ഏഷ്യാകപ്പ് യോഗ്യതാറൗണ്ടില്‍ ഇന്ത്യ അഫ്ഗാനെ നേരിടും

Photo: twitter.com/IndianFootball
Photo: twitter.com/IndianFootball

കൊല്‍ക്കത്ത: ജയത്തോടെ തുടങ്ങിയതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ എ.എഫ്.സി. ഏഷ്യാകപ്പ് ഫുട്‌ബോള്‍ യോഗ്യതാറൗണ്ടില്‍ വീണ്ടുമിറങ്ങുന്നു. അഫ്ഗാനിസ്താനാണ് എതിരാളി. രാത്രി 8.30-നാണ് മത്സരം.

ആദ്യകളിയില്‍ എതിരില്ലാത്ത രണ്ടുഗോളിന് കംബോഡിയയെയാണ് സുനില്‍ ഛേത്രിയും സംഘവും തോല്‍പ്പിച്ചത്. അഫ്ഗാനെ കീഴടക്കിയാല്‍ ഇന്ത്യക്ക് മുന്നോട്ടുള്ള പോക്ക് സുഗമമാക്കാം. ഇതുവരെ ഒമ്പത് കളികളില്‍ ഇരുടീമുകളും മുഖാമുഖംവന്നതില്‍ ഇന്ത്യ ആറുതവണ ജയംനേടി. ഒരു തവണ മാത്രമാണ് അഫ്ഗാന്‍ ജയിച്ചത്. രണ്ട് മത്സരം സമനിലയിലായി. ഇതില്‍ അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ രണ്ട് ജയമാണ് ഇന്ത്യക്കുള്ളത്. രണ്ട് കളി സമനിലയും ഒരു തോല്‍വിയുമാണ് ആതിഥേയരുടെ അക്കൗണ്ടിലുള്ളത്.

മലയാളി താരങ്ങളായ സഹല്‍ അബ്ദുസമദും ആഷിഖ് കുരുണിയനും ടീമിലുണ്ടെങ്കിലും ആദ്യ ഇലവനില്‍ ഇടംനേടാന്‍ സാധ്യതയില്ല. മുന്നേറ്റനിരയില്‍ സുനില്‍ ഛേത്രി-മന്‍വീര്‍സിങ്-ലിസ്റ്റണ്‍ കോളാസോ ത്രയത്തെയാകും പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ഇറക്കുക. 

Content Highlights: india vs afghanistan, 2023 afc asian cup qualifiers, indian football, football news