വിനീഷ്യസ് രാവ്; സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് റയല്‍ മാഡ്രിഡ്, കിരീടം നേടുന്നത് 13-ാം തവണ

സ്പാനിഷ് സൂപ്പര്‍ കപ്പ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് താരങ്ങള്‍ കപ്പുമായി ആഘോഷിക്കുന്നു | AP
സ്പാനിഷ് സൂപ്പര്‍ കപ്പ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് താരങ്ങള്‍ കപ്പുമായി ആഘോഷിക്കുന്നു | AP

റിയാദ്: ബാഴ്‌സലോണയെ തകര്‍ത്ത് സ്പാനിഷ് സൂപ്പര്‍ കപ്പ് ചാമ്പ്യന്മാരായി റയല്‍ മാഡ്രിഡ്. എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സലോണയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് റയലിന്റെ ജയം. ഹാട്രിക് നേടിയ വിനീഷ്യസ് ജൂനിയറാണ് ഫൈനലിലെ ഹീറോ. 13-ാം തവണയാണ് റയല്‍ സ്പാനിഷ് സൂപ്പര്‍ കപ്പ് നേടുന്നത്. 14 തവണ സൂപ്പര്‍ കപ്പ് കിരീടം നേടിയ ബാഴ്‌സയ്ക്ക് അടുത്തെത്താനും റയലിനായി. 

കളി തുടങ്ങി ആദ്യ പത്തുമിനിറ്റിനുള്ളില്‍ത്തന്നെ രണ്ട് ഗോള്‍ നേടി വിനീഷ്യസ് കളം നിറഞ്ഞു. ഏഴാം മിനിറ്റിലും പത്താം മിനിറ്റിലുമാണ് വിനീഷ്യസ് സ്‌കോര്‍ ചെയ്തത്. ഇത് ബാഴ്‌സയെ വലിയതോതില്‍ സമ്മര്‍ദത്തിലാക്കി. 32-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി വക മറുപടി ഗോള്‍ എത്തിയതോടെ ബാഴ്‌സയ്ക്ക് നേരിയ ആശ്വാസമായി. 

എന്നാല്‍ അഞ്ച് മിനിറ്റിന്റെ ആയുസ്സേ ആ ആശ്വാസത്തിനുണ്ടായിരുന്നുള്ളൂ. 37-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ വിനീഷ്യസ്‌ തന്റെ മൂന്നാം ഗോള്‍ നേടി. ഇതോടെ ബാഴ്‌സ വീണ്ടും രണ്ട് ഗോളിന് പിന്നിലായി (1-3). രണ്ടാംപകുതിയിലെ 63-ാം മിനിറ്റില്‍ റയലിനായി റോഡ്രിഗോ കൂടി ഗോള്‍ നേടിയതോടെ ബാഴ്‌സയുടെ പതനം പൂര്‍ണമായി.

Content Highlights: real madrid spanish super cup champions defeated barcelona