ജർമനിക്ക് പിഴച്ചതെവിടെ ? ഗ്രൂപ്പ് ജേതാക്കളായത് ഐവറി കോസ്റ്റിനെതിരായ ജയത്തിന്റെ ബലത്തിൽ

#സ്വന്തം ലേഖകൻ
എക്വഡോർ താരങ്ങളുടെ ​ഗോളാഘോഷം | AP
എക്വഡോർ താരങ്ങളുടെ ​ഗോളാഘോഷം | AP

ക്രമണം കൊണ്ട് മാത്രം മത്സരം ജയിക്കാനാവില്ലെന്ന ഓർമ്മപ്പെടുത്തൽ...പ്രതിരോധത്തെ ഒരുക്കിനിർത്താതെ മുന്നോട്ടുപോയാൽ തിരിച്ചടി നേരിടുമെന്ന മുന്നറിയിപ്പ്...മെറ്റ്‌ലൈഫിൽ ഇരമ്പിയാർത്തുവന്ന എക്വഡോറിനെതിരേ ടൂർണമെന്റിലെ ഫേവറിറ്റുകളിലൊന്നായ ജർമനിക്ക് ഞെട്ടിക്കുന്ന തോൽവി. ആദ്യം ലീഡെടുത്തെങ്കിലും നാഗൽസ്മാനും സംഘത്തെയും വിറപ്പിച്ച് മുന്നേറിയ എക്വഡോർ രണ്ടെണ്ണം തിരിച്ചടിച്ച് മുന്നേറി. ഒപ്പം നോക്കൗട്ട് ടിക്കറ്റും. ആറുപോയന്റോടെ ഗ്രൂപ്പ് ജേതാക്കളായത് ഐവറി കോസ്റ്റിനെതിരായ ജയത്തിന്റെ ബലത്തിൽ. ഐവറി കോസ്റ്റ് രണ്ടാം സ്ഥാനത്ത്. നാലുപോയന്റോടെ മൂന്നാമതുള്ള എക്വഡോറും നോക്കൗട്ടിലെത്തി.

ഗ്രൂപ്പ് ചാമ്പ്യൻ പട്ടം ഏറെക്കുറെ ഉറപ്പിച്ചാണ് ജർമനി എക്വഡോറിനെതിരേ കളത്തിലിറങ്ങിയത്. എന്നാൽ ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് നഗെൽസ്മാൻ മുതിർന്നതുമില്ല. പരിക്കേറ്റ ഡിഫൻഡർ ഷ്ളോട്ടർബെക്കിന് പകരം അന്റോണിയോ റുഡിഗറെത്തിയതായിരുന്നു മാറ്റം. മൂന്നുകളികളിലും ജയിച്ച് ആധികാരികമായി നോക്കൗട്ടിന് ഒരുങ്ങുകയായിരുന്നു ജർമനിയുടെ ലക്ഷ്യം. ഒരുങ്ങിയെത്തിയ ജർമനി എക്വഡോറിനെതിരേ രണ്ടാം മിനിറ്റിൽ തന്നെ മുന്നിലെത്തി. എക്വഡോർ ബോക്‌സിനുള്ളിൽ വെച്ച് ഫ്‌ലോറിയൻ വിർട്‌സ് നൽകിയ പാസ് കിടിലൻ ഷോട്ടിലൂടെ ലെറോയ് സാനെ വലയിലെത്തിച്ചു. അതോടെ മത്സരത്തിന്റെ തുടക്കം തന്നെ ജർമനി മുന്നിലെത്തി. ലീഡെടുത്താൽ ആധിപത്യത്തോടെ കളിക്കുന്ന ജർമനിയെയാണ് കാണാറുള്ളത്. എന്നാൽ മൈതാനത്ത് തിരിച്ചടിക്കാൻ ആക്രമിച്ച് കളിക്കുന്ന എക്വഡോറിനെയാണ് കണ്ടത്. എന്നർ വലൻസിയയും നിൽസൺ അംഗുളോയും ജർമൻ ഗോൾമുഖത്തേക്ക് ഇരച്ചെത്തി. പിന്നാലെ ഗോളും.

രണ്ടാം മിനിറ്റിലെ അടിക്ക് ഒൻപതാം മിനിറ്റിൽ തന്നെ എക്വഡോറിന്റെ തിരിച്ചടി. പെനാൽറ്റി ബോക്‌സിന് പുറത്തുനിന്ന് അംഗൂളോയുടെ ഒരു ലോങ് റേഞ്ചർ. മാനുവൽ ന്യൂയറേയും മറികടന്ന് വലയിലേക്ക്. സമനില ഗോൾ പിറന്നതോടെ എക്വഡോർ ഉണർന്നുകളിച്ചു. നിരനിരയായി എക്വഡോർ വിങ്ങർമാർ ജർമൻ പോസ്റ്റിലേക്ക് കുതിച്ചു. അതോടെ പേരുകേട്ട ജർമനിയുടെ പ്രതിരോധം ആടിയുലഞ്ഞു. പലതവണ എക്വഡോർ ഗോളിനടുത്തെത്തി.

