സെക്സ് പാർട്ടിയിൽവെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു, അന്ന് അർജന്റീന തോറ്റ കളിയിലെ റഫറി; ഇന്ന് ഫൈനലിന്

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിൽ സ്‌പെയിനും അർജന്റീനയും തമ്മിൽ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ പോരാട്ടം നിയന്ത്രിക്കാൻ സ്ലോവേനിയൻ റഫറിയായ സ്ലാവ്‌കോ വിൻസിച്ചിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഫിഫ.
ഫിഫ റഫറി കമ്മിറ്റി ചെയർമാൻ പിയർലൂജി കോളിനയാണ് ഈ പ്രഖ്യാപനം നടത്തിയത്. 46-കാരനായ വിൻസിച്ച് തന്റെ കരിയറിൽ ഇതിനോടകം 512 പ്രൊഫഷണൽ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലും യൂറോപ്പ ലീഗ് ഫൈനലും ഉൾപ്പെടെ നിയന്ത്രിച്ചിട്ടുള്ള റഫറിയാണ് ഇദ്ദേഹം.
അർജന്റീന ടീമിനും ആരാധകർക്കും സ്ലാവ്‌കോ വിൻസിച്ചിനെ കുറിച്ചുള്ളത് അത്ര ശുഭകരമായ ഓർമകളല്ല. 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ 36 മത്സരങ്ങളിലെ അപരാജിത കുതിപ്പ് അവസാനിപ്പിച്ചുകൊണ്ട് സൗദി അറേബ്യയോട് തോറ്റ മത്സരം നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു. ആ മത്സരത്തിൽ അർജന്റീനയ്ക്ക് അനുകൂലമായി അദ്ദേഹം പെനാൽറ്റി നൽകുകയും ലയണൽ മെസ്സി അത് ഗോളാക്കുകയും ചെയ്തിരുന്നു.
എന്നാൽ വിൻസിച്ചിന്റെ ജീവിതത്തിൽ മറക്കാനാകാത്ത ഒരു സംഭവം അരങ്ങേറുന്നത് 2020-ലാണ്. ബോസ്‌നിയ ആൻഡ് ഹെർസഗോവിനയിലെ ബിജെൽജിനയിൽ നടന്ന മയക്കുമരുന്ന്-പെൺവാണിഭ സംഘത്തെ പിടികൂടാനുള്ള പോലീസ് റെയ്ഡിനിടെ ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരിമരുന്ന് ഇടപാടുകളും വേശ്യാവൃത്തി ശൃംഖലയും തടയാൻ ലക്ഷ്യമിട്ടായിരുന്നു ഈ ഓപ്പറേഷൻ നടന്നത്. ഒമ്പത് സ്ത്രീകളും 26 പുരുഷന്മാരും അടങ്ങുന്ന സംഘത്തിൽ നിന്ന് തോക്കുകളും മയക്കുമരുന്നും വലിയ തുക പണവും പോലീസ് കണ്ടെടുത്തിരുന്നു. കൊക്കെയ്ൻ പാക്കറ്റുകൾ, 10 പിസ്റ്റളുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ എന്നിവ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
വിവാദങ്ങൾക്കിടയിലും മികച്ച മത്സരങ്ങൾ നിയന്ത്രിച്ച പരിചയം വിൻസിച്ചിനുണ്ട്. 2024-ലെ റയൽ മാഡ്രിഡും ബൊറൂസ്സിയ ഡോർട്ട്മുൺഡും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു. ഇത്തവണത്തെ ലോകകപ്പിലെ മെക്‌സിക്കോ - എക്വഡോർ, ബ്രസീൽ - മൊറോക്കോ, അൾജീരിയ-ജോർദാൻ മത്സരങ്ങളിലെയും റഫറി ഇദ്ദേഹമായിരുന്നു.
Content Highlights: Slavko Vincic appointed as referee for the 2026 FIFA World Cup final., Historical context of Vincic officiating Argentina's 2022 loss to Saudi Arabia., Details regarding Vincic's 2020 arrest during a police raid in Bosnia., Overview of Vincic's extensive experience in Champions League and international matches.