‘മെസ്സിയോടുള്ളതുപോലെ സഹതാരങ്ങൾ ക്രിസ്റ്റ്യാനോയോട് പെരുമാറുന്നില്ല’; വീഡിയോ ലൈക്ക് ചെയ്ത് റൊണാൾഡോ

#സ്പോർട്സ് ഡെസ്ക്
യുവേഫ നാഷന്‍സ് ലീഗിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ | Photo: Getty Images
യുവേഫ നാഷന്‍സ് ലീഗിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ | Photo: Getty Images

മദീര: പോർച്ചുഗൽ ദേശീയ ടീമിന്റെ ക്യാമ്പ് വിട്ടതിന് പിന്നാലെ കോച്ചുമായി ഭിന്നത തുടരുന്ന സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും വിവാദത്തിൽ. മുൻ ബ്രസീൽ താരം ഫെലിപ് മെലോയുടെ ഒരു വീഡിയോ റൊണാൾഡോ ലൈക്ക് ചെയ്തതാണ് ചർച്ചാവിഷയമായത്. ക്രിസ്റ്റ്യാനോയ്ക്കു നേരെയുള്ള സഹതാരങ്ങളുടെ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ടുള്ളതാണ് മെലോയുടെ പ്രതികരണം.

ദേശീയ ടീമിൽ 41-കാരനായ സൂപ്പർതാരത്തിന് ലഭിക്കുന്ന പിന്തുണയും ബഹുമാനവും മുൻ ബ്രസീൽ താരം ചർച്ചാവിഷയമാക്കി. അർജന്റീന ടീമിൽ മെസ്സിക്ക് കിട്ടുന്നതുപോലെയുള്ള ബഹുമാനം പോർച്ചുഗൽ ടീമിൽ റോണോയ്ക്ക് ലഭിക്കുന്നില്ലെന്ന് മുൻതാരം പറയുന്നു. മാത്രമല്ല, സഹതാരങ്ങളെക്കാൾ എതിരാളികളാണ് ക്രിസ്റ്റ്യാനോയെ കൂടുതൽ ബഹുമാനിക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. ക്രിസ്റ്റ്യാനോയുമായി താരതമ്യം ചെയ്യാനാകുന്ന താരങ്ങളില്ലെന്നും ടീമിൽ നിന്ന് ഇത്തരത്തിൽ പോകാൻ അനുവദിക്കരുതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

ഈ വീഡിയോയ്ക്കാണ് ക്രിസ്റ്റ്യാനോയുടെ ലൈക്കെത്തിയത്. ഇതിനോട് റൊണാൾഡോ മറ്റ് പ്രതികരണങ്ങളൊന്നും നടത്തിയില്ലെങ്കിലും പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിന്റെ പ്രത്യക്ഷ സൂചനയായി കണക്കാക്കാനാകും. വിഷയത്തിൽ താരം ഉടൻ തന്നെ പ്രതികരണം നടത്താനും സാധ്യതയുണ്ട്. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുനയിപ്പിക്കാൻ പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ ശ്രമം നടത്തുന്നുണ്ട്. ക്രിസ്റ്റ്യാനോയുമായി ചർച്ച നടത്തി വിഷയം പരിഹരിക്കാനാണ് നീക്കം. അടുത്തയാഴ്ച ക്രിസ്റ്റ്യാനോയെയും പരിശീലകനെയും ഒരുമിച്ചിരുത്തി പ്രശ്‌നപരിഹാരം കണ്ടെത്തും.

ഇതിഹാസ താരം അന്താരാഷ്ട്ര കരിയറിൽ നിന്ന് ഈ തരത്തിൽ പടിയിറങ്ങരുതെന്ന നിലപാടിലാണ് പോർച്ചുഗൽ ഫുട്‌ബോൾ അസോസിയേഷൻ. പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോ. മാത്രമല്ല, ടീമിന് മൂന്ന് അന്താരാഷ്ട്ര കിരീടങ്ങളും നേടിക്കൊടുത്തു. പോർച്ചുഗൽ ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോയുടെ അന്താരാഷ്ട്ര കരിയർ കോച്ചുമായുള്ള ഭിന്നതയെ തുടർന്ന് അവസാനിപ്പിക്കരുതെന്നും അസോസിയേഷൻ ആലോചിക്കുന്നു. അതിനാലാണ് ഉടൻ തന്നെ വിഷയം പരിഹരിക്കാൻ നീക്കം നടത്തുന്നത്.

Content Highlights: Cristiano Ronaldo liked a critical video by former Brazil player Felipe Melo about his treatment in the Portugal squad