അർജന്റീനയ്ക്ക് വീണ്ടും റഫറിയുടെ കാവൽ? ഇംഗ്ലണ്ട് ആരാധകർക്ക് കലിപ്പ്, സോഷ്യൽമീഡിയയിൽ വിമർശനം

#സ്പോർട്സ് ഡെസ്ക്
Photo | Getty Images
Photo | Getty Images

അറ്റ്ലാന്റ: അർജന്റീനയുടെ മറ്റൊരു തകർപ്പൻ തിരിച്ചുവരവിനുകൂടിയാണ് ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ സാക്ഷ്യംവഹിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പിന്നിൽനിന്നശേഷമാണ് മെസ്സിപ്പട ഇംഗ്ലണ്ടിനെ തകർത്ത് തുടർച്ചയായ രണ്ടാംലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയത്. മുൻ മത്സരങ്ങളിലേതുപോലെത്തന്നെ, ഈ മത്സത്തിലും റഫറിയിങ് തീരുമാനങ്ങളെച്ചൊല്ലി സാമൂഹികമാധ്യമങ്ങളിൽ വലിയ തർക്കങ്ങൾ നടക്കുന്നു.

ഇംഗ്ലണ്ടിന് ഒരു മഞ്ഞക്കാർഡ് മാത്രം ലഭിച്ചപ്പോൾ അർജന്റീനയ്ക്ക് മൂന്ന് മഞ്ഞക്കാർഡുകൾ ലഭിച്ചെങ്കിലും, ചില തീരുമാനങ്ങൾ ഇംഗ്ലീഷ് ആരാധകരെ ചൊടിപ്പിച്ചു. എൻസോ ഫെർണാണ്ടസ്, എലിയറ്റ് ആൻഡേഴ്സനെ ഫൗൾ ചെയ്തതിന് കാർഡൊന്നും നൽകാതിരുന്നതാണ് ഒന്ന്. അർജന്റീനയുടെ സമനില ഗോളിന് വഴിയൊരുക്കുമ്പോൾ ലയണൽ മെസ്സി ഓഫ്‌സൈഡായിരുന്നുവെന്നും, കളിയുടെ ഇൻജുറി ടൈമിൽ മെസ്സി ഡിജെഡ് സ്പെൻസിനെ ഫൗൾ ചെയ്തശേഷമാണ് അർജന്റീനയുടെ വിജയഗോൾ പിറന്നതെന്നും ഒരുവിഭാഗം ആരാധകർ ആരോപിക്കുന്നു.

ആദ്യ പകുതിയിൽ ഇരുടീമുകളും ഫൗളുകളിലൂടെയാണ് പരസ്പരം നേരിട്ടത്. മെസ്സിയെ ഫൗൾ ചെയ്തതിന് ഇംഗ്ലണ്ടിന്റെ എലിയറ്റ് ആൻഡേഴ്സണ് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു. വലിയ ഗോളവസരങ്ങളൊന്നുമില്ലാതെ അവസാനിച്ച ആദ്യ പകുതിക്കുശേഷം, 55-ാം മിനിറ്റിൽ ഇംഗ്ലണ്ടാണ് ആദ്യം ലീഡ് നേടിയത്. ക്യാപ്റ്റൻ ഹാരി കെയ്ൻ തുടക്കമിട്ട നീക്കത്തിനൊടുവിൽ മോർഗൻ റോജേഴ്സ് നൽകിയ ക്രോസ്, നഹുവൽ മോളിനയെ മറികടന്ന് ആന്തണി ഗോർഡൻ വലയിലെത്തിച്ചു (1-0).

എന്നൽ പ്രീ ക്വാർട്ടറിൽ ഇതേ സ്റ്റേഡിയത്തിൽവെച്ച് ഈജിപ്തിനെതിരേ രണ്ടുഗോളിന് പിന്നിൽനിന്നശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തിയ ചരിത്രമുള്ള അർജന്റീന ഇവിടെയും അതാവർത്തിച്ചു. 85-ാം മിനിറ്റിൽ മെസ്സി നൽകിയ പാസ് ബോക്സിന് തൊട്ടുപുറത്തുനിന്ന് നിയന്ത്രണത്തിലാക്കി എൻസോ ഫെർണാണ്ടസ് അർജന്റീനയ്ക്കായി സമനില ഗോൾ നേടി (1-1). ഇതോടെ കൂടുതൽ അപകടകാരികളായ അർജന്റീന, ഇൻജുറി ടൈമിൽ മെസ്സിതന്നെ നൽകിയ മനോഹരമായ ക്രോസിൽനിന്ന് ലൗട്ടാരോ മാർട്ടിനസിന്റെ ഹെഡർവഴി വിജയഗോൾ നേടി.

Content Highlights: Argentina secured a 2-1 victory over England in the 2026 FIFA World Cup.The match was marred by refereeing controversies and intense physical rivalry., Messi played a pivotal role in both Argentine goals.