ദക്ഷിണ കൊറിയൻ പരിശീലന ക്യാമ്പിന് മുകളിൽ അജ്ഞാത ഡ്രോൺ; വെടിവെച്ചിട്ട് മെക്സിക്കൻ സൈന്യം, ദുരൂഹത

മെക്‌സിക്കോ സിറ്റി: ലോകകപ്പ് ഗ്രൂപ്പ് എ-യിൽ മെക്‌സിക്കോയെ നേരിടാനൊരുങ്ങുന്ന ദക്ഷിണ കൊറിയൻ ടീമിന്റെ പരിശീലന ക്യാമ്പിന് മുകളിൽ അനധികൃതമായി പറന്ന ഡ്രോൺ മെക്‌സിക്കൻ സൈന്യം വെടിവെച്ചിട്ടു. ഗ്വാഡലഹാരയിലെ ദക്ഷിണ കൊറിയൻ ക്യാമ്പിനുസമീപം സംശയകരമായ രീതിയിൽ ഡ്രോൺ കണ്ടെത്തിയതിനെത്തുടർന്ന് സൈന്യത്തിന്റെ പ്രത്യേക സുരക്ഷാവിഭാഗം ഇത് നിഷ്‌ക്രിയമാക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ അനുമതിയില്ലാത്തതിനാൽ പേര് വെളിപ്പെടുത്താത്ത ഒരു ഫെഡറൽ ഉദ്യോഗസ്ഥനാണ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ ഡ്രോൺ പറത്തിയത് ആരാണെന്നോ ദക്ഷിണ കൊറിയയുടെ തന്ത്രങ്ങൾ ചോർത്താൻ വേണ്ടി ഉപയോഗിച്ചതാണെന്നോ ഉള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ലോകകപ്പിലെ ആദ്യമത്സരത്തിൽ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയേയും, ദക്ഷിണ കൊറിയ ചെക്ക് റിപ്പബ്ലിക്കിനേയും പരാജയപ്പെടുത്തിയിരുന്നു.
സംഭവത്തിൽ ദക്ഷിണ കൊറിയൻ പരിശീലകൻ ഹോങ് മ്യൂങ്-ബോ നിരാശ പ്രകടിപ്പിച്ചു. പരിശീലന സെഷൻ ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ഡ്രോൺ കണ്ടെത്തിയത്. എങ്കിലും മത്സരത്തിന് തൊട്ടുമുൻപുള്ള പ്രധാന സമയത്ത് ഇത്തരമൊരു സംഭവം ഉണ്ടായത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 6.30-നാണ് മെക്‌സിക്കോയും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരം.
Content Highlights: Mexican Military Downs Unauthorized Drone Over South Korea Camp