ഗോൾമെഷീനുകൾ നേർക്കുനേർ, ആരെത്തും സെമിയിൽ ?

മയാമി: ഫുട്‌ബോളിലെ രണ്ടു ഗോൾമെഷീനുകൾ. എർലിങ് ഹാളണ്ടും ഹാരി കെയ്‌നും. ലോകകപ്പിൽ ഈ രണ്ട് ഒൻപതാം നമ്പറുകാരും മുഖാമുഖം വരുന്നു. ക്വാർട്ടറിൽ ഇംഗ്ലണ്ടും നോർവേയും ഏറ്റുമുട്ടുമ്പോൾ ലോകം കാത്തിരിക്കുന്നത് ഏത് സൂപ്പർ സ്‌ട്രൈക്കർ സെമിയിലെത്തുമെന്ന് അറിയാൻ. ഞായറാഴ്ച പുലർച്ചെ 2.30-നാണ് പോരാട്ടം. പ്രീക്വാർട്ടറിൽ മുൻചാമ്പ്യന്മാരായ ബ്രസീലിനെ തോൽപ്പിച്ചാണ് നോർവേ ക്വാർട്ടറിലെത്തിയത്. ഇംഗ്ലണ്ടാകട്ടെ മറികടന്നത് ആതിഥേയരായ മെക്‌സിക്കോയെയും.
ഇംഗ്ലണ്ടിന്റെ സൂപ്പർനിര
ഈ ലോകകപ്പ് കളിക്കുന്ന ടീമുകളിൽ ഏറ്റവും മികച്ച നിരയാണ് ഇംഗ്ലണ്ടിന്റേത്. ഓരോ പൊസിഷനിലും ഒന്നിനൊന്ന് മികച്ച താരങ്ങൾ. മുന്നേറ്റമാണ് ടീമിന്റെ കരുത്ത്.
കെയ്‌നിനൊപ്പം ബുക്കായോ സാക്കയും ജൂഡ് ബെല്ലിങ്ങാമും ആന്റണി ഗോർഡനുമെല്ലാം സൂപ്പർതാരങ്ങൾ. 4-2-3-1 എന്ന ശൈലിയാണ് ഇംഗ്ലീഷ് പരിശീലകൻ തോമസ് ടുഷേലിന് പ്രിയം. ജോർഡാൻ പിക്ക്‌ഫോർഡ് തന്നെയായിരിക്കും ഇംഗ്ലീഷ് പോസ്റ്റിന്റെ കാവൽക്കാരൻ. മാർക്ക് ഗുഹി, എസ്രി കോൻസ, നിക്കോ ഒറിയെലി എന്നിവർ പ്രതിരോധത്തിൽ ഇറങ്ങും. കഴിഞ്ഞ കളിയിൽ ചുവപ്പ് കാർഡ് കിട്ടിയ റൈറ്റ് വിങ് ബാക്ക് ജാറെൽ ക്വാൻസയ്ക്ക് പകരം റീസെ ജെയിംസ് എത്തിയേക്കും.
പരിക്കിലുള്ള ജെയിംസിന്റെ കാര്യം അവസാനനിമിഷത്തിലാവും തീരുമാനമാവുക. ഇല്ലെങ്കിൽ ജെഡ് സ്‌പെൻസായിരിക്കും കളിക്കുക.
ഡിഫൻസീവ് മിഡ്ഫീൽഡിൽ ഡെക്ലാൻ റൈസും എലിയോട്ട് ആൻഡേഴ്‌സണും കളിക്കും. ജൂഡ് ബെല്ലിങ്ങാം, ബുക്കായോ സാക്ക, ആന്റണി ഗോർഡൻ എന്നിവരാകും അറ്റാക്കിങ്ങിൽ. കെയ്ൻ ഏക സ്‌ട്രൈക്കറുടെ റോളിലും.
നോർവേയുടെ വഴി
യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കുന്ന മികച്ചതാരങ്ങളുണ്ട് നോർവേ നിരയിൽ. ഹാളണ്ടിനെ കൂടാതെ മാർട്ടിൻ ഒഡെഗാഡ്, അന്റോണിയോ നുസ, അലെക്‌സാണ്ടർ സോർലോത് അടക്കമുള്ളവർക്കെല്ലാം യൂറോപ്യൻ അനുഭവസമ്പത്തുണ്ട്. സ്റ്റോലെ സോൾബേകെൻ പരിശീലിപ്പിക്കുന്ന ടീം കഴിഞ്ഞ മത്സരങ്ങളിൽ 4-3-3 ശൈലിയിലാണ് കളിച്ചത്. അതേ ശൈലി തന്നെയാവും ഇംഗ്ലണ്ടിനെതിരേയും തുടരുക. ഒറ്യാൻ നൈലൻഡാവും പോസ്റ്റിൽ.
Content Highlights: High-stakes 2026 World Cup Quarter-Final match between England and Norway., Head-to-head battle between elite strikers Erling Haaland and Harry Kane., England tactical setup under Thomas Tuchel featuring Bellingham and Saka., Norway's 4-3-3 tactical approach led by Martin Odegaard and Haaland., Match scheduled for Sunday at 2:30 AM.