ധരിച്ചാണ് നിവേദ്യയും റീബയും മത്സരത്തിനെത്തിയത്. ഇത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞ് സംഘാടകർ ആദ്യഘട്ടത്തിൽ മത്സരിക്കാനുള്ള അനുമതി നൽകിയിരുന്നില്ല. ഇക്കാര്യം തങ്ങളെ അറിയിച്ചിരുന്നില്ലെന്നാണ് ഇരുവരും പ്രതികരിച്ചത്. അന്താരാഷ്ട്ര മത്സരങ്ങൾക്ക് പോകുമ്പോൾ സാധാരണയായി ഈ ജാക്കറ്റാണ് ഉപയോഗിച്ചുവരാറുള്ളതെന്നും എന്നാൽ കായികമേളയിൽ ഇന്ത്യ, കേരള എന്നിങ്ങനെ എഴുതിയ ജേഴ്‌സികൾ ധരിക്കാൻ പാടില്ലെന്ന് ആരും അറിയിച്ചില്ലെന്നുമാണ് വിദ്യാർഥികൾ പറഞ്ഞത്. ഫെൻസിങ് കിറ്റിന് ലക്ഷങ്ങൾ വിലയുണ്ട്. ഫെൻസിങ് ജേഴ്‌സി മാറ്റാനാവാത്ത സ്ഥിതിയുമായി. ഒടുക്കം ജാക്കറ്റിലെ എഴുത്ത് മറച്ചാണ് ഇരുവരും മത്സരത്തിനിറങ്ങിയത്.

Content Highlights: Arya and Vaishnavi achieved a major upset in senior girls` fencing, defeating international stars Nivethya and Reba Benny to win gold and silver. A remarkable comeback story