വിനീഷ്യസിന്റെ കുപ്പായം ചോദിച്ചു; ഇന്നത്തെ ഹീറോ അന്ന് നേരിട്ടത് ക്രൂരമായ വംശീയാധിക്ഷേപം

#ലോകകപ്പ് ഡെസ്ക്
കബ്രാൾ വിനീഷ്യസിനോട് ജേഴ്സി ആവശ്യപ്പെടുന്നു | X.com/@MadridUniversal
കബ്രാൾ വിനീഷ്യസിനോട് ജേഴ്സി ആവശ്യപ്പെടുന്നു | X.com/@MadridUniversal

മയാമി: 120 മിനിറ്റ് ലോകചാമ്പ്യന്മാരെ വിറപ്പിച്ച ശേഷമാണ് കേപ് വെർദെ ലോകകപ്പിൽ നിന്ന് മടങ്ങിയത്. അടിക്ക് തിരിച്ചടിയെന്ന മട്ടിൽ മെസ്സിപ്പടയ്ക്ക് കൃത്യമായി മറുപടി നൽകാൻ കേപ് വെർദെയ്ക്ക് കഴിഞ്ഞു. എക്സ്ട്രാടൈമിന്റെ തുടക്കത്തിൽ മുന്നിട്ടുനിന്നതോടെ ഇനി കേപ് വെർദെ തിരിച്ചുവരില്ലെന്നാണ് ഒട്ടുമിക്കവരും കരുതിയത്. എന്നാൽ ഫുട്ബോൾ ലോകത്തെ ഒന്നാകെ ഞെട്ടിച്ചാണ് സിഡ്‌നി ലോപ്പസ് കബ്രാൾ അർജന്റീനയുടെ വലകുലുക്കുന്നത്. ലോകം അവിശ്വസനീയതയോടെയാണ് ആ ഗോൾ കണ്ടുനിന്നത്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണ് അത്.

103-ാം മിനിറ്റിലെ സിഡ്‌നി ലോപ്പസ് കബ്രാളിന്റെ ഗോൾ കണ്ടവരെല്ലാം തലയിൽ കൈവെച്ചുപോകുകയായിരുന്നു. ഇടതുവിങ്ങിലൂടെ മുന്നേറിയ കബ്രാൾ ബോക്‌സിന്റെ മൂലയിൽ നിന്ന് തകർപ്പനൊരു ലോങ് റേഞ്ചറിലൂടെ വലതുളച്ചു. കഴിഞ്ഞ ലോകകപ്പിലെ ഗോൾഡൻ ഗ്ലൗ ജേതാവ് എമിലിയാനോ മാർട്ടിനെസിന് യാതൊരു അവസരവും നൽകാതെ പന്ത് വലയിൽ കയറി. ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഗോൾ നേടിയ ശേഷം കബ്രാൾ നേരേ ഓടിയത് ഗാലറിക്കടുത്തേക്കായിരുന്നു. അവിടെ തന്റെ കുടുംബത്തെ കെട്ടിപ്പിടിച്ചാണ് താരം ഗോൾ നേട്ടം ആഘോഷിച്ചത്.

കൃത്യമായി പൊസിഷനിങ് ചെയ്ത് അളന്നുമുറിച്ച് കബ്രാൾ തൊടുത്ത ഷോട്ട് അർജന്റീനിയൻ വലയിലേക്ക് അങ്ങ് കയറിപ്പോയി. അർജന്റീനയുടെ വിജയത്തിനിടയിലും കബ്രാളിന്റെ ഈ പ്രകടനം ആഗോള ഫുട്‌ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. മത്സരം തോറ്റെങ്കിലും കബ്രാളിന്റെ മാന്ത്രിക ഗോൾ ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഈ പ്രകടനത്തോടെ ലോകകപ്പിന് ശേഷം കബ്രാളിനെ സ്വന്തമാക്കാൻ നിരവധി വൻകിട ക്ലബ്ബുകൾ രംഗത്തെത്തുമെന്ന് ഉറപ്പാണ്.

