നിയമങ്ങളിൽ ഒരു വിട്ടുവീഴ്ച്ചയും പാടില്ല-ഫൈനലിന് മുമ്പ്‌ റഫറിക്ക് മുന്നറിയിപ്പുമായി സ്പാനിഷ് പരിശീലകൻ

#ലോകകപ്പ് ഡെസ്‌ക്‌
സ്പാനിഷ് പരിശീലകന്‍ ലൂയിസ് ഡെ ലാ ഫ്യുയന്റെ | Photo: AFP
സ്പാനിഷ് പരിശീലകന്‍ ലൂയിസ് ഡെ ലാ ഫ്യുയന്റെ | Photo: AFP

ന്യൂയോർക്ക്: അർജന്റീനയും സ്‌പെയിനും തമ്മിലുള്ള ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മത്സരം നിയന്ത്രിക്കുന്ന സ്ലൊവേനിയൻ റഫറി സ്ലാവ്‌കോ വിൻസിച്ചിന് മുന്നറിയിപ്പുമായി സ്പാനിഷ് പരിശീലകൻ ലൂയിസ് ഡെ ലാ ഫ്യുയന്റെ. നിയമങ്ങളിൽ ഒരു വിട്ടുവീഴ്ച്ചയും കാണിക്കരുതെന്നും റഫറിമാരും വാറും നിയമങ്ങൾ കൃത്യമായി പാലിച്ച് മത്സരം നിയന്ത്രിക്കണമെന്നും ലൂയിസ് ഡെ ലാ ഫ്യുയന്റെ വ്യക്തമാക്കി. ഫുട്‌ബോൾ നിയമങ്ങൾ അനുവദിക്കുന്ന പരിധിക്ക് പുറത്തേക്ക് ഒരു ടീമിനെയും പോകാൻ അനുവദിക്കരുതെന്നും റഫറിയിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ ലോകകപ്പിൽ റഫറിമാരുടെയും വാർ തീരുമാനങ്ങളുടെയും പേരിൽ വലിയ ചർച്ചകൾ ഉയർന്ന സാഹചര്യത്തിലാണ് സ്പാനിഷ് പരിശീലകന്റെ പരാമർശം ചർച്ചയായത്. 'ഈ മത്സരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം റഫറിയുടെ പ്രകടനമാണ്. നിയമങ്ങൾ കർശനമായി നടപ്പാക്കണം. ആരെയും പരിധി ലംഘിക്കാൻ അനുവദിക്കരുത്. റഫറിമാരിൽ എനിക്ക് വിശ്വാസമുണ്ട്. ഞങ്ങൾ എങ്ങനെയുള്ള മത്സരം കളിക്കണമെന്നതും വ്യക്തമായി അറിയാം,' ഡെ ലാ ഫ്യുയന്റെ പറഞ്ഞു. ന്യൂയോർക്ക് ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഞായറാഴ്ച്ച അർധരാത്രിയാണ് ഫൈനൽ.

46-കാരനായ സ്ലാവ്കോ വിൻസിച്ച് തന്റെ കരിയറിലെ ഏറ്റവും വലിയ മത്സരമാണ് ഇപ്പോൾ നിയന്ത്രിക്കുന്നത്. 2022 ഖത്തർ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, അർജന്റീന-സ്‌പെയിൻ ഫൈനലിലൂടെ ലോകകപ്പിലെ ആറാമത്തെയും ഈ ടൂർണമെന്റിലെ നാലാമത്തെയും മത്സരം നിയന്ത്രിക്കും. ടോമാസ് ക്ലാൻച്‌നിക്, ആൻഡ്രാസ് കോവാസിക് എന്നിവർ അസിസ്റ്റന്റ് റഫറിമാരായും അദാം മഖദ്മെഹ് നാലാം റഫറിയായും മുഹമ്മദ് അൽഖലാഫ് റിസർവ് അസിസ്റ്റന്റ് റഫറിയായും പ്രവർത്തിക്കും.

വിൻസിച്ചിന് അർജന്റീനയുമായി പ്രത്യേക ബന്ധവുമുണ്ട്. 2022 ലോകകപ്പിൽ സൗദി അറേബ്യക്കെതിരെ അർജന്റീന 2-1ന് പരാജയപ്പെട്ട മത്സരത്തിൽ റഫറിയായിരുന്നത് അദ്ദേഹമായിരുന്നു. ആ തോൽവിയോടെ അർജന്റീനയുടെ 36 മത്സരങ്ങളിലേറെയായിരുന്ന അപരാജിത കുതിപ്പ് അവസാനിച്ചു. അതേസമയം, കോർണറിനിടെ ലിയാൻഡ്രോ പരേഡസിനെ ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് അദ്ദേഹം പെനാൽറ്റി അനുവദിക്കുകയും, അത് ലയണൽ മെസി ഗോളാക്കി മാറ്റുകയും ചെയ്തിരുന്നു.

Content Highlights: Spain coach Luis de la Fuente urges strict adherence to rules for the final., Concerns over VAR and refereeing consistency in the 2026 tournament., Slovenian referee Slavko Vincic appointed to officiate the high-stakes match., Historical context of Vincic's previous officiating in Argentina matches., Match scheduled at MetLife Stadium, New York/New Jersey.