ഫിഫ ലോകകപ്പ് ഗ്രൂപ്പ് ചിത്രം തെളിഞ്ഞു; ലോകചാമ്പ്യന്‍മാര്‍ ആദ്യം അള്‍ജീരിയക്കെതിരേ, എംബാപ്പെയും ഹാളണ്ടും നേര്‍ക്കുനേര്‍

വാഷിങ്ടണ്‍: അടുത്തവര്‍ഷം യുഎസ്സിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞു. നിലവിലെ ജേതാക്കളായ അര്‍ജന്റീന ഗ്രൂപ്പ് ജെയിലും അഞ്ചുതവണ ലോക ജേതാക്കളായ ബ്രസീല്‍ ഗ്രൂപ്പ് സിയിലും മത്സരിക്കും. പ്രത്യക്ഷത്തില്‍ മരണഗ്രൂപ്പ് എന്നുപറയാവുന്ന ഗ്രൂപ്പുകളില്ല. ഇതാദ്യമായി ലോകകപ്പില്‍ 48 ടീമുകള്‍ അണിനിരക്കും.
നിലവിലെ ജേതാക്കളായ ലയണല്‍ മെസ്സിയുടെ അര്‍ജന്റീന ഗ്രൂപ്പ് ജെയിലാണ്. അള്‍ജീരിയക്കെതിരെയാണ് ലോകചാമ്പ്യന്‍മാര്‍ ആദ്യം കളത്തിലിറങ്ങുക. ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. നിലവിലെ റണ്ണറപ്പുകളായ എംബാപ്പെയുടെ ഫ്രാന്‍സ് ഗ്രൂപ്പ് 'ഐ'ലാണ്. എര്‍ലിങ് ഹാളണ്ടിന്റെ നോര്‍വെയും സെനഗലുമാണ് ഐ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിച്ചെത്തുന്ന ഒരു ടീമും ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടും.
കാര്‍ലോ ആന്‍സലോട്ടി പരിശീലിപ്പിക്കുന്ന ബ്രസീല്‍ ഗ്രൂപ്പ് 'സി'യിലാണ്. കരുത്തരായ മൊറോക്കോ, ഹെയ്തി, 1998-ന് ശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന സ്‌കോട്ട്ലന്‍ഡ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍.
വെള്ളിയാഴ്ച രാത്രി വാഷിങ്ടണ്‍ ഡിസിയിലെ കെന്നഡി സെന്ററിലായിരുന്നു ഗ്രൂപ്പ് നറുക്കപ്പെടുപ്പ്. അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, കാനഡ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി, മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡിയെ ഷെയ്ന്‍ബോം തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലാണ് ഗ്രൂപ്പുകള്‍ നിശ്ചയിച്ചത്. ഇംഗ്ലണ്ടിന്റെ മുന്‍ താരം റിയോ ഫെര്‍ഡിനന്റ്, അമേരിക്കയുടെ സാമന്ത ജോണ്‍സണ്‍ തുടങ്ങിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. അടുത്തവര്‍ഷം ജൂണ്‍ 13 മുതല്‍ ജൂലായ് 19 വരെയാണ് ലോകകപ്പ് മത്സരം.
ഇനി ആറു ടീമുകള്‍കൂടി
വാഷിങ്ടണ്‍: 48 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പിന് 42 ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കി ആറു ടീമുകള്‍ പ്ലേ ഓഫിലൂടെ യോഗ്യതനേടും. യൂറോപ്പില്‍നിന്നാണ് നാലു ടീമുകള്‍. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫിലൂടെ രണ്ടു ടീമുകള്‍ക്കാണ് യോഗ്യത. ആറു ടീമുകള്‍ മത്സരിക്കുന്നു. മാര്‍ച്ച് 26-നും 31-നുമാണ് പ്ലേ ഓഫ് മത്സരങ്ങള്‍.
യൂറോപ്യന്‍ പ്ലേ ഓഫ്
എ: വെയില്‍സ്, ബോസ്നിയ, ഇറ്റലി, വടക്കന്‍ അയര്‍ലന്‍ഡ്, ബി: യുക്രൈന്‍, സ്വീഡന്‍, പോളണ്ട്, അല്‍ബേനിയ, സി: സ്ലൊവാക്യ, കൊസാവൊ, തുര്‍ക്കി, റൊമാനിയ, 1ഡി: ചെക് റിപ്പബ്ലിക്, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, നോര്‍ത്ത് മാസിഡോണിയ.
ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ്
1: ന്യൂ കാലിഡോണിയ, ജമൈക്ക, ഡിആര്‍ കോംഗൊ, 2: ബൊളീവിയ, സുരിനാം, ഇറാഖ്.
നാലു ടീമുകള്‍ക്ക് അരങ്ങേറ്റം
വാഷിങ്ടണ്‍: ഇത്തവണ നാലുടീമുകള്‍ ലോകകപ്പില്‍ അരങ്ങേറ്റംകുറിക്കും. കേപ് വെര്‍ഡെ, കുറാസൊ, ജോര്‍ദാന്‍, ഉസ്ബെക്കിസ്താന്‍ രാജ്യങ്ങളാണ് ആദ്യമായി യോഗ്യതനേടിയത്. ഒന്നരലക്ഷം ജനസംഖ്യയുള്ള കുറാസോയാണ് ലോകകപ്പ് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യം. ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ കേപ് വെര്‍ഡെയാണ് മറ്റൊരു കൊച്ചുരാജ്യം. ജനസംഖ്യ അഞ്ചുലക്ഷത്തില്‍ താഴെയാണ്.
ലോകറാങ്കിങ്ങിലെ ആദ്യ 11 സ്ഥാനക്കാരും യോഗ്യതനേടി. 12-ാം റാങ്കുകാരായ ഇറ്റലി പ്ലേ ഓഫ് കളിക്കുന്നുണ്ട്.
യുഎസ്എ, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലെ 16 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. യുഎസില്‍ ന്യൂയോര്‍ക്ക്, ഡാലസ്, കന്‍സാസ് സിറ്റി, ഹൂസ്റ്റണ്‍, അറ്റ്‌ലാന്റ, ലോസ് ആഞ്ജലിസ്, ഫിലാഡെല്‍ഫിയ, സിയാറ്റില്‍, സാന്‍ ഫ്രാന്‍സിസ്‌കോ, ബോസ്റ്റണ്‍, മയാമി എന്നിവിടങ്ങളിലായി 11 സ്റ്റേഡിയങ്ങളില്‍ ലോകകപ്പ് മത്സരം നടക്കും. കാനഡയില്‍ രണ്ടും (വാന്‍കൂവര്‍, ടൊറന്റോ) മെക്സിക്കോയില്‍ മൂന്നും (മെക്സിക്കോ സിറ്റി, മോണ്ടെറി, ഗൗതലജാറ) വേദികളുണ്ട്.
Content Highlights: FIFA World Cup 2026: Unveiling the Groups, Venues, and Exciting Tournament Format