ഇൻഫാന്റിനോ രാജിവെക്കണമെന്ന് ഫിഗോ; ബ്ലാക്ക് മെയിൽ ആരോപണവുമായി ജോർദാൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ്

#സ്പോർട്സ് ഡെസ്ക്
ഫിഫ പ്രസിഡന്റ്  ജിയാന്നി ഇന്‍ഫന്റിനോ | Photo: AFP
ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫന്റിനോ | Photo: AFP

സൂറിച്ച്: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കെതിരേ രൂക്ഷവിമർശനവുമായി പോർച്ചുഗൽ ഇതിഹാസവും ബാലൺ ദ്യോർ ജേതാവുമായ ലൂയി ഫിഗോ. വിവിധ കോൺഫെഡറേഷനുകളുടെ എതിർപ്പുകൾക്കിടെ മുൻതാരത്തിന്റെ പരസ്യമായ വിമർശനവും ഫിഫയിലെ പ്രധാനികൾ എതിർപക്ഷത്തേക്ക് മാറിയതും പ്രതിസന്ധി രൂക്ഷമാക്കി. ഇതിനിടെ, പ്രസിഡന്റ് സ്ഥാനം സംരക്ഷിക്കാനുള്ള ഇൻഫാന്റിനോയുടെ നീക്കത്തിന്റെ ഭാഗമായി ഉന്നതോദ്യോഗസ്ഥരുടെ യോഗംചേരുകയും ചെയ്തു.

ഫിഫയിലേക്ക് സ്വകാര്യനിക്ഷേപം കൊണ്ടുവരാനുള്ള ഇൻഫാന്റിനോയുടെ നീക്കത്തെ ആർത്തിപൂണ്ടതും സ്വാർഥതയും കള്ളവും നിറഞ്ഞതുമെന്നാണ് ഫിഗോ വിശേഷിപ്പിച്ചത്. പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നും പോർച്ചുഗൽ മുൻ ക്യാപ്റ്റൻ ആവശ്യപ്പെട്ടു. വിഷയത്തിൽ അറിയപ്പെടുന്ന മുൻതാരം പരസ്യവിമർശനവുമായി രംഗത്തുവരുന്നത് ആദ്യമാണ്. ഫിഗോയുടെ ചുവടുപിടിച്ച് കൂടുതൽ താരങ്ങൾ രംഗത്തുവന്നാൽ ഇൻഫാന്റിനോക്ക് പ്രയാസം സൃഷ്ടിക്കും.

ഇതിനിടെ, തങ്ങൾക്ക് വാഗ്ദാനംചെയ്ത പണം ഫിഫ തന്നില്ലെന്ന ആരോപണവുമായി ലോകകപ്പിന് ആതിഥ്യം വഹിച്ച അമേരിക്കൻ നഗരങ്ങൾ രംഗത്തുവന്നത് കനത്ത തിരിച്ചടിയായി. ഇതിനൊപ്പം ബ്ലാക്ക് മെയിൽ ആരോപണവുമായി ജോർദാൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ് അലി ബിൻ ഹുസെയ്‌നും രംഗത്തുവന്നു.

പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പിന്തുണച്ചില്ലെങ്കിൽ ജോർദാന് സാമ്പത്തികസഹായം നൽകില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. അറബ് കപ്പിൽ കളിച്ചതിനുള്ള തുക ഇതുവരെ ലഭിച്ചില്ലെന്നും പ്രിൻസ് അലി ബിൻ വ്യക്തമാക്കി.

സ്വകാര്യ നിക്ഷേപവിഷയത്തിൽ ഫിഫയുടെ ഗ്ലോബൽ ഫുട്‌ബോൾ ഡിവലപ്‌മെന്റ് മേധാവി ആഴ്‌സൻ വെങ്ങറും ഫിഫ സെക്രട്ടറി ജനറൽ മാത്തിയാസ് ഗ്രാഫ്‌സ്ടൂമും വിമർശനുമായി രംഗത്തുവന്നത് ഇൻഫാന്റിനോക്ക് തിരിച്ചടിയായി. നേരേത്ത മുതിർന്ന ഉപദേഷ്ടാവ് രാജിവെച്ചിരുന്നു.

Content Highlights: Luis Figo publicly demands the resignation of FIFA President Gianni Infantino., Allegations of greed and corruption regarding private investment plans