മോഹൻ ബഗാനെതിരേ അവസാന മിനിറ്റില്‍ വഴങ്ങിയ ഗോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി (3-2)

ഐഎസ്എൽ ട്വിറ്ററിൽ പങ്കുവെച്ച ചിത്രം | Photo: x.com/IndSuperLeague
ഐഎസ്എൽ ട്വിറ്ററിൽ പങ്കുവെച്ച ചിത്രം | Photo: x.com/IndSuperLeague

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. നിലവിലെ ചാംപ്യൻമാരും പോയിന്റ് പട്ടികയിലെ ഒന്നാമൻമാരുമായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ മത്സരത്തിന്റെ  85–ാം മിനിറ്റ് വരെ 2–1ന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്സിനെ, അവസാന മിനിറ്റുകളിൽ നേടിയ ഇരട്ട ഗോളിലാണ് മോഹൻ ബഗാൻ വീഴ്ത്തിയത്. 

ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ പിഴവ് മുതലെടുത്ത് മോഹൻ ബഗാനായിരുന്നു ആദ്യം മുന്നിലെത്തിയത്. 33–ാം മിനിറ്റിൽ ജാമി മക്‌ലാരനാണ് മോഹൻ ബഗാനായി ഗോൾ നേടിയത്. ലോങ് റേഞ്ചർ പിടിച്ചെടുക്കുന്നതിൽ വരുത്തിയ പിഴവിൽനിന്ന് സച്ചിൻ സുരേഷ് ഗോൾ വഴങ്ങിയത്. 

51–ാം മിനിറ്റിൽ ഹിമെനെ ഹെസൂസിലൂടെ ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തി. 77-ാം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ച് ബ്ലാ​സ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. 86-ാം മിനിറ്റിൽ ജെയ്സൻ കമ്മിൻസ് മോഹൻ ബഗാനെ ഒപ്പമെത്തിച്ചു. പിന്നാലെ അധികസമയത്തെ ​ഗോളിലൂടെ  ആൽബർട്ടോ (90+5) വിജയം പിടിച്ചെടുത്തു. നേരത്തെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന് അർഹിച്ച പെനൽറ്റി റഫറി അനുവദിച്ചിരുന്നില്ല.

സീസണിലെ ഏഴാം തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് മൂന്നു ജയവും രണ്ടു സമനിലയുമായി 11 പോയിന്റുമായി 10–ാം സ്ഥാനത്താണ്. എട്ടാം ജയം സ്വന്തമാക്കിയ മോഹൻ ബഗാനാകട്ടെ 26 പോയിന്റുമായി   ഒന്നാം സ്ഥാനത്താണ്. എട്ട് കളിയിൽ ജയിച്ച അവർ ഒന്നിൽമാത്രമാണ് തോറ്റത്. 

Content Highlights: Indian Super League ISL Mohun Bagan vs Kerala Blasters