1500 കോടി രൂപയുടെ കരാർ; റെക്കോർഡ് തുകയ്ക്ക് എൻസോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ സിറ്റിയിൽ

മാഞ്ചെസ്റ്റർ: ചെൽസിയിൽ നിന്നും അർജന്റീനിയൻ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിനെ ചൊവ്വാഴ്ച മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ബ്രിട്ടീഷ് ട്രാൻസ്ഫർ റെക്കോർഡിനൊപ്പം എത്തുന്ന 125 ദശലക്ഷം പൗണ്ടിന്റെ (1,586.17 കോടി രൂപ) വമ്പൻ കരാറിലാണ് സിറ്റി എൻസോയെ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം സ്വീഡിഷ് താരം അലക്സാണ്ടർ ഇസാക്കിനെ സ്വന്തമാക്കാൻ ലിവർപൂൾ, ന്യൂകാസിലിന് നൽകിയ റെക്കോഡ് തുകയ്ക്ക് തുല്യമാണിത്.
പെപ് ഗ്വാർഡിയോളയ്ക്ക് പകരക്കാരനായി മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായി ചുമതലയേറ്റ എൻസോ മരെസ്ക മുമ്പ് ചെൽസിയിൽ വെച്ച് ഫെർണാണ്ടസിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ സൂപ്പർ താരം റോഡ്രി ബാഴ്സലോണയിലേക്ക് മാറിയതും, മിഡ്ഫീൽഡർമാരായ ബെർണാഡോ സിൽവ, നിക്കോ ഗോൺസാലസ്, ടിയാനി റെയ്ൻഡേഴ്സ് എന്നിവർ ക്ലബ്ബ് വിട്ടതുമാണ് എൻസോയെ ടീമിലെത്തിക്കാൻ മരെസ്കയെ പ്രേരിപ്പിച്ചത്.
25-കാരനായ എൻസോ ഫെർണാണ്ടസ്, ഇംഗ്ലീഷ് താരം എലിയറ്റ് ആൻഡേഴ്സൺ, മൊറോക്കൻ താരം അയ്യൂബ് ബുവാഡി എന്നിവർക്കൊപ്പം ഇനി സിറ്റിയുടെ മധ്യനിരയിലുണ്ടാകും. ഏകദേശം 3,851 കോടി രൂപയിലധികമാണ് സിറ്റി തങ്ങളുടെ പുതിയ മധ്യനിരക്കായി ചെലവഴിച്ചിരിക്കുന്നത്.
ചെൽസിയിൽ കളിക്കുന്ന കാലത്ത് യുഇഎഫ്എ കോൺഫറൻസ് ലീഗും ക്ലബ് വേൾഡ് കപ്പും സ്വന്തമാക്കാൻ എൻസോയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ക്ലബ്ബ് വിടാനുള്ള അദ്ദേഹത്തിന്റെ താത്പര്യം ചെൽസി ആരാധകരുമായിട്ടുള്ള ബന്ധം മോശമാക്കി. ട്രാൻസ്ഫർ ചർച്ചകൾക്കിടയിൽ ചെൽസി മാനേജർ സാബി അലോൺസോ അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് എൻസോയെ ഒഴിവാക്കുകയും ചെയ്തിരുന്നു.
മുൻപ് 2023-ൽ ബെൻഫിക്കയിൽ നിന്ന് 1,369 കോടി രൂപയ്ക്കാണ് എൻസോ ചെൽസിയിലെത്തിയത്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിൽ ചേരാൻ താത്പര്യം കാണിച്ചതിനെ തുടർന്ന് ക്ലബ്ബ് രണ്ട് മത്സരങ്ങളിൽ നിന്ന് താരത്തെ വിലക്കിയിരുന്നു.
Content Highlights: Enzo Fernandez signed by Manchester City from Chelsea for a record £125 million (approx 1,500 crore INR)., Reunites with manager Enzo Maresca following significant midfield departures like Rodri and Bernardo Silva., Becomes a key part of City's newly revamped midfield alongside Elliot Anderson and Ayoub Bouaddi.