ഖത്തറിന്റെ വിവാദ ഗോള്‍; അന്വേഷണം ആവശ്യപ്പെട്ട് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍

Photo:x.com/ The Khel India
Photo:x.com/ The Khel India

ന്യൂഡല്‍ഹി: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയ്ക്കെതിരേ ഖത്തര്‍ നേടിയ വിവാദ ഗോളില്‍ അന്വേഷണം ആവശ്യപ്പെട്ട് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്). ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് കത്തെഴുതിയതായി എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ അറിയിച്ചു.

ഇക്കാര്യം സംബന്ധിച്ച് ഫിഫയുടെ യോഗ്യതാ മത്സരങ്ങളുടെ തലവനും എഎഫ്സിയുടെ റഫറിമാരുടെ തലവനും മാച്ച് കമ്മീഷണര്‍ക്കും എ.ഐ.എഫ്.എഫ് കത്തെഴുതിയിട്ടുണ്ട്.  മൂന്നാം റൗണ്ടിലേക്ക് മുന്നേറാനുള്ള ഇന്ത്യയുടെ സാധ്യതയില്ലാതാക്കിയ റഫറിയുടെ പിഴവിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ അഫ്ഗാനെ കീഴടക്കിയ കുവൈത്ത് മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

മത്സരത്തിലെ ഖത്തറിന്റെ ഗോള്‍ അനുവദിച്ച സംഭവത്തില്‍ ഫിഫയും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായും കല്യാണ്‍ ചൗബെ വ്യക്തമാക്കി.

ഇന്ത്യയും ഖത്തറും തമ്മില്‍ ചൊവ്വാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ രണ്ടാം റൗണ്ട് മത്സരത്തിലാണ് വിവാദങ്ങള്‍ക്ക് വഴിവെച്ച സംഭവം. മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇന്ത്യ ഒരു ഗോളിന് മുന്നിട്ടുനിന്നിരുന്നു. എന്നാല്‍ 73-ാം മിനിറ്റില്‍ ഖത്തര്‍ നേടിയ സമനിലഗോളാണ് വിവാദമായത്. ഖത്തറിനായി  യൂസഫ് ഐമനാണ് ലക്ഷ്യം കണ്ടത്. വര കടന്ന് മൈതാനത്തിന് പുറത്തുപോയ പന്ത് സ്വീകരിച്ചാണ് ഐമന്‍ ഗോള്‍ നേടിയത്. ഗോള്‍ അനുവദിക്കരുതെന്ന് ഇന്ത്യന്‍ താരങ്ങള്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. റിപ്ലേയില്‍ പന്ത് വര കടന്ന് മൈതാനത്തിന് പുറത്തുപോയിരുന്നുവെന്ന് വ്യക്തമായിരുന്നു. പുറത്തുപോയ പന്ത് ഖത്തര്‍ താരം മൊഹി അല്‍ദിന്‍ ബാക്ക് ഹീലിലൂടെ ഐമന് നല്‍കിയാണ് താരം വലകുലുക്കിയത്. റഫറി ഗോള്‍ അനുവദിച്ചതോടെ ഇന്ത്യ പ്രതിരോധത്തിലായി. 85-ാം മിനിറ്റില്‍ അഹ്‌മദ് അല്‍ റാവി ഖത്തറിനായി വീണ്ടും വലകുലുക്കി. പിന്നീട് തിരിച്ചടിക്കാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യ മത്സരം പരാജയപ്പെട്ട് യോഗ്യതാ റൗണ്ടില്‍ നിന്ന് പുറത്തായി.

Content Highlights: AIFF Seeks Investigation Into Qatar's Controversial Goal Against India