ആ ഷോട്ട് കാണുമ്പോൾ ചങ്കിടിക്കാത്ത ആരാധകരുണ്ടോ?; മുവാനി എംബാപ്പെയ്ക്ക് പാസ് കൊടുത്തിരുന്നെങ്കിലോ?

#ആദർശ് പി.ഐ.
കോലോ മുവാനിയുടെ ഷോട്ട് എമിലിയാനോ മാർട്ടിനസ് സേവ് ചെയ്യുന്നു | gettyimages
കോലോ മുവാനിയുടെ ഷോട്ട് എമിലിയാനോ മാർട്ടിനസ് സേവ് ചെയ്യുന്നു | gettyimages

'ഇങ്ങനെയൊരു ലോകകപ്പ് വിജയം സ്വപ്‌നം പോലും കാണാൻ സാധിക്കുമായിരുന്നില്ല. എനിക്ക് വാക്കുകളില്ല.' നാല് വർഷം മുമ്പ് ലുസെയ്‌ലിൽ ആഞ്ഞടിച്ച ആൽബിസെലസ്റ്റൻ തിരമാലകൾക്ക് നടുവിൽ നിന്ന് അർജന്റീനയുടെ 23-ാം നമ്പറുകാരൻ ഇങ്ങനെ പറഞ്ഞുവെച്ചത് വെറുതെയായിരുന്നില്ല. ഗാലറിയൊന്നടങ്കം 'Dibu!Dibu!Dibu!' എന്ന് ഒരേ സ്വരത്തിൽ അലറിയതും മറ്റൊന്നും കൊണ്ടല്ല. മെസ്സിയുടെ ആനന്ദനൃത്തത്തോളം ആഘോഷിക്കപ്പെട്ടിട്ടില്ലെങ്കിലും അറേബ്യൻ കഥയിലെ അവസാന രാവുകളിൽ എമിലിയാനോ മാർട്ടിനസ് എന്ന കാവൽക്കാരൻ തന്റേതായ ഒരേട് കൂട്ടിച്ചേർത്തതിനാൽ തന്നെയാണ്. അത് പക്ഷേ കലാശപ്പോരിലോ അതിന് മുമ്പോ തട്ടിയകറ്റിയ പെനാൽറ്റികളാൽ മാത്രമല്ല, ഫൈനലിന്റെ അവസാന മിനിറ്റിൽ നടത്തിയ ഒരു സേവുകൊണ്ട് കൂടിയാണ്. അർജന്റീനക്കാരുടെ 'ജീവൻ' തിരിച്ചുപിടിച്ച ആ ഒരൊറ്റ സേവുകൊണ്ട്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സേവുകളിലൊന്ന്.

മെസ്സിയുടെ അടിയും എംബാപ്പെയുടെ തിരിച്ചടിയും കണ്ടതിന് ശേഷമുള്ള എക്‌സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈം. മധ്യനിരയിൽ നിന്ന് അർജന്റൈൻ ബോക്‌സിലേക്ക് നീട്ടി ഉയർത്തിയ പന്ത് തടയുന്നതിൽ അർജന്റീനയുടെ പ്രതിരോധനിരയ്ക്ക് പിഴച്ചു. എല്ലാവരേയും മറികടന്ന് ഫ്രാൻസ് താരം കോലോ മുവാനിയുടെ കാലുകളിലെത്തുന്നു. മുന്നിൽ ഗോൾകീപ്പർ എമി മാത്രം. പന്ത് ഉയർന്നതും മുവാനി തകർപ്പനൊരു ഷോട്ടുതിർത്തു. മാർട്ടിനസ് കൈകളും കാലുകളും വിടർത്തുന്നതും പന്ത് കാലിൽ തട്ടിത്തെറിക്കുന്നതും സെക്കന്റുകൾക്കുള്ളിലാണ് സംഭവിച്ചത്. തകർപ്പനൊരു സേവ്. പിന്നാലെ ക്രിസ്റ്റ്യൻ റൊമേറോ ഹെഡ് ചെയ്ത് കൂടുതൽ അപകടം ഒഴിവാക്കി. എമി ആ സേവ് നടത്തുന്നത് 122 മിനിറ്റും കഴിഞ്ഞ് 43-ാം സെക്കന്റിലാണ്. അത് ഗോളായിരുന്നെങ്കിൽ മെസ്സിപ്പടയുടെ സ്വപ്‌നങ്ങൾ അവിടെ ചിന്നിച്ചിതറുമായിരുന്നുവെന്നതിൽ തർക്കമില്ല. ഒരു തിരിച്ചുവരവിനും സാധ്യതയുണ്ടായിരുന്നില്ല. മൂന്നുഗോളടിച്ച് തുല്യത പാലിച്ച ഫൈനലിലെ ആ 123-ാം മിനിറ്റ് സേവിനെ ലോകകപ്പിലെ എക്കാലത്തേയും മികച്ച സേവായി കണക്കാക്കുന്നവരുണ്ട്. ഒരുപക്ഷേ ഗോർഡൻ ബാങ്ക്‌സിന്റെ നൂറ്റാണ്ടിന്റെ സേവിനോളം മികച്ചത്.

Content Highlights: The legendary 123rd-minute save against Kolo Muani in the 2022 World Cup final., Martinez's unblemished record in penalty shootouts for Argentina., Crucial role in the 2021 Copa America and 2024 Copa America campaigns., His psychological impact on opponents during high-pressure shootouts., His unwavering commitment and defensive stability for the national team.

Continue reading