ഇറ്റാലിയൻ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

#സ്പോർട്സ് ഡെസ്ക്
ഫ്രാങ്കോ ബറേസി | AFP
ഫ്രാങ്കോ ബറേസി | AFP

റോം: ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു. 66 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിലൊരാളായിരുന്നു ബറേസി. ലോകകപ്പ് നേടിയ 1982 ലെ ഇറ്റാലിയൻ ടീമിൽ അംഗമായിരുന്നു.

ക്ലബ്ബ് ഫുട്‌ബോളിൽ എസി മിലാനായിരുന്നു ബറേസിയുടെ തട്ടകം. 20 വർഷത്തെ ക്ലബ്ബ് കരിയറിൽ മുഴുവനായും മിലാനിലാണ് ബറേസി പന്തുതട്ടിയത്. 1977 മുതൽ 1997 വരെ എസി മിലാനിൽ കളിച്ച ബറേസി ആറ് സീരി എ കിരീടങ്ങളും മൂന്ന് യൂറോപ്യൻ കപ്പുകളും നേടി. 719 മത്സരങ്ങളിൽ മിലാനായി കളിച്ച താരം 33 ഗോളുകളും നേടി. എസി മിലാന്റെ നായകസ്ഥാനത്തുവരെയെത്തി. ബറേസി വിരമിച്ചതിന് പിന്നാലെ താരത്തിന്റെ ആറാം നമ്പർ ജേഴ്‌സി ക്ലബ്ബ് പിന്നീടാർക്കും നൽകിയിരുന്നില്ല. അക്കാലത്തെ ഏറ്റവുംമികച്ച പ്രതിരോധനിരയായിരുന്നു മാൾഡീനിയും ബറേസിയുമടങ്ങുന്ന എ.സി. മിലാന്റേത്.

ദേശീയ ടീമിലും നിറസാന്നിധ്യമായിരുന്നു ബറേസി. 1982 ലെ കിരീടനേട്ടത്തിന് പുറമേ 1994 ൽ ലോകകപ്പ് ഫൈനലിലുമെത്തി. അന്ന് ഫൈനലിൽ ബ്രസീലിനോട് പരാജയപ്പെട്ട് മടങ്ങി. ഷൂട്ടൗട്ടിൽ ബറേസിയുടെ കിക്ക് പാഴായിരുന്നു. ദേശീയ ടീമിനായി 81 മത്സരങ്ങൾ കളിച്ച ബറേസി ടീമിന്റെ നായകസ്ഥാനവും വഹിച്ചിരുന്നു.

Content Highlights: Franco Baresi passed away at age 66., Legendary AC Milan captain with 719 appearances., Won six Serie A titles and three European Cups