കിരീട വരള്‍ച്ചയ്ക്ക് വിരാമമിടാന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്; കാരബാവോ കപ്പ് ഫൈനല്‍ ഇന്ന്

Photo: AFP
Photo: AFP

ലണ്ടന്‍: കാരബാവോ കപ്പ് (ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗ് കപ്പ്) ഫൈനലില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഞായറാഴ്ച ന്യൂകാസില്‍ യുണൈറ്റഡിനെ നേരിടും. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് ഫൈനല്‍.

2016-17 സീസണിനുശേഷം കപ്പുകളൊന്നും നേടിയിട്ടില്ലാത്ത യുണൈറ്റഡിന് കിരീട വരള്‍ച്ച അവസാനിപ്പിക്കാനുള്ള സുവര്‍ണാവസരമാണിത്. ആ സീസണില്‍ യൂറോപ്പ ലീഗ് കിരീടം നേടിയ ശേഷം പിന്നീട് യുണൈറ്റഡിന് മറ്റൊരു കിരീടനേട്ടം അവകാശപ്പെടാനില്ല. കോച്ച് എറിക് ടെന്‍ ഹാഗിന് കീഴില്‍ ഉയിര്‍ത്തെഴുന്നേറ്റ ടീം ലക്ഷ്യമിടുന്നത് ആറുവര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് അറുതിവരുത്തുക എന്നത് തന്നെയാണ്. ജയിച്ചാല്‍ ആറാം ലീഗ് കപ്പ് കിരീടം യുണൈറ്റഡിന് സ്വന്തമാകും.

ക്ലബ്ബ് ഉടമകള്‍ മാറിയശേഷം മികച്ചരീതിയില്‍ കളിക്കുന്ന ന്യൂകാസിലിന് കിരീടം ലഭിച്ചാല്‍ അത് ചരിത്രനേട്ടമാകും. ഇതുവരെ ലീഗ് കപ്പില്‍ മുത്തമിടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. 1975-76ല്‍ റണ്ണറപ്പായതാണ് വലിയ നേട്ടം. സെമിയില്‍ സതാംപ്ടണിനെ കീഴടക്കിയാണ് ന്യൂകാസില്‍ ഫൈനലില്‍ കടന്നത്. സമീപകാലത്തൊന്നും അവര്‍ക്ക് പ്രധാന കിരീടങ്ങളൊന്നും നേടാനായിട്ടില്ല.

Content Highlights: Manchester United vs Newcastle United Carabao Cup Final today