17-കാരൻ മോറ കളത്തിലിറങ്ങി; 96 വർഷം പഴക്കമുള്ള റെക്കോഡ് പഴങ്കഥ

മെക്‌സിക്കോ സിറ്റി: 23-ാം ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ തന്നെ റെക്കോഡ് ബുക്കിലിടംപിടിച്ച് മെക്‌സിക്കൻ താരം ഗിൽബെർട്ടോ മോറ. ലോകകപ്പ് ചരിത്രത്തിൽ മെക്‌സിക്കോയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന 96 വർഷം പഴക്കമുള്ള റെക്കോഡാണ് മോറ തിരുത്തിയെഴുതിയത്. മത്സരത്തിന്റെ 65-ാം മിനിറ്റിലാണ് 17 വയസ്സുകാരനായ ഈ മധ്യനിര താരം എസ്റ്റാഡിയോ ആസ്റ്റെക്കയിലെ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ചരിത്രത്തിലേക്ക് നടന്നുകയറിയത്.
1930-ലെ ആദ്യ ലോകകപ്പിൽ 18 വയസ്സും 134 ദിവസവും പ്രായമുള്ളപ്പോൾ കളിച്ച മാനുവൽ ചാക്വെറ്റാസ് റോസാസിന്റെ റെക്കോഡാണ് മോറ തിരുത്തിക്കുറിച്ചത്.
മെക്‌സിക്കൻ ക്ലബ്ബായ ക്ലബ് തിജുവാനയ്ക്ക് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. 17 വയസ്സിനുള്ളിൽ തന്നെ സീനിയർ ടീമിനായി 50-ലധികം മത്സരങ്ങൾ താരം കളിച്ചുകഴിഞ്ഞു. ഇത്തവണ ഗോൾ നേടാൻ സാധിക്കുകയാണെങ്കിൽ ബ്രസീലിയൻ ഇതിഹാസം പെലെയ്ക്ക് ശേഷം ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടവും മോറയ്ക്ക് സ്വന്തമാകും.
മെക്‌സിക്കോയ്ക്കായി ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച പ്രായം കുറഞ്ഞ താരങ്ങൾ
ഗിൽബെർട്ടോ മോറ 17 വയസ്സ്, 240 ദിവസം (ദക്ഷിണാഫ്രിക്ക, 2026)
മാനുവൽ റോസാസ് 18 വയസ്സ്, 134 ദിവസം (ഫ്രാൻസ്, 1930)
ആൽഫ്രെഡോ ടോറസ് 19 വയസ്സ്, 16 ദിവസം (ഓസ്ട്രിയ, 1954)
റൗൾ അരെല്ലാനോ 19 വയസ്സ്, 108 ദിവസം (ഫ്രാൻസ്, 1954)
ആൻഡ്രസ് ഗാർഡാഡോ 19 വയസ്സ്, 269 ദിവസം (ഇറാൻ, 2006)
ഹ്യൂഗോ സാഞ്ചസ് 19 വയസ്സ്, 326 ദിവസം (ടുണീഷ്യ, 1978)
Content Highlights: Gilberto Mora debuted at 17 years and 240 days in the 2026 World Cup., He broke the 96-year-old record previously held by Manuel Rosas since 1930., Mora plays for Club Tijuana and has over 50 senior appearances., He has the potential to become the second youngest goalscorer in history after Pele.