അനിശ്ചിതത്വം നീങ്ങി; സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി കേരളം

Photo: mathrubhumi archives
Photo: mathrubhumi archives

ബെനോലിം: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി കേരളം. ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതോടെ ആറ് ഗ്രൂപ്പുകളില്‍നിന്നായി മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരില്‍ ഉള്‍പ്പെട്ടാണ് കേരളത്തിന് ഫൈനല്‍ റൗണ്ടിന് യോഗ്യത ലഭിച്ചത്. ആറ് ഗ്രൂപ്പുകളില്‍നിന്നായി മികച്ച മൂന്ന് രണ്ടാംസ്ഥാനക്കാര്‍ക്ക് ഫൈനല്‍ റൗണ്ടിന് യോഗ്യത ലഭിക്കുമെന്നതായിരുന്നു ചട്ടം. എന്നാല്‍ ഗ്രൂപ്പ് ഘട്ടം അവസാനിച്ചതിനു പിന്നാലെ മികച്ച രണ്ടാംസ്ഥാനക്കാരുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം രൂപപ്പെട്ടു. കേരളം കളിച്ച എ ഗ്രൂപ്പില്‍ അഞ്ചുടീമുകളും ബാക്കി അഞ്ചു ഗ്രൂപ്പുകളില്‍ ആറു ടീമുകളും കളിച്ചതോടെയാണിത്.

ഗ്രൂപ്പ് എ യില്‍ ഗോവയ്ക്ക് പിന്നിലായി നാലു കളിയില്‍ മൂന്നുജയവും ഒരു തോല്‍വിയുമടക്കം ഒമ്പത് പോയന്റോടെയാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്. 12 ഗോള്‍ അടിക്കുകയും രണ്ടുഗോള്‍ വഴങ്ങുകയും ചെയ്ത കേരളത്തിന് 10 ഗോളിന്റെ വ്യത്യാസവും ഉണ്ടായിരുന്നു. എന്നാല്‍ ആറ് ടീമുകളുണ്ടായിരുന്ന ഗ്രൂപ്പുകളില്‍ രണ്ടാം സ്ഥാനത്തെത്തിയ റെയില്‍വേസ്, മിസോറം, ഉത്തര്‍പ്രദേശ് ടീമുകള്‍ക്ക് 12 പോയന്റ് ലഭിച്ചതോടെയാണ് മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരെ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം രൂപപ്പെട്ടത്. ഒടുവില്‍ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയ ടീമുകളുടെ പട്ടിക ഫെഡറേഷന്‍ തയ്യാറാക്കിയപ്പോള്‍ അതില്‍ കേരളം ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തിനൊപ്പം റെയില്‍വേസും മിസോറവും യോഗ്യതനേടി.

കഴിഞ്ഞ തവണത്തെ ജേതാക്കളായ കര്‍ണാടക, രണ്ടാംസ്ഥാനക്കാരായ മേഘാലയ, ആതിഥേയരായ അരുണാചല്‍പ്രദേശ് എന്നീ ടീമുകള്‍ക്കൊപ്പം ആറ് ഗ്രൂപ്പ് ജേതാക്കളും (ഗോവ, ഡല്‍ഹി, മണിപ്പുര്‍, അസം, സര്‍വീസസ്, മഹാരാഷ്ട്ര) ഫൈനല്‍ റൗണ്ടിലെത്തി.

Content Highlights: The uncertainty is gone Kerala qualified for Santosh Trophy final round