മാളവിക ഹേമന്ത്; ബുണ്ടസ് ലിഗയിലെ മലയാളി മികവ്

കൊച്ചി: ജർമൻ ഫുട്ബോൾ താരമായിരുന്ന മാർസൽ ഷ്മെൽസർ, ബൊറൂസിയ ഡോർട്മുണ്ട് നായകനായിരുന്ന മുസ്തഫ അമിനി..., കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ഈ പേരുകൾക്കൊപ്പം ഒരു മലയാളി പെൺകുട്ടിയുടെ പേരുമുണ്ടായിരുന്നു, മാളവിക ഹേമന്ത്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ലീഗുകളിലൊന്നായ ജർമൻ ബുണ്ടസ് ലിഗ സംഘടിപ്പിച്ച ഫുട്ബോൾ വികസന പരിപാടിയിൽ ഈ താരങ്ങൾക്കൊപ്പം മാളവികയെയും അണിനിരത്താൻ ഒരു കാരണമേയുണ്ടായിരുന്നുള്ളൂ, അവളുടെ പ്രൊഫഷണൽ മേൽവിലാസം. ബുണ്ടസ് ലിഗ ഇന്റർനാഷണലിന്റെ ഏഷ്യ - പസഫിക് മേഖലാ മാർക്കറ്റിങ് ആൻഡ് ഓപ്പറേഷൻസ് അസോസിയേറ്റ് മാനേജരാണ് മാളവിക. മലയാളി പെൺകുട്ടികളോട് മാളവിക പറയുന്നത് ഒന്നുമാത്രം, ''ഫുട്ബോളിൽ നിങ്ങളെ കാത്തിരിക്കുന്നത് സ്വപ്നതുല്യമായ പ്രൊഫഷണൽ അവസരങ്ങളാണ്.''
കണ്ണൂർ സ്വദേശി ഹേമന്ത് നാരായണന്റെയും രശ്മിയുടെയും മകളായ മാളവിക ഫുട്ബോളിന്റെ ലോകോത്തരമായൊരു പ്രൊഫഷണൽ രംഗത്തേക്ക് എത്തിയത് കളിയോടുള്ള അടങ്ങാത്ത അഭിനിവേശവും കഠിനാധ്വാനവും കൊണ്ടാണ്. അച്ഛന് ജോലി സിങ്കപ്പൂരിലായ സമയത്ത് അവിടെ ജനിച്ച മാളവിക സ്കൂൾവിദ്യാഭ്യാസം നടത്തിയത് ഇൻഡൊനീഷ്യയിലാണ്. അവിടെ ആൺകുട്ടികൾക്കൊപ്പമാണ് ഫുട്ബോൾ കളിക്കാൻ തുടങ്ങിയത്. പഠനശേഷം സിങ്കപ്പൂരിൽ ജോലികിട്ടി ഏരിയൽ എഫ്.സി. വനിതാ ടീമിൽ കളിച്ച മാളവികയ്ക്ക് പരിക്ക് വില്ലനായപ്പോഴാണ് കളം വിടേണ്ടിവന്നത്.
ജർമനിയിലെ പ്രശസ്തമായ ഫ്രാങ്ക്ഫുർട് സ്കൂൾ ഓഫ് ഫിനാൻസ് ആൻഡ് മാനേജ്മെന്റിൽ എം.ബി.എ. പഠിക്കാനെത്തിയതോടെയാണ് മാളവികയുടെ ഫുട്ബോൾജാതകം മാറുന്നത്. ആ സമയത്തൊക്കെ ഒരുപാട് സ്പോർട്സ് പരിപാടികളിൽ വൊളന്റിയറായി പ്രവർത്തിച്ച മാളവിക എംബസിയിൽ ബുണ്ടസ് ലിഗയുടെ ഒരു പ്രതിനിധിയെ കണ്ടുമുട്ടി.
പിന്നീട് ബുണ്ടസ് ലിഗയിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം കിട്ടിയ മാളവികയ്ക്ക് ഒടുവിൽ അവിടെ ജോലിയും കിട്ടി. മാർക്കറ്റിങ് പ്രവർത്തനങ്ങളിലും ബ്രോഡ്കാസ്റ്റർമാരുമായുള്ള ഏകോപനങ്ങളിലും അപാരമായ മികവ് കാണിച്ച മാളവികയെ അതുതന്നെയാണ് ഇപ്പോൾ ബുണ്ടസ് ലിഗ ഇന്റർനാഷണലിന്റെ ഏഷ്യ - പസഫിക് മേഖലാ മാർക്കറ്റിങ് ആൻഡ് ഓപ്പറേഷൻസ് അസോസിയേറ്റ് മാനേജരെന്ന സ്വപ്നനേട്ടത്തിലെത്തിച്ചത്.
ഇന്ത്യയിലെ ഫുട്ബോൾ ആരാധകരിലേക്ക് ബുണ്ടസ് ലിഗയെ കൂടുതൽ എത്തിക്കുന്നതിനുള്ള മാർക്കറ്റിങ് പ്രവർത്തനങ്ങളിലാണ് മാളവിക.
കഴിഞ്ഞ ദിവസം കൊച്ചിയിലെ സിനിമാതിയേറ്ററിൽ ബുണ്ടസ് ലിഗ മത്സരം സംപ്രേഷണം ചെയ്തത് ഉൾപ്പെടെ ഒട്ടേറെ പരീക്ഷണങ്ങളാണ് മാളവികയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
ബുണ്ടസ് ലിഗയിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളെ കളിപ്പിക്കാൻ കഴിയുന്ന കാലം സ്വപ്നം കണ്ടുള്ള പ്രോഗ്രാമുകളും ഇതിനിടയിലുണ്ട്.
Content Highlights: Malavika Hemant serves as the Associate Manager for Marketing and Operations at Bundesliga International (Asia-Pacific)., Overcame a career-ending football injury to pursue sports management through an MBA in Germany., Spearheading innovative fan-engagement initiatives for Bundesliga in India, including live screenings in Kochi., Inspires young Indian women to explore dream professional careers in the global football industry.