ഷൂട്ടൗട്ടിൽ കണ്ണൂരിനെ വീഴ്ത്തി തിരുവനന്തപുരം

തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സിന് തോൽവി. പെനാൽറ്റി ഷൂട്ടൗട്ടിൽ തിരുവനന്തപുരം കൊമ്പൻസാണ് കണ്ണൂരിനെ തോൽപ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്.
മത്സരത്തിൽ ആദ്യം ഗോളടിച്ചത് തിരുവനന്തപുരമാണ്. 43-ാം മിനിറ്റിൽ മുഹമ്മദ് നിഷാമാണ് വലകുലുക്കിയത്. മധ്യനിരയിൽനിന്ന് അർജുൻ നൽകിയ പ്രതിരോധനിരയെ കീറിമുറിച്ച പാസ് കൃത്യമായി വായിച്ചെടുത്ത മുഹമ്മദ് നിഷാം, നെഞ്ചിൽ പന്ത് നിയന്ത്രിച്ച് പ്രതിരോധതാരങ്ങൾക്ക് പ്രതികരിക്കാൻ അവസരം നൽകാതെ പുറംകാലുകൊണ്ട് വലയിലേക്ക് തിരിച്ചുവിട്ടു. ആദ്യപകുതി ഈ ഗോളിന് കൊമ്പൻസ് മുന്നിട്ടുനിന്നു. രണ്ടാം പകുതിയുടെ അവസാനംവരെ തിരുവനന്തപുരം ഈ ലീഡ് നിലനിർത്തി.
എന്നാൽ, 80-ാം മിനിറ്റിൽ കണ്ണൂർ തിരിച്ചടിച്ചു. ഫ്രഡറിക്കാണ് സ്‌കോറർ. നിജോ ഗിൽബെർട്ട് നൽകിയ ക്രോസ് ഘാനക്കാരൻ ഫെഡറിക് ഗോളാക്കി മാറ്റി. നിശ്ചിതസമയത്ത് 1-1 ന് മത്സരം അവസാനിച്ചു. അതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടിൽ ആദ്യ മൂന്ന് കിക്കുകളും കണ്ണൂർ നഷ്ടപ്പെടുത്തിയപ്പോൾ കൊമ്പൻസ് മൂന്ന് കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചു.
Content Highlights: Thiruvananthapuram Kombans defeated Kannur Warriors