ഇറാനെതിരായ മത്സരത്തിൽ സലാ കളംവിട്ടത് പരിക്കുമൂലം; വ്യക്തത വരുത്തി പരിശീലകൻ

വാഷിങ്ടൺ: ലോകകപ്പിൽ ഇറാനെതിരായ മത്സരത്തിനിടെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ കളംവിട്ടത് ഇടത് കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നെന്ന് പരിശീലകൻ ഹൊസാം ഹസൻ. 57-ാം മിനിറ്റിലാണ് സലാ കളംവിട്ടത്. പകരക്കാരനായി മുസ്തഫ സിക്കോ ഇറങ്ങി.
സലായുടെ പരിക്ക് വിലയിരുത്തുകയാണെന്നും ടീം ഹോട്ടലിലേക്ക് മടങ്ങിയെത്തുമ്പോൾ കൂടുതൽ പരിശോധന നടത്തുമെന്നും കോച്ച് അറിയിച്ചു. സലായുമായി സംസാരിച്ചെന്നും സുഖമായിരിക്കുന്നുവെന്ന് അറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലേക്ക് ആദ്യമായാണ് ഈജിപ്ത് യോഗ്യത നേടുന്നത്.
അതേസമയം ഇറാനെതിരായ മത്സരം 1-1 സമനിലയിൽ അവസാനിച്ചു. 5-ാം മിനിറ്റിൽ മഹ്‌മൂദ് സബറിന്റെ ഗോളിലൂടെ ഈജിപ്ത് ലീഡ് നേടി. റാമിൻ റെസായിയുടെ ഗോളിലൂടെ ഇറാൻ സമനില പിടിച്ചു. ഇതോടെ ഗ്രൂപ്പിൽനിന്ന് ബെൽജിയം ഒന്നാമതായും ഈജിപ്ത് രണ്ടാമതായും നോക്കൗട്ടിലേക്ക് കടന്നു. ഇറാന്റെ നോക്കൗട്ട് ഭാവി, വരാനിരിക്കുന്ന മത്സരങ്ങളെ ആശ്രയിച്ചിരിക്കും.