ജൊനാഥൻ ഡേവിഡിന് ഹാട്രിക്ക്; ഖത്തറിനെതിരേ കാനഡയ്ക്ക് വമ്പൻ ജയം, 2 ഖത്തർ താരങ്ങൾ റെഡ് കാർഡ്

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

വാൻകൂവർ: ഈ ലോകകപ്പിൽ ഇതുവരെ നടന്ന ഏറ്റവും മോശം മത്സരം, ഗ്രൂപ്പ് ബിയിലെ കാനഡ - ഖത്തർ മത്സരത്തെ അങ്ങനെ വേണമെങ്കിൽ വിശേഷിപ്പിക്കാം. ഗുരുതര ടാക്കിളുകളും ഫൗളുകളുടെ പെരുമഴയും രണ്ട് റെഡ് കാർഡുകളും കണ്ട മത്സരത്തിൽ ഖത്തറിനെ കാനഡ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്തു. ലോകകപ്പിൽ കാനഡയുടെ ആദ്യ ജയമാണിത്.

ജൊനാഥൻ ഡേവിഡ് ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തിൽ കൈൽ ലാറിൻ, നഥാൻ സാലിബ എന്നിവരായിരുന്നു കാനഡയുടെ മറ്റ് സ്‌കോറർമാർ. മുഹമ്മദ് മനായിയുടെ സെൽഫ് ഗോളും കാനഡയുടെ അക്കൗണ്ടിലെത്തി.

33-ാം മിനിറ്റിൽ ഹൊമാം അഹമ്മദ്, 53-ാം മിനിറ്റിൽ അസ്സിം മാഡിബോ എന്നിവരാണ് ഖത്തർ നിരയിൽ ചുവപ്പുകാർഡ് കണ്ടത്. ഇതോടെ ശേഷിച്ച സമയം ഒമ്പതു പേരുമായാണ് ഖത്തർ മത്സരം പൂർത്തിയാക്കിയത്. കാനഡ താരങ്ങളുടെ മുന്നേറ്റം തടയാൻ പലപ്പോഴും കാടൻ ഫൗളുകളാണ് ഖത്തർ താരങ്ങൾ പുറത്തെടുത്തത്. ഇത്തരത്തിൽ ഒരു ഗുരുതര ഫൗളിൽ കനേഡിയൻ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതരമായി പരിക്കേറ്റു. താരത്തിന്റെ ഇടതു കാലിന് ഒടിവ് സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. മത്സരത്തിന്റെ 50-ാം മിനിറ്റിലായിരുന്നു സംഭവം.

പൊരുതാൻ പോലുമാകാതെയാണ് ഖത്തർ കീഴടങ്ങിയത്. തുടർച്ചയായി ഖത്തർ ഗോൾമുഖത്തേക്ക് ആക്രമണങ്ങൾ അഴിച്ചുവിട്ട കാനഡ 30 ഷോട്ടുകളാണ് പായിച്ചത്. അതിൽ 10 എണ്ണം ഓൺ ടാർഗറ്റ് ഷോട്ടുകളായിരുന്നു. കാനഡ താരങ്ങളെ പ്രതിരോധിക്കുക എന്നതല്ലാതെ മറ്റൊന്നും ഖത്തറിന് മൈതാനത്ത് ചെയ്യാനുണ്ടായിരുന്നില്ല.

ജയത്തോടെ രണ്ട് കളികളിൽ നിന്ന് നാലു പോയന്റുമായി കാനഡ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി.

Content Highlights: Jonathan David scores a hat-trick for Canada, Canada defeats Qatar 6-0 in a Group B match, Two Qatar players received red cards, Canadian player Ismael Kone suffered a serious leg injury, Canada moves to the top of Group B with 4 points