കളിച്ചത് നിലവാരമില്ലാത്ത കളി, ഫൈനലിലെത്താൻ ഞങ്ങൾ അർഹരായിരുന്നില്ല- തുറന്നടിച്ച് എംബാപ്പെ

ഡാലസ്: ലോകകപ്പ് സെമി ഫൈനലിൽ സ്‌പെയിനിനോട് തോറ്റ് പുറത്തായതിന് പിന്നാലെ തന്റെ ടീമിനെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസ് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ. ഫ്രാൻസിന്റെ കളി ഒട്ടും നിലവാരമില്ലാത്തതായിരുന്നെന്നും ഫൈനലിൽ എത്താൻ തങ്ങൾ ഒട്ടും അർഹരായിരുന്നില്ലെന്നും എംബാപ്പെ തോൽവിക്കുശേഷം തുറന്നടിച്ചു. മത്സരശേഷമുള്ള പത്രസമ്മേളനത്തിലാണ് എംബാപ്പെ സഹതാരങ്ങൾക്കെതിരേ അതൃപ്തി രേഖപ്പെടുത്തിയത്.
തന്ത്രപരമായും സാങ്കേതികമായും തന്റെ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെന്ന് മത്സരശേഷം എംബാപ്പെ തുറന്നു സമ്മതിച്ചു. സ്പാനിഷ് മധ്യനിരയുടെ ആധിപത്യത്തെ തടയുന്നതിൽ ഫ്രാൻസ് പരാജയപ്പെട്ടതാണ് ഈ തിരിച്ചടിക്ക് കാരണമായതെന്ന് എംബാപ്പെ വിലയിരുത്തുന്നു.
കളിയിൽ സ്‌പെയിൻ താളം കണ്ടെത്താതിരിക്കാൻ ഉയർന്ന തലത്തിൽ സമ്മർദ്ദം ചെലുത്തി കളിക്കാനാണ് ഫ്രാൻസ് ആഗ്രഹിച്ചിരുന്നത്. എന്നാൽ, ഇത് നടപ്പിലാക്കുന്നതിൽ ടീം പരാജയപ്പെട്ടുവെന്നും നിയന്ത്രണം ഏറ്റെടുക്കുന്നതിൽ സ്‌പെയിൻ മികച്ച പ്രകടനം നടത്തിയെന്നും എംബാപ്പെ സമ്മതിച്ചു.
മിഡ്ഫീൽഡിൽ സ്‌പെയിൻ താരങ്ങൾ ഫ്രഞ്ച് താരങ്ങളെക്കാൾ എണ്ണത്തിൽ കൂടുതൽ ഉണ്ടായിരുന്നുവെന്നും ഇത് കളിയിൽ വലിയ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീമിന്റെ ടച്ചുകളും നീക്കങ്ങളും ഒരു ലോകകപ്പ് സെമി ഫൈനലിന് ചേരുന്നതായിരുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. ഈ മത്സരത്തിൽ 34 ടച്ചുകൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ എംബാപ്പെയ്ക്ക് സാധിച്ചിരുന്നില്ല.
Content Highlights: Mbappe admits France did not deserve to reach the World Cup final., Tactical failure in controlling the Spanish midfield., Lack of technical quality and poor ball touches by the French squad., Mbappe failed to register a single shot on target during the match.