ലിവര്‍പൂളിനെതിരേ റോണോയെ ഇറക്കരുതെന്ന് റൂണി; പരിശീലിപ്പിക്കുന്ന ടീം അവസാന സ്ഥാനത്തല്ലേയെന്ന് ആരാധകര്‍

2022-23 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം തുടക്കമാണ് മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റേത്. ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയമായിരുന്നു ഫലം. ആദ്യ മത്സരത്തില്‍ ബ്രൈട്ടണും രണ്ടാം മത്സരത്തില്‍ ബ്രെന്റ്‌ഫോര്‍ഡുമാണ് ചുവന്ന ചെകുത്താന്‍മാരെ തകര്‍ത്തെറിഞ്ഞത്. തിങ്കളാഴ്ച രാത്രി ചിരവൈരികളായ ലിവര്‍പൂളാണ് യുണൈറ്റഡിന്റെ എതിരാളികള്‍. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം.
മത്സരത്തിലൂടെ ആദ്യ പോയന്റ് നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗ്. പക്ഷേ നിലവിലെ ഫോം വെച്ച് ഇത് വലിയ വെല്ലുവിളിയാണ്. യുര്‍ഗന്‍ ക്ലോപ്പ് പരിശീലിപ്പിക്കുന്ന ലിവര്‍പൂളിനും അത്ര മികച്ച തുടക്കമായിരുന്നില്ല ലീഗിലേത്. ആദ്യ രണ്ട് മത്സരങ്ങളും സമനിലയിലാണ് കലാശിച്ചത്.
ഈ ഘട്ടത്തിലാണ് യുണൈറ്റഡിന്റെ പ്രകടനത്തെ വിലയിരുത്തിക്കൊണ്ട് മുന്‍താരം വെയിന്‍ റൂണി രംഗത്തുവന്നത്. മൈതാനത്ത് യുണൈറ്റഡിനായി ഹൃദയം കൊണ്ട് കളിക്കുന്നവരാണ് വേണ്ടതെന്നും റൊണാള്‍ഡോയോ റാഷ്‌ഫോര്‍ഡോ ഇത്തരത്തില്‍ കളിക്കുന്നില്ലെന്നും റൂണി പ്രതികരിച്ചു.
'ടെന്‍ ഹാഗിന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍ മൈതാനത്ത് എനര്‍ജിയോടെ കളിക്കുകയെന്നതായിരിക്കും എന്റെ പ്രധാന ഊന്നല്‍. അധികനേരം ട്രെയിന്‍ ചെയ്യാത്ത റൊണാള്‍ഡോയെയാണ് ബ്രെന്റ്‌ഫോര്‍ഡിനെതിരേ ടീം ആശ്രയിച്ചത്.'- റൂണി പറഞ്ഞു.താനാണെങ്കില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും റാഷ്‌ഫോര്‍ഡിനേയും ലിവര്‍പൂളിനെതിരേ കളിപ്പിക്കില്ലെന്നും റൂണി കൂട്ടിച്ചേര്‍ത്തു.
അതേസമയം റൂണിയുടെ പ്രസ്താവനയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. റൂണിയുടെ പരിശീലക റോളിലുളള പ്രകടനങ്ങള്‍ എടുത്തുകാട്ടിയാണ് ആരാധകര്‍ ഇതിന് മറുപടി നല്‍കുന്നത്. റൂണി പരിശീലിപ്പിച്ച ഡെര്‍ബി കണ്ട്രി കഴിഞ്ഞ വര്‍ഷം തരംതാഴ്ത്തപ്പെട്ടിരുന്നു. പ്രധാനകാരണം പോയന്റ് ഡിഡക്ഷനായിരുന്നു. റൂണിയുടെ പോസ്റ്റിന് താഴെ ഒട്ടുമിക്കവരും ഇത് കമന്റ് ചെയ്യുന്നുണ്ട്.
ഇപ്പോള്‍ പരിശീലിപ്പിക്കുന്ന എംഎല്‍എസ് ക്ലബ്ബ് ഡി സി യുണൈറ്റഡിന്റെ നിലവിലെ സാഹചര്യവും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മത്സരത്തില്‍ ഫിലാഡെല്‍ഫിയയ്‌ക്കെതിരേ ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്കാണ് ഡിസി യുണൈറ്റഡ് തോറ്റത്. നിലവില്‍ അവസാനസ്ഥാനത്താണ് ടീം. ഇത് ഉയര്‍ത്തിക്കാട്ടിയും ആരാധകര്‍ റൂണിയുടെ അഭിപ്രായങ്ങളെ വിമര്‍ശിക്കുന്നുണ്ട്.
Content Highlights: Erik Ten Hag Should Drop Cristiano Ronaldo And Marcus Rashford For Liverpool Clash: Wayne Rooney