വീണ്ടും സൂപ്പർ സബ്ബ് മെറീനോ; ബെൽജിയത്തെ കീഴടക്കി സ്‌പെയിൻ സെമിയിൽ

#ലോകകപ്പ് ഡെസ്‌ക്
Photo: Getty Images
Photo: Getty Images

ലോസ് ആഞ്ജലിസ്: വീണ്ടുമൊരിക്കൽ കൂടി സൂപ്പർ സബ്ബായി മിക്കെൽ മെറീനോ അവതരിച്ച മത്സരത്തിൽ ബെൽജിയത്തെ കീഴടക്കി സ്‌പെയിൻ സെമിയിൽ. പ്രീക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന്റെ നെഞ്ചകം തകർത്ത ഇൻജുറി ടൈം ഗോൾ നേടിയ മെറീനോ, ബെൽജിയത്തിനെതിരെയും സ്പാനിഷ് ടീമിന്റെ ഹീറോയായി. 86-ാം മിനിറ്റിൽ കളത്തിലെത്തിയ മെറീനോ രണ്ടു മിനിറ്റിനുള്ളിൽ ടീമിന്റെ വിജയഗോൾ നേടി. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു സ്പാനിഷ് സംഘത്തിന്റെ ജയം. സെമിയിൽ ഫ്രാൻസാണ് സ്‌പെയിനിന്റെ എതിരാളികൾ. മെറീനോയെ കൂടാതെ ഫാബിയാൻ റൂയിസാണ് സ്‌പെയിനിനായി സ്‌കോർ ചെയ്തത്. ബെൽജിയത്തിനായി ഷാർല ഡി കെറ്റെലാറെ വലകുലുക്കി.

സ്പാനിഷ് ഫുട്‌ബോളിന്റെ സൗന്ദര്യം നിറഞ്ഞു നിന്ന മത്സരത്തിനാണ് ലോസ് ആഞ്ജലിസിൽ കാണികൾ സാക്ഷിയായത്. പൊസഷൻ ഫുട്‌ബോളിന്റെയും ആക്രമണ ഫുട്‌ബോളിന്റെയും സമ്മിശ്രണമായിരുന്നു സ്‌പെയിനിന്റെ കളി. ആദ്യ പകുതിയിൽ 40 മിനിറ്റുകളോളം സ്‌പെയിനിന്റെ ആധിപത്യമായിരുന്നു. സ്‌പെയിനിന്റെ മധ്യനിര സുന്ദരമായി പന്തുതട്ടിയപ്പോൾ ബെൽജിയത്തിന് തുടക്കത്തിൽ കാര്യങ്ങൾ കടുപ്പമായി. തുടക്കത്തിൽ ലമിൻ യമാൽ വലതു വിങ്ങിൽ വളരെ വൈഡായിട്ടാണ് കളിച്ചതെങ്കിൽ മത്സരം പുരോഗമിക്കുന്തോറും താരത്തിന് ബോക്‌സിലേക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചു. ഇതോടെ താരം തുടർച്ചയായി ബെൽജിയം ബോക്‌സിലേക്ക് മികച്ച നീക്കങ്ങൾ നടത്തി. റോഡ്രി പതിവുപോലെ മധ്യനിരയിൽ കളി നിയന്ത്രിച്ചു.

പിന്നാലെ 30-ാം മിനിറ്റിൽ സ്‌പെയിനിന്റെ ഗോളെത്തി. യമാലും പോറോയും ഒത്തുള്ള ഒരു ഓവർലാപ്പിങ് റണ്ണാണ് ഗോളിലെത്തിയത്. ബോക്‌സിലേക്ക് വന്ന ക്രോസിൽ നിന്നുള്ള ഡാമി ഓൽമോയുടെ ഷോട്ട് ബെൽജിയം ഗോളി തിബോ കോർട്ട്വാ രക്ഷപ്പെടുത്തി. എന്നാൽ റീബൗണ്ട് വന്ന പന്ത് ഫാബിയാൻ റൂയിസ് വലയിലെത്തിച്ചു.

ഗോൾ നേടിയ ശേഷവും സ്‌പെയിൻ മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു. എന്നാൽ 41-ാം മിനിറ്റിൽ ഷാർല ഡി കെറ്റെലാറയിലൂടെ ബെൽജിയം തിരിച്ചടിച്ചു. ഒരു സെറ്റ്പീസിനൊടുവിലായിരുന്നു ഗോൾ. ട്രൊസാർഡും കെവിൻ ഡിബ്രുയിനയും ചേർന്നുള്ള നീക്കം സ്‌പെയിൻ ഡിഫൻസിനെ ആശയക്കുഴപ്പത്തിലാക്കി. ഇതിലൂടെ തുറന്നുകിട്ടിയ അവസരത്തിൽ ഡിബ്രുയിന് നൽകിയ പന്ത് തിമോത്തി കസ്റ്റാന്യ ബോക്‌സിലേക്ക് ക്രോസ് ചെയ്തു. ബോക്‌സിലുണ്ടായിരുന്ന കെറ്റെലാറെ മികച്ചൊരു ഹെഡറിലൂടെ പന്ത് വലയിലാക്കി. 649 മിനിറ്റുകൾക്ക് ശേഷം സ്‌പെയിൻ വഴങ്ങുന്ന ഗോളായിരുന്നു ഇത്. ഈ ലോകകപ്പിൽ സ്പാനിഷ് ടീം വഴങ്ങുന്ന ആദ്യ ഗോളും. ഈ ലോകകപ്പിൽ കെറ്റെലാറെയുടെ ഗോൾനേട്ടം ഇതോടെ മൂന്നായി.

