തർക്കത്തിനിടെ വായ പൊത്തിപ്പിടിച്ച് സംസാരിച്ചു; പരഗ്വായ് താരത്തിന് ചുവപ്പ് കാർഡ് | VIDEO

വാഷിങ്ടൺ: തർക്കത്തിനിടെ വായ പൊത്തിപ്പിടിച്ച് സംസാരിച്ചതിന് പരഗ്വായ് താരം മിഗ്വേൽ അൽമിറോണ് ചുവപ്പ് കാർഡ്. തുർക്കിക്കെതിരായ മത്സരത്തിലെ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് സംഭവം. ഫിഫയുടെ പുതിയ ചട്ടപ്രകാരമാണ് നടപടി. ഈ നിയമപ്രകാരം പുറത്താവുന്ന ആദ്യ താരമാണ് അൽമിറോൺ. മത്സരത്തിൽ 65-ാം സെക്കൻഡിൽ നേടിയ ഗോളിന് പരഗ്വായ് തുർക്കിയെ പരാജയപ്പെടുത്തി.
ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ നാടകീയമായ രംഗങ്ങൾക്കാണ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. കളിക്കളത്തിൽ ഇരുടീമിലെയും കളിക്കാർ തമ്മിൽ തർക്കമുടലെടുക്കുകയായിരുന്നു. അതോടെ ടീമംഗങ്ങൾ ചേരിതിരിഞ്ഞ് വാഗ്വാദത്തിലേർപ്പെട്ടു. അതിനിടെ പരഗ്വായ് താരം മിഗ്വൽ അൽമിറോൺ തുർക്കിയുടെ മെർട് മുൾഡറിനടുത്തു വന്ന് വായ പൊത്തിപ്പിടിച്ച് സംസാരിച്ചു. ഉടൻ തന്നെ തുർക്കി താരം ഇത് റഫറിയെ അറിയിച്ചു. പിന്നാലെ റഫറി ഇക്കാര്യം വിശദമായി പരിശോധിച്ചു. വാർ പരിശോധനയിൽ അൽമിറോൺ വായ പൊത്തിപ്പിടിച്ചാണ് സംസാരിച്ചതെന്ന് വ്യക്തമാകുകയും ചെയ്തു. അതോടെ റഫറി ഒന്നും ആലോചിച്ചില്ല. ചുവപ്പ് കാർഡ് നൽകി താരത്തെ പുറത്താക്കി.
എതിർടീമിലെ താരങ്ങളുമായി തർക്കത്തിലേർപ്പെടുമ്പോഴോ മറ്റോ വായ പൊത്തിപ്പിടിച്ച് സംസാരിച്ചാൽ ചുവപ്പ് കാർഡ് നൽകുമെന്ന് ഫിഫ നേരത്തേ കളിക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ടൂർണമെന്റിന് മുൻപാണ് ഫിഫ ഈ പുതിയ നിർദേശം നൽകിയത്. വായ പൊത്തിപ്പിടിച്ച് സംസാരിച്ചതായി ദൃശ്യങ്ങളിൽ വ്യക്തമായതോടെ റഫറി ചുവപ്പ് കാണിച്ചു. ഇത്തരത്തിൽ പുറത്താവുന്ന ആദ്യ താരമായി അൽമിറോൺ മാറി. ഇതോടെ പരഗ്വായ് പത്തുപേരായി ചുരുങ്ങി. ലോകകപ്പിലെ ഏഴാമത്തെ ചുവപ്പുകാർഡാണിത്.
എന്നാൽ രണ്ടാംപകുതിയിൽ പത്തുപേരുമായി പ്രതിരോധക്കോട്ട കെട്ടിയ പരഗ്വായ് തുർക്കിയുടെ സമനിലയ്ക്കായുള്ള എല്ലാ ശ്രമങ്ങളേയും കഠിനമായി ചെറുത്തുനിൽക്കുന്നതാണ് കണ്ടത്. എങ്കിലും പരഗ്വായ് ഗോൾമുഖം തുർക്കി നിരന്തരമായി വിറപ്പിച്ചുകൊണ്ടിരുന്നു. അർദ ഗുലറുടെ ഫ്രീകിക്കുകളും കെനാൻ യിൽദിസിന്റെ വിങ്ങിലൂടെയുള്ള മുന്നേറ്റങ്ങളും പരഗ്വായ്യെ ഞെട്ടിച്ചു. മുൽദൂർ തൊടുത്ത ഒരു മികച്ച ഹെഡ്ഡർ ക്രോസ് ബാറിലും പോസ്റ്റിലും ഇടിച്ച് തെറിച്ചതും പകരക്കാരനായി വന്ന ഗുലിന്റെ ഹെഡ്ഡർ ഗോളി കൈപ്പിടിയിലൊതുക്കിയതും തുർക്കിയെ സംബന്ധിച്ച നിർഭാഗ്യങ്ങളായി. ഇതിനിടെ തുർക്കി പരിശീലകൻ വിൻസെൻസോ മോണ്ടെല്ല റഫറിയോട് തർക്കിച്ചതിന് മഞ്ഞക്കാർഡ് വാങ്ങി.
കളിയുടെ അവസാന ഘട്ടത്തിലും കനത്ത പോരാട്ടമാണ് നടന്നത്. തുർക്കി നിരയിൽ പകരക്കാരനായി കളത്തിലിറങ്ങിയ ഉടൻതന്നെ എറെൻ എൽമാലിക്ക് മഞ്ഞക്കാർഡ് ലഭിച്ചു. അവസാന മിനിറ്റുകളിലും ഇൻജുറി ടൈമിലും എണ്ണമറ്റ അവസരങ്ങളാണ് തുർക്കിക്ക് ലഭിച്ചിരുന്നതെങ്കിലും ഒന്നും വലയിലെത്തിയില്ല.
Content Highlights: Miguel Almiron received a red card for covering his mouth while speaking., First instance of a player being sent off under the new FIFA disciplinary regulation., Paraguay secured a 1-0 victory over Turkey despite being down to ten men., The incident was confirmed via VAR review during the match.