ഷഹബാസിന്റെ സ്വപ്നങ്ങൾക്ക് ചിറകേകാൻ ഇനി 'യുവന്റസി'ന്റെ കൈത്താങ്ങ്

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

ആലുവ: കാൽപ്പന്തിൽ മാസ്മരിക വിസ്മയം തീർത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായ ആലുവക്കാരൻ കൊച്ചുമിടുക്കൻ മുഹമ്മദ് ഷഹബാസിന്റെ ഫുട്ബോൾ മോഹങ്ങൾ ഇനി സ്വന്തം നാട്ടിൽ തന്നെ പച്ചപ്പണിയും. ഷഹബാസിന് ലാതുവാ സ്പോർട്സ് ഫൗണ്ടേഷനും, ഇറ്റാലിയൻ ഫുട്‌ബോൾ ക്ലബ് ആയ യുവന്റസിന്റെ അക്കാദമിയും ചേർന്ന് ഫുട്‌ബോൾ ഡെവലപ്പമെന്റ് സ്‌കോളർഷിപ്പ് നൽകി. ഇതുപ്രകാരം ഷഹബാസിന് പ്രൊഫഷണൽ ഫുട്‌ബോൾ പരിശീലനം പൂർണ്ണമായും സൗജന്യമായി ലഭിക്കുമെന്ന് ലാതുവ ഫൗണ്ടേഷൻ അധികൃതരായ വി.കെ അഷറഫ്, സൂര്യ ഗഫൂർ, അർജുൻ ബാലകൃഷ്ണൻ എന്നിവർ ഉറപ്പുനൽകി.

ഷഹബാസിന്റെ കാൽപ്പെരുക്കത്തിന്റെ പെരുമ ആദ്യം കണ്ടെത്തിയ ആലുവ ദാറുസ്സലാം സ്‌കൂളിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പിയും യുവന്റസ് അക്കാദമി മാനേജിംഗ് ഡയറക്ടർ സുഹൈൽ ഗഫൂറും ചേർന്ന് ഷഹബാസിന് സ്‌കോളർഷിപ്പ് കൈമാറി. ചടങ്ങിൽ യുവന്റസ് അക്കാദമി കേരള സിഒഒ ഷാരോൻ ജോ തോമസ് സന്നിഹിതനായിരുന്നു.

പഞ്ചാബിലെ മിനർവ്വ ഫുട്ബോൾ അക്കാദമിയിലേക്ക് ക്ഷണിച്ചുകൊണ്ട് രഞ്ജിത്ത് ബജാജിന്റെ ഫോൺകോൾ ഷബബാസിനെ തേടിയെത്തിയിരുന്നു. എന്നാൽ പരിശീലന കളരിയായി കേരളത്തിൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ യുവന്റസ് അക്കാദമിയെയാണ് ഷഹബാസും കുടുംബവും തെരഞ്ഞെടുത്തത്.

ആലുവ ചക്കാലക്കൽ ദാറുസ്സലാം എൽ.പി. സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഷഹബാസ്. ക്ലോസ് ബോൾ കൺട്രോളിലൂടെയും, ടൈറ്റ് സ്പേസ് ഡ്രിബ്ലിംഗിലൂടെയുമുള്ള ഷഹബാസിന്റെ വിസ്മയങ്ങൾ ഇന്ന് കാൽപ്പന്ത് ലോകത്തെ ചർച്ചയാണ്.

Content Highlights: Aluva kid Mohammed Shahabaz receives a free professional football development scholarship., Scholarship awarded by Latuwa Sports Foundation and Juventus Academy., Handed over by Hibi Eden MP and Juventus Academy MD Suheil Gafoor., Shahabaz chose the Kerala-based Juventus Academy over Punjab's Minerva Football Academy., Known for his close ball control and tight-space dribbling skills on social media.