2005-ന് ശേഷം ആദ്യമായി മെസ്സിയുടെ പേരില്ലാതെ ബാലണ്‍ദ്യോര്‍ ചുരുക്കപ്പട്ടിക

Photo: AFP
Photo: AFP

പാരിസ്: പോയ സീസണിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പുറത്തുവിട്ട് ഫ്രാന്‍സ് ഫുട്‌ബോള്‍. 30 അംഗ പട്ടികയില്‍ പിഎസ്ജിയുടെ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പേരില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ വര്‍ഷം കരിയറിലെ ഏഴാം ബാലണ്‍ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കിയ മെസ്സിയുടെ പോയ സീസണിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 2005-ന് ശേഷം ഇതാദ്യമായാണ് മെസ്സിയുടെ പേരില്ലാതെ ബാലണ്‍ദ്യോറിന്റെ ചുരുക്കപ്പട്ടിക പുറത്തിറങ്ങുന്നത്.

അതേസമയം കഴിഞ്ഞ സീസണില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി തിളങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുരുക്കപ്പട്ടികയില്‍ ഇടംനേടി.

ഏഴ് ബാലണ്‍ദ്യോര്‍ നേട്ടവുമായി ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയ താരമെന്ന നേട്ടം സ്വന്തമാക്കിയ താരമാണ് മെസ്സി. കോവിഡ് മൂലം 2020-ലെ ബാലണ്‍ദ്യോര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നില്ല. 2019-ല്‍ മെസ്സി തന്നെയാണ് പുരസ്‌കാരം സ്വന്തമാക്കിയത്. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളിലും മെസ്സി ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തില്‍ മുത്തമിട്ടു.

തിബൗട്ട് കോര്‍ട്ട്വാ, റാഫേല്‍ ലിയോ, ക്രിസ്റ്റഫര്‍ എന്‍കുങ്കു, മുഹമ്മദ് സലാ, ജോഷ്വ കിമ്മിച്ച്, ട്രെന്റ് അലക്‌സാണ്ടര്‍-അര്‍നോള്‍ഡ്, വിനീഷ്യസ് ജൂനിയര്‍, ബെര്‍ണാഡോ സില്‍വ, ലൂയിസ് ഡയസ്, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റിയാദ് മഹ്‌രെസ്, കാസെമിറോ, ഹ്യൂങ്-മിന്‍ സണ്‍, ഹാരി കെയ്ന്‍, ഡാര്‍വിന്‍ ന്യൂനസ്, ഫില്‍ ഫോഡന്‍, സാദിയോ മാനെ, സെബാസ്റ്റ്യന്‍ ഹാലര്‍, ലൂക്കാ മോഡ്രിച്ച്, അന്റോണിയോ റൂഡിഗര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കെവിന്‍ ഡി ബ്രൂയ്ന്‍, ഡ്യുസന്‍ വ്‌ളാഹോവിച്ച്, വിര്‍ജില്‍ വാന്‍ ഡൈക്ക്, ജോവോ കാന്‍സലോ, കൈലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാളണ്ട് എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്.

Content Highlights: Lionel Messi misses out for the first time since 2005 in Ballon D Or list