55-ാം മിനിറ്റിൽ ബെൽജിയത്തിന്റെ മികച്ചൊരു മുന്നേറ്റമെത്തി. എന്നാൽ ഡോക്കു നൽകിയ പാസ് ലക്ഷ്യത്തിലെത്തിക്കാൻ മാക്‌സിം ഡി കയ്പറിന് സാധിച്ചില്ല. പിന്നാലെ സ്‌പെയിൻ റൂയിസിനെയും അലക്‌സ് ബയേനയേയും പിൻവലിച്ച് പെഡ്രിയേയും ഫെറാൻ ടോറസിനെയും കളത്തിലിറക്കി. യമാൽ നിരന്തരം ബെൽജിയത്തിന് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരുന്നു. 61-ാം മിനിറ്റിൽ യമാലിന്റെ ഷോട്ട് ഏറെ കഷ്ടപ്പെട്ടാണ് കോർട്ട്വാ തടഞ്ഞിട്ടത്. പിന്നാലെ സ്‌പെയിനിന്റെ ആക്രമണം മുറുകി.

പിന്നീട് പൂർണമായും സ്‌പെയിനിന്റെ ആക്രമണ നിരയും ബെൽജിയത്തിന്റെ പ്രതിരോധവും തമ്മിലുള്ള മത്സരമായിരുന്നു. നിരന്തരം സ്പാനിഷ് താരങ്ങൾ ബെൽജിയം ബോക്‌സിലേക്കെത്തിയെങ്കിലും അതെല്ലാം ഫലപ്രദമായി പ്രതിരോധിക്കാൻ ബെൽജിയത്തിനായി. ഫെറാൻ ടോറസും നിക്കോ വില്യംസും പെഡ്രിയുമെല്ലാം കളത്തിലിറങ്ങിയതോടെ സ്‌പെയിൻ കരുത്താർജിച്ചു. ബോക്‌സിലേക്ക് നിരന്തരം പന്തെത്തിക്കാനായെങ്കിലും ഫിനിഷിങ് ടച്ചിന്റെ അഭാവം സ്‌പെയിനിന്റെ ആക്രമണങ്ങളിൽ നിഴലിച്ചു. ഉറച്ചുനിന്ന ബെൽജിയം പ്രതിരോധം സ്പാനിഷ് ആക്രമണങ്ങളെ ഓരോന്നോരോന്നായി പ്രതിരോധിച്ചുകൊണ്ടിരുന്നു. യമാലായിരുന്നു കൂടുതൽ അപകടകാരി.

86-ാം മിനിറ്റിൽ ഡാനി ഓൽമോയ്ക്ക് പകരം മിക്കെൽ മെറീനോ കളത്തിലെത്തി. പിന്നാലെ സ്‌പെയിനിന്റെ വിജയ ഗോളുമെത്തി. പാവു കുബാർസിയുടെ ഷോട്ട് കോർട്ട്വായ്ക്ക് പകരം വന്ന ബെൽജിയം ഗോളി സെന്നെ ലാമ്മെൻസിന് കൈപ്പിടിയിലാക്കാനായില്ല, ഈ പിഴവ് മുതലെടുത്ത് മെറീനോ പന്ത് വലയിലെത്തിച്ചു. പോർച്ചുഗലിനെതിരായ പ്രീ ക്വാർട്ടറിനു പിന്നാലെ ക്വാർട്ടറിലും മെറീനോ ടീമിന്റെ വിജയശിൽപിയായി. തിബോ കോർട്ട്വായ്ക്ക് പരിക്കേറ്റതോടെയാണ് ബെൽജിയം ലാമ്മെൻസിനെ കളത്തിലിറക്കുന്നത്. എന്നാൽ ഇത് താരം മറക്കാൻ ആഗ്രഹിക്കുന്ന മത്സരമായി.

പിന്നാലെ സമനില ഗോളിനായി ബെൽജിയം കിണഞ്ഞു ശ്രമിച്ചെങ്കിലും സ്പാനിഷ് പ്രതിരോധം ഉറച്ചുനിന്നു. ഇടയ്ക്ക് ഉനായ് സിമോണിന് സ്ഥാനം തെറ്റിയ ഒരു അവസരത്തിൽ ഐമറിക് ലപോട്ടെ സ്‌പെയിനിന്റെ രക്ഷയ്‌ക്കെത്തുകയും ചെയ്തു.

 

Content Highlights: Spain's defensive record: zero goals conceded in the tournament., Tactical clash: Spain's passing game vs. Belgium's attacking prowess., Historical context: First meeting between the two teams in ten years., Stakes: Winner advances to face France in the semi-finals.