ജംഷേദ്പുരിനെ കീഴടക്കി; എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടി മുംബൈ സിറ്റി

മഞ്ചേരി: ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ചാമ്പ്യന്‍സ് (എ.എഫ്.സി.) ലീഗിന് യോഗ്യത നേടി മുംബൈ സിറ്റി എഫ്സി. പ്ലേ ഓഫ് മത്സരത്തില്‍ ജംഷേദ്പുരിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് മുംബൈ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിന് യോഗ്യ നേടിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് മുംബൈ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുന്നത്.
ഐ.എസ്.എല്ലിലെ കഴിഞ്ഞ സീസണിലേയും ഈ സീസണിലേയും ഷീല്‍ഡ് വിന്നേഴ്സാണ് എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫില്‍ ഏറ്റുമുട്ടിയത്. അഹമ്മദ് ജാഹു, ആല്‍ബര്‍ട്ടോ നൊഗ്വേര, വിക്രം പ്രതാപ് സിങ് എന്നിവര്‍ മുംബൈക്കായി വലകുലുക്കിയപ്പോള്‍ ക്യാപ്റ്റന്‍ എലി സാബിയയുടെ വകയായിരുന്നു ജംഷേദ്പുരിന്റെ ആശ്വാസ ഗോള്‍.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മുംബൈ താരം പെരേര ഡിയാസിന്റെ ഗോളെന്നുറച്ച ഷോട്ട് ജംഷേദ്പുര്‍ ഗോള്‍കീപ്പര്‍ ടി.പി രഹനേഷ് അവിശ്വസനീയമായി കൈയലൊതുക്കി. പിന്നാലെ 52-ാം മിനിറ്റില്‍ ചാങ്തെയെ റിക്കി ബോക്സില്‍ വീഴ്ത്തിയതിന് റഫറി മുംബൈക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത അഹമ്മദ് ജാഹു അനായാസം പന്ത് വലയിലെത്തിച്ചു.
പിന്നാലെ 70-ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ നൊഗ്വേരയിലൂടെ മുംബൈ ലീഡുയര്‍ത്തി. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ജംഷേദ്പുര്‍ പ്രതിരോധം വരുത്തിയ പിഴവില്‍ നിന്ന് പന്ത് പിടിച്ചെടുത്ത നൊഗ്വേര അവസരം മുതലെടുത്ത് സ്കോര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ 80-ാം മിനിറ്റില്‍ എലി സാബിയ ജംഷേദ്പുരിനായി ഗോള്‍ മടക്കി. ഇമാനുവല്‍ തോമസ് എടുത്ത കോര്‍ണറില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു സാബിയയുടെ ഗോള്‍. പിന്നീട് സമനില ഗോളിനായി ജംഷേദ്പുര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഇഞ്ചുറി ടൈമില്‍ ഇന്ത്യന്‍താരം വിക്രം പ്രതാപ് സിങ് ലോങ് റേഞ്ചറിലൂടെ മുംബൈ വിജയമുറപ്പാക്കി.
Content Highlights: Mumbai City Beat Jamshedpur FC Make Successive AFC Champions League qualification