കൈപൊള്ളി ഇൻഫാന്റിനോ; ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷനും പിന്തുണ പിൻവലിച്ചു

#സ്പോർട്സ് ഡെസ്ക്
ജിയാനി ഇന്‍ഫന്റിനോ | Photo: PTI
ജിയാനി ഇന്‍ഫന്റിനോ | Photo: PTI

സൂറിച്ച്: ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാൻ ശ്രമിച്ച് കൈപൊള്ളിയ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ കൂടുതൽ പ്രതിസന്ധിയിലേക്ക്. ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ പിന്തുണ പിൻവലിച്ച് കത്തയച്ചു. നേരത്തേ വെയ്ൽസ് ഫുട്‌ബോൾ അസോസിയേഷന്റെ പാത പിന്തുടർന്നാണ് തീരുമാനം.

2027-2031 വർഷത്തേക്കുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇൻഫാന്റിനോയ്ക്കുള്ള പിന്തുണയാണ് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ പിൻവലിച്ചത്. കൂടുതൽ അസോസിയേഷനുകൾ നിലപാട് സ്വീകരിച്ചാൽ പ്രതിസന്ധി രൂക്ഷമാകും.

211 അസോസിയേഷനുകളാണ് ഫിഫയിലുള്ളത്. ഇതിൽ 200 അസോസിയേഷനുകളുടെയും പിന്തുണ ഉറപ്പാക്കിയാണ് ഇൻഫാന്റിനോ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചത്. എന്നാൽ, സ്വകാര്യ നിക്ഷേപവിവാദമാണ് കനത്ത തിരിച്ചടിയായത്.

യൂറോപ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (യുവേഫ), ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ, കോൺകകാഫ് എന്നിവയാണ് സ്വകാര്യനിക്ഷേപത്തെ എതിർത്തത്. 143 അസോസിയേഷനുകൾ എതിരായതോടെ തീരുമാനത്തിൽനിന്ന് ഇൻഫാന്റിനോ പിൻമാറിയിരുന്നു. എന്നാൽ, ഫിഫയിൽ വിശ്വാസം നഷ്ടപ്പെട്ടതായി യുവേഫ വ്യക്തമാക്കി.

ഫിഫ ഫോർവേഡ് എന്റർപ്രൈസസ് എന്ന ഉപകമ്പനിയിലേക്ക് സ്വകാര്യനിക്ഷേപം സ്വീകരിക്കാനായിരുന്നു ഇൻഫാന്റിനോയുടെ പദ്ധതി. ഫിഫ ഫോർവേഡ് എന്റർപ്രൈസസിന് ലോകകപ്പ് അടക്കമുള്ള മത്സരങ്ങളുടെ നടത്തിപ്പ് അവകാശം നൽകിയാണ് സ്വകാര്യനിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നത്.

നിലവിൽ പ്രസിഡന്റിനെതിരേ അവിശ്വാസം കൊണ്ടുവരാൻ സാധ്യതയില്ല. അവിശ്വാസത്തിന് ഫിഫ കൗൺസിൽ അനുമതി നൽകണമെങ്കിൽ 37 അംഗങ്ങളിൽ 19 വോട്ടുകൾ ആവശ്യമാണ്. തുടർന്ന് അവിശ്വാസം വന്നാൽ 211 അംഗങ്ങളിൽ 106 പേരുടെ പിന്തുണയും വേണം. കോൺഫെഡറേഷനുകൾ എതിരാണെങ്കിലും അംഗരാജ്യങ്ങളിൽ പലതും ഇൻഫാന്റിനോയ്ക്ക് അനുകൂലമാണ്. ശക്തരായ രാഷ്ട്രത്തലവന്മാരുമായും നല്ല ബന്ധമുണ്ട്. ആഫ്രിക്ക, തെക്കേ അമേരിക്ക, ഓഷ്യാനിയ കോൺഫെഡറേഷനുകൾ ഇതുവരെ വിമർശനം നടത്തിയിട്ടുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് അവിശ്വാസത്തിന് യുവേഫ അടക്കം മുതിരാത്തത്.

Content Highlights: Gianni Infantino faces backlash over private investment plans for FIFA Forward Enterprises., English FA and Wales FA have officially withdrawn support for the 2027-2031 presidential term