ഫൈനലിലെ കയ്യാങ്കളി;അർജന്റീനാ ടീമിന് 3 കോടി പിഴ, പരദേസിന് പത്തും മൊളീനയ്ക്ക് ഏഴും മത്സരങ്ങളിൽ വിലക്ക്

സൂറിച്ച്: ലോകകപ്പ് ഫൈനലിൽ അർജന്റീനയെ സ്‌പെയിൻ തോൽപ്പിച്ച ശേഷം ഗ്രൗണ്ടിൽ നടന്ന കയ്യാങ്കളിയിൽ നടപടിയെടുത്ത് ഫിഫ. അർജന്റീന ഫുട്‌ബോൾ അസോസിയേഷനെതിരേയും മൂന്ന് അർജന്റീനാ താരങ്ങൾക്കെതിരേയും അർജന്റീനയുടെ സഹപരിശീലകനെതിരേയും ഒരു സ്പാനിഷ് താരത്തിനെതിരെയുമാണ് ഫിഫയുടെ അച്ചടക്ക സമിതി നടപടിയെടുത്തത്. അർജന്റീനാ ഫുട്‌ബോൾ അസോസിയേഷന് 3,21,000 യുഎസ് ഡോളർ (ഏകദേശം മൂന്ന് കോടി രൂപ) പിഴ ചുമത്തി. കൂടാതെ അർജന്റീന തങ്ങളുടെ അടുത്ത രണ്ട് ഹോം മത്സരങ്ങളും പരിമിതമായി കാണികളുടെ (50%) സാന്നിധ്യത്തിൽ കളിക്കണമെന്നും ഉത്തരവിലുണ്ട്.
അർജന്റീനാ താരങ്ങളായ ലിയാന്ദ്രോ പരദേസിനെ 10 മത്സരങ്ങളിലും ഹ്വേൽ മൊളീനയെ ഏഴ് മത്സരങ്ങളിലും ഫിഫ വിലക്കി. ഇരുവരും 90,000 യുഎസ് ഡോളർ (ഏകദേശം 86 ലക്ഷം രൂപ) വീതം പിഴയടക്കുകയും വേണം. അർജന്റീനയുടെ മറ്റൊരു താരമായ തിയാഗോ അൽമാഡോയേയും കയ്യാങ്കളിയുടെ ഭാഗമായ സ്പാനിഷ് താരം ഗാവിയേയും ഒരു മത്സരത്തിൽ നിന്ന് വിലക്കി. ഇരുവകും 30,000 യുഎസ് ഡോളർ (ഏകദേശം 28 ലക്ഷം രൂപ) വീതം പിഴയും അടക്കണം. അർജന്റീനയുടെ സഹപരിശിലീകൻ റോബർട്ടോ അയാളക്കെതിരേയും ഫിഫ നടപടിയെടുത്തിട്ടുണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്നാണ് വിലക്ക്. ഒപ്പം 30,000 യുഎസ് ഡോളർ (ഏകദേശം 28 ലക്ഷം രൂപ) പിഴയും അടയ്ക്കണം.
കായികമത്സരങ്ങളിലെ സ്‌പോർട്‌സ്മാൻ സ്പിരിറ്റ് നഷ്ടപ്പെടുത്തുന്ന പെരുമാറ്റം, മത്സരത്തിനല്ലാതെ കയ്യാങ്കളിക്കായി ടൂർണമെന്റിനെ ഉപയോഗിക്കൽ, വിവേചനപരവും വംശീയവുമായ അധിക്ഷേപങ്ങൾ, ക്രമസാധാനവും സുരക്ഷയും എന്നിവ ലംഘിച്ചതിനാണ് അർജന്റീനയ്‌ക്കെതിരെ നടപടിയെടുത്തത്. അതേസമയം ഫൈനലിലെ കയ്യാങ്കളിയെ തുടർന്നാണ് താരങ്ങൾക്കും ടീം സ്റ്റാഫിനുമെതിരായ നടപടി.
അർജന്റീനയുടെ റൈറ്റ് ബാക്ക് മൊളീന സ്പാനിഷ് മിഡ്ഫീൽഡർ റോജ്രിയെ മർദിച്ചതാണ് തർക്കത്തിലേക്ക് വഴിവെച്ചത്. റോഡ്രിയും മറ്റ് സഹതാരങ്ങളുമായി മൊളീന കൊമ്പുകോർത്തതോടെ സ്പാനിഷ് താരം എറിക് ഗാർസ്യ പിടിച്ചുമാറ്റാനെത്തുകയായിരുന്നു. പിന്നാലെ പരദേസ് എത്തി ഗാർസ്യയെ മർദിക്കുകയായിരുന്നു, ഇത് തടയാനെത്തിയ ഗാവിയേയും പരദേസ് കായികപരമായി നേരിട്ടു. ഇതിൽ തിയാഗോ അൽമാഡോയും റോബർട്ടോ അയാളയും പങ്കാളികളായി. ഇതാണ് ഇവർക്കെല്ലാവർക്കുമെതിരെ നടപടി സ്വീകരിക്കാൻ കാരണം.
Content Highlights: Argentina Football Association fined 321,000 USD (approx 3 crore INR)., Leandro Paredes banned for 10 matches and fined 90,000 USD., Nahuel Molina banned for 7 matches and fined 90,000 USD., Penalty includes reduced stadium capacity for Argentina's next two home games.