'എന്റെ പ്രാണന് വിട, എന്നും മിസ്സ്ചെയ്യും'-മരിച്ച യുറഗ്വായ് ഫുട്‌ബോളറുടെ ഭാര്യയുടെ കണ്ണീര്‍ക്കുറിപ്പ്

ഫുട്‌ബോള്‍ രംഗത്തുനിന്ന് ഒരിക്കല്‍ക്കൂടി ആ ദുരന്ത വാര്‍ത്ത കേള്‍ക്കേണ്ടിവന്നത് കഴിഞ്ഞദിവസമാണ്. മത്സരത്തിനിടെ യുറഗ്വായ് ഫുട്‌ബോള്‍ താരം ഹുവാന്‍ ഇസ്‌ക്വിയര്‍ദോ കുഴഞ്ഞുവീണുമരിച്ച ദാരുണസംഭവം. നാലുദിവസത്തെ തീവ്രപരിശ്രമങ്ങളെ വിഫലമാക്കിക്കൊണ്ടാണ് ആ മടങ്ങിപ്പോക്ക്. കഴിഞ്ഞ വ്യാഴാഴ്ച ബ്രസീലിലെ സാവോപോളോയില്‍ നടന്ന മത്സരത്തിനിടെ കുഴഞ്ഞുവീണ ഇസ്‌ക്വിയര്‍ദോയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചെവ്വാഴ്ച രാത്രി മരണപ്പെടുകയായിരുന്നു.
യുറഗ്വായ് ക്ലബ്ബായ നാഷണലും ബ്രസീലിയന്‍ ക്ലബ്ബായ സാവോപോളോയും തമ്മിലുള്ള കോപ്പ ലിബര്‍ട്ടഡോര്‍സ് മത്സരത്തിനിടെയാണ് ഇരുപത്തേഴുകാരനായ താരം കുഴഞ്ഞുവീണത്. മറ്റു താരങ്ങളുമായി കൂട്ടിയിടിയോ മറ്റു അപായങ്ങളോ ഉണ്ടായിട്ടില്ല. നാലുദിവസമായി വെന്റിലേറ്ററിലായിരുന്നു. ചില സമയങ്ങളില്‍ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരുകയും ചിലപ്പോള്‍ അതുപോലെ താഴുകയും ചെയ്യുന്ന 'കാര്‍ഡിയാക് അരിത്മിയ' എന്ന പ്രശ്‌നത്തെത്തുടര്‍ന്നുള്ള ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
രണ്ട് മക്കളുണ്ട് ഇസ്‌ക്വിയര്‍ദോയ്ക്ക്. ഇളയമകന്‍ പിറന്നത് രണ്ടാഴ്ച മുന്‍പാണ്. ഈ കുഞ്ഞിനെയും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ഇസ്‌ക്വിയര്‍ദോയുടെ ചിത്രം ഇപ്പോള്‍ വേദനാജനകമായ കാഴ്ചയായി മാറുന്നു. താരത്തിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തെ മറ്റുള്ളവര്‍ക്ക് ഏറ്റവും വേദനയോടെ കാണേണ്ടിവരുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്.
ഭാര്യ സെലേന, ഇസ്‌ക്വിയര്‍ദോയെക്കുറിച്ച് സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കുറിപ്പ് കണ്ണുനിറയ്ക്കുന്നതാണ്. ഇസ്‌ക്വിയര്‍ദോ തനിക്ക് ആരായിരുന്നുവെന്നും ഭര്‍ത്താവിന്റെ പ്രൊഫൈലില്‍ അവര്‍ സ്‌റ്റോറി പങ്കുവെച്ചു. കുട്ടികള്‍ക്കായി ഇനി ജീവിതത്തില്‍ മുന്നോട്ടുപോവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനായി ശക്തി നേടേണ്ടതിനെക്കുറിച്ചും വിവരിക്കുന്നു.
'ഇന്ന് എനിക്ക് എന്റെ പാതിയോട്, എന്റെ പ്രാണനായ സ്‌നേഹത്തോട് വിട പറയേണ്ടതുണ്ട്. എല്ലാവരില്‍നിന്നുമെന്നപോലെ എന്നില്‍നിന്നും ഹുവാന്‍ വിട്ടുപോയി. ഹുവാന്‍ എന്റെ ഏറ്റവും നല്ല സുഹൃത്താണ്, ഭര്‍ത്താവാണ്, എന്നെ ഇപ്പോഴും അചഞ്ചലമാക്കി നിര്‍ത്തുന്ന രണ്ട് കുട്ടികളുടെ അച്ഛനാണ്. ഇന്ന്, എന്റെയൊരു ഭാഗം നിങ്ങളോടൊപ്പം മരിച്ചുപോയി. നിങ്ങളൊരു മഹാ മനുഷ്യനായിരുന്നു, മാന്യനായിരുന്നു, ദുഷ്ടതയില്ലാതെ സ്‌നേഹം തന്നവരായിരുന്നു. ഈ ഭൂമിയിലെ മാലാഖയായിരുന്നു നിങ്ങള്‍. സ്വര്‍ഗത്തിലും അതങ്ങനെയാവും. ഇന്നെനിക്ക് നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി മുന്നോട്ടുപോകേണ്ടതുണ്ട്. ആരുമില്ലാത്തിടത്തുനിന്ന് ശക്തി നേടണം. നിങ്ങള്‍ അവസാനംവരെ പോരാടിയെന്നും ഞങ്ങളോടൊപ്പം ആയിരിക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നുവെന്നും എനിക്കറിയാം. എന്റെ ജീവിതത്തിലുടനീളം നിങ്ങളെ മിസ്സ് ചെയ്യും. മുന്നോട്ടുള്ള ഓരോ പോക്കിലും അതെന്നെ വേദനിപ്പിക്കുമെന്നും എനിക്കറിയാം' -ഒരു വിലാപംപോലെ സെലേന കുറിച്ചു.
Content Highlights: juan izquierdo emotional letter by selena, the players wife