2002-ൽ നെതർലൻഡ്‌സിലെ റോട്ടർഡാമിൽ ജനിച്ച സിഡ്‌നി ലോപ്പസ് കബ്രാളിന്റെ ഫുട്‌ബോൾ ജീവിതമാരംഭിക്കുന്നത് നെതർലാൻഡിലെ എഫ്സി ട്വന്റെ അക്കാദമിയിലൂടെയാണ്. തുടർന്ന് സ്വീഡിഷ് ക്ലബ്ബായ ഹെൽസിങ്‌ബോർഗിലും ജർമനിയിലെ റോട്ട്-വെയ്സ് എർഫർട്ടിലും താരം കളിച്ചു. ജർമൻ ക്ലബ്ബായ വിക്ടോറിയ കോൾണിനായി 46 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടിയിട്ടുണ്ട്. താരത്തിന്റെ മികച്ച പ്രകടനം കണ്ട് പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്ക കബ്രാളിനെ ടീമിലെടുത്തു. ഈ ലോകകപ്പിന് തൊട്ടുമുമ്പാണ് 10 മില്യൺ യൂറോയ്ക്ക് തുർക്കി ക്ലബ്ബായ ട്രാബ്‌സൺസ്‌പോർ താരത്തെ സ്വന്തമാക്കുന്നത്.

കളിക്കളത്തിലെ ചെയ്തികളുടെ പേരിൽ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ട് കബ്രാൾ. ഒട്ടേറെതവണ സാമൂഹികമാധ്യമങ്ങളിലും മറ്റും അധിക്ഷേപങ്ങളും കളിയാക്കലുകളും നേരിട്ടു. ഇക്കാര്യം കബ്രാൾ തന്നെ മുൻപ് തുറന്നുപറഞ്ഞിട്ടുണ്ട്. ബെൻഫിക്കയ്ക്കായി കളിക്കുമ്പോൾ നടന്ന ഒരു സംഭവം ഇപ്പോഴും കബ്രാളിന്റെ മനസ്സിലുണ്ട്. റയൽ മഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെയാണ് സംഭവം. വിനീഷ്യസ് ജൂനിയറും ബെൻഫിക്കയിലെ അന്നത്തെ കബ്രാളിന്റെ സഹതാരവുമായ ജിയാൻലുക്ക പ്രസ്റ്റ്യാനിയും വാഗ്വാദത്തിലേർപ്പെട്ടു. കടുത്ത വാഗ്വാദത്തിനിടെ താരം വിനീഷ്യസിനെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു. വംശീയമായി വിനീഷ്യസിനെ അധിക്ഷേപിച്ചുവെന്നുവരെ ആരോപണമുയർന്നു.

എന്നാൽ മത്സരശേഷം വിനീഷ്യസിന്റെ കുപ്പായം ആവശ്യപ്പെട്ട് കബ്രാൾ രംഗത്തെത്തിയത് വൻ വിവാദത്തിനാണ് വഴിവെച്ചത്. കബ്രാൾ പെട്ടെന്ന് ആ തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു. എന്നാൽ വിനീഷ്യസിനോട് കുപ്പായം ആവശ്യപ്പെട്ടത് വിമർശനമേറ്റുവാങ്ങി. അത് ബെൻഫിക്ക ടീമിനോടുള്ള അനാദരവായി പോലും പലരും ചൂണ്ടിക്കാട്ടി. മാത്രമല്ല, ബെൻഫിക്ക ടീമിലെ ചില താരങ്ങൾക്ക് കടുത്ത അതൃപ്തിയുമുണ്ടായി. അതോടെ ടീമംഗങ്ങളോട് താരം മാപ്പ് പറഞ്ഞു. പിന്നാലെ വൻ സൈബറാക്രമണം നേരിട്ടു. വംശീയാധിക്ഷേപം നേരിട്ടതായും ഫോൺ സ്വിച്ച് ഓഫ് ചെയ്യേണ്ടതായി വന്നുവെന്നും കേപ് വെർദെ താരം പറഞ്ഞിരുന്നു. 2026 ലും ഇത്തരം സംഭവങ്ങളുണ്ടാകുന്നത് ഞെട്ടിക്കുന്നതാണെന്നും കബ്രാൾ അടുത്തിടെ പ്രതികരിച്ചു.

Content Highlights: Sidney Lopez Cabral scored a spectacular long-range goal against Argentina in the 2026 World Cup., The goal, scored in the 103rd minute, beat goalkeeper Emiliano Martinez., Cabral's career path includes FC Twente, Benfica, and Trabzonspor., The player has faced racial abuse and cyberbullying throughout his career., Cabral expressed concern over the persistence of racism in football as of 2026.