ജർമനിയുടെ പ്രതിരോധത്തിലെ ദൗർബല്യം വെളിവാക്കുന്നതുകൂടിയായിരുന്നു മത്സരം. എക്വഡോർ അത് കൃത്യമായി മുതലാക്കി. മൈതാനത്ത് സ്‌പേസ് സൃഷ്ടിച്ച് ജർമനിയുടെ പ്രതിരോധത്തെ പൊളിക്കാൻ എക്വഡോറിന് കഴിഞ്ഞു. എക്വഡോർ ആക്രമണങ്ങളെ പണിപ്പെട്ടാണ് ജർമനി പ്രതിരോധിച്ചത്. കിട്ടിയ അവസരങ്ങളിൽ ജർമനിയും മുന്നേറി. പക്ഷേ ആദ്യപകുതിയിൽ ആർക്കും ലീഡെടുക്കാനായില്ല. ആദ്യപകുതി 1-1 ന് അവസാനിച്ചു.

ബോൾ പൊസിഷനും മുന്നേറ്റങ്ങളിലും ജർമനി മുന്നിട്ടുനിന്നിരുന്നെങ്കിലും എക്വഡോറും മോശമാക്കിയില്ല. കണക്കുകളിൽ നേരിയ മുന്നേറ്റം മാത്രമാണ് മുൻ ചാമ്പ്യന്മാർക്ക് ഉണ്ടായത്. രണ്ടാം പകുതിയിലും വിങ്ങുകളിലൂടെ എക്വഡോർ ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടു. മാനുവൽ ന്യൂയറുടെ സേവുകളാണ് ജർമനിക്ക് രക്ഷയായത്. പിന്നാലെ കായ് ഹാവർട്‌സിനെയും ജോഷ്വ കിമ്മിച്ചിനെയും നാഗൽസ്മാൻ പിൻവലിച്ചു. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ ഡെനിസ് ഉൺഡാവിനെ പകരക്കാരനായി കളത്തിലിറക്കി. എക്വഡോറും പകരക്കാരെയിറക്കി മുന്നേറ്റം ശക്തമാക്കി.

എക്വഡോറിന്റെ ആക്രമണങ്ങൾ ഒടുവിൽ രണ്ടാം ഗോളിലുമെത്തിച്ചു. 77-ാം മിനിറ്റിൽ ഗോൺസാലോ പ്ലാറ്റോയിലൂടെ എക്വഡോർ മുന്നിലെത്തി. സ്‌കോർ 2-1. മൂന്നാം സ്ഥാനത്തെങ്കിലും എക്വഡോറിന് നോക്കൗട്ട് പ്രതീക്ഷകളും സജീവമായി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ ജർമനിക്ക് കഴിഞ്ഞില്ല.

മുന്നേറ്റത്തിൽ മികച്ചുനിൽക്കുന്നുണ്ടെങ്കിലും പ്രതിരോധത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തം. അതിന് ഗ്രൂപ്പിൽ ജർമനി കളിച്ച എല്ലാ മത്സരങ്ങളും അടിവരയിടുന്നുണ്ട്. താരതമ്യേന ദുർബലരായ കുറാസോയും രണ്ടാം മത്സരത്തിൽ ഐവറി കോസ്റ്റും ജർമൻ ഗോൾവല തുളച്ചു. ഇപ്പോഴിതാ എക്വഡോറും. ലീഡെടുത്താലും പ്രതിരോധിച്ച് ജയിക്കാനാവാത്ത സ്ഥിതി നാഗൽസ്മാന് വരാനിരിക്കുന്ന മത്സരങ്ങളിൽ വെല്ലുവിളി സൃഷ്ടിക്കുമെന്നുറപ്പ്. ഗോൾ വീണതിന് പിന്നാലെയും എക്വഡോർ മുന്നേറ്റനിര ജർമനിയുടെ ബോക്‌സിലേക്ക് ഇരച്ചെത്തി. ഒടുക്കം കൂടുതൽ ഗോൾ വഴങ്ങാതെ ജർമനി മത്സരം അവസാനിപ്പിച്ചു. എക്വഡോർ നോക്കൗട്ടിലേക്ക്...

Content Highlights: Germany vs Ecuador 2026 fixture