‘കിങ് കോംഗോ’; പേരുപോലെ തന്നെ പുലികൾ, പോർച്ചുഗലിനെ വിറപ്പിച്ച ആഫ്രിക്കൻ കരുത്ത്

#സ്വന്തം ലേഖകന്‍

ഹൂസ്റ്റൺ: ഡെമോക്രാറ്റിങ് റിപ്പബ്ലിക്ക് ഓഫ് കോംഗോ ഇതാദ്യമായാണ് ഫിഫ ലോകകപ്പ് കളിക്കാനെത്തുന്നത്. എന്നാൽ വർഷങ്ങൾക്കു മുമ്പ് അവർ ലോകകപ്പ് കളിച്ചിട്ടുണ്ട്, 1974 ലോകകപ്പിൽ സയർ എന്ന പേരിൽ. ബെൽജിയത്തിന്റെ കോളനിയായിരുന്ന ഈ രാജ്യം ബെൽജിയൻ കോംഗോ, കോംഗോ കിൻഷാസാ തുടങ്ങിയ പേരുകളിലും ഫുട്‌ബോൾ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പൂർണമായും സ്വതന്ത്രമായ ശേഷം ഇതാദ്യമായി ലോകകപ്പിനെത്തുന്നത്. ആദ്യ മത്സരത്തിൽ തന്നെ കരുത്തരായ പോർച്ചുഗലിനെ വിറപ്പിച്ച് അവർ കൈയടി നേടുകയും ചെയ്തു.

ലോകകപ്പിലെ തന്നെ മികച്ച ടീമുകളിലൊന്നെന്ന പെരുമയുമായാണ് പോർച്ചുഗൽ ലോകകപ്പിനെത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യവും. എന്നാൽ കളത്തിൽ ആദ്യ 10 മിനിറ്റിനു ശേഷം പിന്നീട് കോംഗോയുടെ കളിയായിരുന്നു. ആറാം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങേണ്ടി വന്നെങ്കിലും അവർ നിരാശരായില്ല. ആഫ്രിക്കൻ കരുത്തുമായി കുതിച്ചുപായുകയായിരുന്നു 'പുലികൾ' എന്ന വിളിപ്പേരുള്ള കോംഗോ പിന്നീട് മൈതാനത്ത്.

തുടക്കത്തിൽ ഏതാനും മുന്നേറ്റങ്ങൾ നടത്താനായെങ്കിലും ഗോളിലേക്കുള്ള നീക്കങ്ങൾ ശുഷ്‌കമായിരുന്നു. ഇടയ്ക്ക് യൊവാൻ വിസ്സയും സെഡ്രിക്ക് ബക്കാംബുവും ഏതാനും ലോങ് റേഞ്ചറുകൾ പരീക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല.

എന്നാൽ, തുടച്ചയായ മുന്നേറ്റങ്ങൾ ഒടുവിൽ ഫലംകണ്ടു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ കോംഗോയുടെ ചരിത്ര ഗോൾ പിറന്നു. ഒരു കോർണറിനൊടുവിൽ ആർതുർ മസ്വാക്കു നൽകിയ ക്രോസ് പോർച്ചുഗീസ് ഡിഫൻഡർമാർക്കിടയിലൂടെ ഉയർന്നുചാടി കിടിലനൊരു ഹെഡറിലൂടെ യൊവാൻ വിസ്സ വലയിലാക്കിയതോടെ ഹൂസ്റ്റണിലെ ഗാലറിയിൽ കോംഗോ ആരാധകർ പൊട്ടിത്തെറിച്ചു. ലോകകപ്പ് ചരിത്രത്തിൽ കോംഗോയുടെ ആദ്യ ഗോൾ.

സ്‌കോർ ചെയ്തതോടെ രണ്ടാം പകുതിയിൽ വർധിച്ച ആത്മവിശ്വാസത്തോടെയാണ് കോംഗോ കളിച്ചത്. എഡോ കയെംബെയും സാമുവൽ മുത്തുസ്വാമിയും നോവ സദിക്കിയും മൈതാനം നിറഞ്ഞു കളിച്ചു. യൊവാൻ വിസ്സയും സെഡ്രിക്ക് ബക്കാംബുവും പോർച്ചുഗീസ് പ്രതിരോധത്തെ കീറിമുറിച്ച് ഷോട്ടുകളുതിർത്തു. 57-ാം മിനിറ്റിൽ ബക്കാംബുവിന്റെ ഷോട്ട് പക്ഷേ പോസ്റ്റിലിടിച്ച് മടങ്ങിയത് അവിശ്വസനീയതയോടെയാണ് ഫുട്‌ബോൾ ലോകം കണ്ടത്.

കോംഗോയുടെ മികച്ച മുന്നേറ്റങ്ങൾ പോർച്ചുഗീസ് താരങ്ങളെ വിറളിപിടിപ്പിക്കുന്നതും കാണാമായിരുന്നു. ഇനി കൊളംബിയയും ഉസ്ബക്കിസ്ഥാനുമാണ് കോംഗോയുടെ അടുത്ത എതിരാളികൾ. പോർച്ചുഗലിനെതിരേ പുറത്തെടുത്ത മികവ് തുടർന്നാണ് കോംഗോ ഈ ലോകകപ്പിലെ കറുത്ത കുതിരകളായേക്കും.

Content Highlights: DR Congo marks their first independent FIFA World Cup appearance in 2026., Yoane Wissa scored the nation's historic first-ever World Cup goal against Portugal., The team displayed remarkable resilience and tactical dominance after an early setback., Currently leading Group K, positioning themselves as the dark horse of the tournament., Upcoming matches include Colombia and Uzbekistan.