അതൊരു ഗോളാഘോഷം മാത്രമാണ്, ആരാധകർക്കുവേണ്ടി ചെയ്തത്; 'ഗൺ സെലിബ്രേഷൻ' വിവാദത്തിൽ ഇറാൻ താരം

മുഹമ്മദ് മൊഹെബിയുടെ ഗോളാഘോഷം | Photo: AP
മുഹമ്മദ് മൊഹെബിയുടെ ഗോളാഘോഷം | Photo: AP

ലോസ് ആഞ്ചലീസ്: ഗ്രൗണ്ടിലെ കളിയാവേശത്തിനപ്പുറം ഗാലറിയിൽ രാഷ്ട്രീയം ഇരമ്പിയൊഴുകിയ വേദി കൂടിയായിരുന്നു ഇറാനും ന്യൂസീലൻഡും തമ്മിലുള്ള ലോകകപ്പ് പോരാട്ടം. 70,000-ത്തിൽ കൂടുതൽ കാണികളെത്തിയ ഗാലറിയിൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലവും ആർപ്പുവിളികളിൽ നിറഞ്ഞുനിന്നു. ഇറാന്റെ ദേശീയ ഗാനം പാടിയപ്പോൾ ഒരുകൂട്ടം ആളുകൾ കൂവി വിളിച്ചപ്പോൾ മറ്റൊരു കൂട്ടം കൈയടിയോടെ പ്രതിരോധിച്ചു. യുദ്ധത്തിനിടെ ഇറാനിലെ മിനാബ് ഗേൾസ് സ്‌കൂളിലെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 168 കുട്ടികളുടെ സ്മരണയ്ക്കായി സ്റ്റേഡിയത്തിൽ കാണികൾ ഉയർത്തിയ ബാനറും ചർച്ചയായി.

ഇതിന് പിന്നാലെ ഇറാന്റെ സമനില ഗോൾ നേടിയ മുഹമ്മദ് മൊഹെബിയുടെ ആഘോഷവും ഫുട്‌ബോൾ ലോകത്ത് ചർച്ചയാകുകയാണ്. 64-ാം മിനിറ്റിലാണ് ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെ മൊഹെബി ഇറാന് സമനില സമ്മാനിച്ചത്. തുടർന്ന് ഗാലറിക്ക് അരികിലേക്ക് ഓടിയെത്തിയ മൊഹെബി 'ഗൺ ഫയറിങ്' പോലെ ആംഗ്യം കാണിക്കുകയായിരുന്നു. 27-കാരനായ മിഡ്ഫീൽഡർ തന്റെ കൈയിലേക്ക് രണ്ട് വിരലുകൾ ചൂണ്ടിക്കാണിക്കുകയും തുടർന്ന് വലത് കൈയിലെ രണ്ട് വിരുലകൾ ആകാശത്തേക്ക് ഉയർത്തി ചലിപ്പിക്കുകയുമായിരുന്നു.

ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വേഗത്തിൽ പ്രചരിച്ചു. ഫിഫ ഇക്കാര്യം പരിശോധിക്കണമെന്നും ഇത്തരമൊരു ആഘോഷം അനുവദിക്കാൻ പാടില്ലായിരുന്നുവെന്നും ചിലർ കുറിച്ചു. എല്ലാവരും സമാധാനം ആഗ്രഹിക്കുമ്പോൾ ആക്രമത്തിന്റെ പാത തിരഞ്ഞെടുക്കരുതെന്നും ഒട്ടേറെപ്പേർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ പ്രതികരണവുമായി മൊഹെബി രംഗത്തെത്തി. അതൊരു ആഘോഷം മാത്രമായിരുന്നെന്നും അതിന് രാഷ്ട്രീയ മാനങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ലോസ് ആഞ്ചലീസിലെ എല്ലാ ഇറാൻ സ്വദേശികളോടും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. അവർ ഞങ്ങൾക്ക് മികച്ച പിന്തുണയാണ് നൽകിയത്. ആരാധകർക്ക് വേണ്ടിയായിരുന്നു ആ ഗോൾ സെലിബ്രേഷൻ. അതൊരു ആഘോഷം മാത്രമായിരുന്നു.' മൊഹെബി വ്യക്തമാക്കി.

ഇറാന്റെ ആദ്യ ഗോൾ നേടിയ റാമിൻ റെസയാനും തന്റെ ഗോളാഘോഷത്തെ കുറിച്ച് മത്സരശേഷം പ്രതികരിച്ചു. ആരാധകരുടെ അടുത്തേക്ക് ഓടുന്നതിനിടയിൽ റെസയാൻ മുഖം ജെഴ്‌സി കൊണ്ട് മറച്ചിരുന്നു. അതിൽ രാഷ്ട്രീയമുണ്ടായിരുന്നെന്ന് പറഞ്ഞ റെസയാൻ വിശദീകരിക്കാൻ തയ്യാറായില്ല. 'ആ ഗോളാഘോഷം രാഷ്ട്രീയപരമായ ഒന്നായിരുന്നു. അതിനെ കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഫുട്‌ബോളിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകാനാണ് ഞങ്ങൾ ഇവിടെ വന്നത്. ഞങ്ങൾക്കിടയിൽ, ഇറാനുകാർക്കിടയിൽ, എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് ഞങ്ങൾക്കിടയിൽ മാത്രമുള്ള കാര്യമാണ്.'-അദ്ദേഹം വ്യക്തമാക്കി.

Content Highlights: Mohammad Mohebbi's 64th-minute goal celebration sparked political debate., The gesture was interpreted by many as a gun sign during the World Cup opener., Mohebi clarified the action was a tribute to Iranian fans in Los Angeles., Teammate Ramin Rezaeian hinted at political undertones in his own celebration.