മൊറോക്കോയെ വീഴ്ത്തി ആഫ്രിക്കൻ നേഷൻസ് കപ്പിൽ മുത്തമിട്ട് സെനഗൽ

റബാത്ത് (മൊറോക്കോ): ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോൾ കിരീടത്തിൽ മുത്തമിട്ട് സെനഗൽ. ആതിഥേയരായ മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു കിരീടനേട്ടം. റാബത്തിൽ നടന്ന മത്സരത്തിൽ ആഫ്രിക്കയിലെ കരുത്തരായ സെനഗലും മൊറോക്കോയും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചതിനെത്തുടർന്ന് കളി അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്തിന്റെ നാലാം മിനിറ്റിൽ പാപെ ഗുയെയിലൂടെയാണ് സെനഗൽ വിജയഗോൾ നേടിയത്.
ഇരു ടീമുകൾക്കും ഗോൾ നേടാനുള്ള മികച്ച അവസരങ്ങൾ ഇരുപകുതികളിലും ലഭിച്ചെങ്കിലും ആർക്കും ഗോൾ ഉയർത്താൻ സാധിച്ചിരുന്നില്ല. സ്വന്തം ആരാധകർക്കുമുന്നിൽ അരനൂറ്റാണ്ടിനുശേഷം കിരീടം വീണ്ടെടുക്കാമെന്ന മൊറോക്കോയുടെ ശ്രമം ഫലം കണ്ടില്ല. 1976-ലായിരുന്നു അവരുടെ ഏക കിരീടനേട്ടം.
മത്സരത്തിന്റെ 90 മിനിറ്റുകൾക്ക് ശേഷമുള്ള അധിക സമയം നാടകീയതകളുടേതായിരുന്നു. 90+2 മിനിറ്റിൽ സെനഗലിന്റെ സെക് നേടിയ ഗോൾ, ഹക്കിമിയെ ഫൗൾ ചെയ്തു എന്ന കാരണത്താൽ റഫറി നിഷേധിച്ചു. ഇതിന് തൊട്ടുപിന്നാലെ 90+8 മിനിറ്റിൽ മൊറോക്കോയുടെ ബ്രാഹിം ഡിയാസിനെ ഡിഔഫ് ഫൗൾ ചെയ്തതിന് മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി അനുവദിച്ചു. ഈ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് സെനഗൽ താരങ്ങൾ മൈതാനം വിട്ടു പുറത്തുപോയി. ഏകദേശം പത്ത് മിനിറ്റോളം കളി തടസ്സപ്പെട്ടു. ഒടുവിൽ നായകൻ സാദിയോ മാനെയുടെ ഇടപെടലിനെത്തുടർന്നാണ് താരങ്ങൾ വീണ്ടും കളത്തിലേക്ക് തിരിച്ചെത്തിയത്.
Content Highlights: Senegal clinches the 2021 Africa Cup of Nations title, defeating hosts Morocco in a thrilling final. Discover the match highlights and key moments.