സ്റ്റേഡിയത്തിൽ വെള്ളക്കുപ്പികൾക്ക് നിരോധനമേർപ്പെടുത്തി ഫിഫ; നടപടി കളിക്കാരുടെ സുരക്ഷ മുൻനിർത്തി

വാഷിങ്ടൺ: ഫിഫ ലോകകപ്പ് വേദികളിലേക്ക് വെള്ളക്കുപ്പികൾ കൊണ്ടുപോകാൻ കാണികൾക്ക് അനുമതിയില്ല. കുപ്പികളും മറ്റും സ്റ്റേഡിയത്തിലേക്ക് എറിയുന്നത് മൂലമുണ്ടാകുന്ന പരിക്കുകൾ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഫിഫയുടെ തീരുമാനം. ഒരു ലിറ്റർവരെയുള്ള സുതാര്യമായ പ്ലാസ്റ്റിക് കുപ്പികൾ കൈയിൽ കരുതാമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, ടൂർണമെന്റ് ആരംഭിക്കാൻ ഒരാഴ്ചമാത്രം ബാക്കിനിൽക്കേ പുനരുപയോഗിക്കാവുന്ന കുപ്പികൾ, കപ്പുകൾ, ജാറുകൾ, കാനുകൾ എന്നിവവയ്‌ക്കടക്കം സ്റ്റേഡിയത്തിൽ നിരോധനമേർപ്പെടുത്തി.
കളിക്കാർ, റഫറിമാർ, ആരാധകർ, വോളന്റിയർമാർ, ജീവനക്കാർ എന്നിവരുടെയെല്ലാം ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഫിഫ അറിയിച്ചു. കാണികൾക്ക് സ്റ്റേഡിയത്തിനകത്തുനിന്ന് വെള്ളം വാങ്ങാൻ സാധിക്കുമെന്നും ഇതിനായി സാധാരണ നിരക്കിൽ കൂടുതൽ തുക ഈടാക്കില്ലെന്നും ഫിഫ ഉറപ്പുനൽകിയിട്ടുണ്ട്.
ടിക്കറ്റ് നിരക്കുകളും ട്രെയിൻ ചാർജുകളും അമിതമായി വർധിപ്പിച്ചു എന്ന പരാതികൾക്കിടയിലാണ് വെള്ളക്കുപ്പികൾക്കും നിരോധനം വന്നിരിക്കുന്നത്. ഖത്തർ ലോകകപ്പിലും സ്റ്റേഡിയങ്ങളിലേക്ക് വെള്ളക്കുപ്പികൾ പ്രവേശിപ്പിക്കുന്നത് നിരോധിച്ചിരുന്നു.
Content Highlights: FIFA prohibits reusable water bottles, cups, and cans inside 2026 World Cup stadiums., The policy change is a safety measure to prevent fans from throwing missiles., FIFA promises to keep water prices consistent with standard venue rates.