ട്രയല്‍സില്ലാതെ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി; വിനേഷ് ഫോഗട്ടിനെതിരേ ആഞ്ഞടിച്ച് അന്തിം പംഗല്‍

ന്യൂഡല്‍ഹി: ട്രയല്‍സില്ലാതെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ച ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരേ ആഞ്ഞടിച്ച് യുവതാരം അന്തിം പംഗല്‍. ഒരു വര്‍ഷത്തോളം അന്താരാഷ്ട്ര മത്സരങ്ങളിലൊന്നും പങ്കെടുക്കാതിരുന്ന വിനേഷിന് ഗെയിംസില്‍ പങ്കെടുക്കാന്‍ നേരിട്ട് അനുമതി ലഭിച്ചതാണ് പംഗലിനെ ചൊടിപ്പിച്ചത്.
താന്‍ ചതിക്കപ്പെട്ടെന്നും ന്യായമായ തിരഞ്ഞെടുപ്പ് മാത്രമാണ് താന്‍ ആവശ്യപ്പെടുന്നതെന്നും പറഞ്ഞ പംഗല്‍, വിനേഷിനെ തോല്‍പ്പിക്കാന്‍ സാധിക്കുന്ന നിരവധി വനിതാ ഗുസ്തിക്കാര്‍ ഇവിടെയുണ്ടെന്നും ചൂണ്ടിക്കാട്ടി.
''കഴിഞ്ഞ ഒരു വര്‍ഷമായി പരിശീലിച്ചില്ലെങ്കിലും വിനേഷിന് ഏഷ്യന്‍ ഗെയിംസിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു. 2022 ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ താരമാണ് ഞാന്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രയലില്‍ പോലും എനിക്ക് വിനേഷിനെതിരേ 3-3 റെക്കോഡുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ചതിക്കപ്പെട്ടു. ഇനി ഞാന്‍ ഗുസ്തി ഉപേക്ഷിക്കണോ? ന്യായമായ തിരഞ്ഞെടുപ്പാണ് ഞാന്‍ ആവശ്യപ്പെടുന്നത്. എനിക്ക് മാത്രമേ അവളെ തോല്‍പ്പിക്കാന്‍ കഴിയൂ എന്നൊന്നും ഞാന്‍ പറയുന്നില്ല, അതിന് സാധിക്കുന്ന നിരവധി വനിതാ ഗുസ്തിക്കാര്‍ ഇവിടെയുണ്ട്.'' - പിടിഐക്ക് നല്കിയ പ്രതികരണത്തില്‍ അന്തിം പംഗല്‍ പറഞ്ഞു.
വിനേഷ് മത്സരിക്കുന്ന 53 കിലോഗ്രാം വിഭാഗത്തില്‍ അടുത്തിടെ തിളങ്ങിയ താരമാണ് അന്തിം പംഗല്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ അണ്ടര്‍-20 ലോക ചാമ്പ്യനായിരുന്നു പംഗല്‍. പിന്നാലെ ഈ വര്‍ഷം സീനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടി.
ഏറെക്കാലമായി സമരരംഗത്തായിരുന്ന ഗുസ്തിതാരങ്ങളായ ബജ്രംഗ് പുണിയക്കും വിനേഷ് ഫോഗട്ടിനുമാണ് ട്രയല്‍സില്ലാതെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം അനുമതി ലഭിച്ചത്. ഗുസ്തി ഫെഡറേഷന്റെ നടത്തിപ്പ് ചുമതലയുള്ള അഡ്ഹോക് കമ്മിറ്റിയാണ് ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേതാവായ പുണിയക്കും ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവായ വിനേഷിനും ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ ഇളവു നല്‍കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം സ്കീമില്‍ (ടോപ്സ്) ഉള്‍പ്പെട്ട താരങ്ങള്‍ക്ക് ഇളവു നല്‍കാമെന്ന ഗുസ്തി ഫെഡറേഷന്റെ നിയമത്തിലെ പഴുതുപയോഗിച്ചാണ് ബജ്രംഗിനും വിനേഷിനും കമ്മിറ്റി നേരിട്ട് ടിക്കറ്റ് കൊടുത്തത്. ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷന് ശരണ്‍ സിങ്ങിനെതിരായ ലൈംഗികപീഡന കേസില്‍ നടപടിയാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നവരാണ് ഇരുവരും.
ചൊവ്വാഴ്ച എടുത്ത തീരുമാനം ദേശീയ ടീമിന്റെ പരിശീലകരുമായി കൂടിയാലോചന നടത്താതെ ചെയ്തതാണ് വിവാദത്തിന് ഇടയാക്കിയത്. ചിലര്‍ക്കുമാത്രം ഇളവുനല്‍കാനുള്ള തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് മറ്റ് ഗുസ്തിക്കാര്‍ മുന്നറിയിപ്പ് നല്കി.
Content Highlights: Antim Panghal lashes out at Vinesh Phogat after Asian Games direct entry