വംശീയ അധിക്ഷേപം: പലസ്തീനെതിരെ ഇന്ത്യ പരാതി നൽകി

ന്യൂഡൽഹി: എ.എഫ്.സി അണ്ടർ-17 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനിടെ ഇന്ത്യൻ അണ്ടർ-17 പുരുഷ ടീം ക്യാപ്റ്റൻ ദല്ലാൽമുവോൺ ഗാംഗ്തെയ്ക്കെതിരെ പലസ്തീൻ താരം വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്‍ (എ.എഫ്.സി) ഔദ്യോഗികമായി പരാതി നൽകി. നവംബർ 17-ന് ക്വാലാലംപൂർ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു വിവാദ സംഭവം.
സംഭവം ഗൗരവമായി പരിശോധിക്കണമെന്നും ലഭ്യമായ മത്സര ദൃശ്യങ്ങൾ വിലയിരുത്തി നിലവിലെ ചട്ടങ്ങൾക്കനുസൃതമായി ഉചിതമായ നടപടി സ്വീകരിക്കണമെന്നും എ.ഐ.എഫ്.എഫ് പരാതിയിൽ ആവശ്യപ്പെട്ടു. എല്ലാത്തരം വംശീയതയെയും വിവേചനപരമായ പെരുമാറ്റങ്ങളെയും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ ഫെഡറേഷൻ, ഇത്തരം പ്രവൃത്തികൾ ബഹുമാനം, സമത്വം, മാന്യമായ കളി, കായികക്ഷമത എന്നിവയിലൂന്നിയ ഫുട്ബോളിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.
'കളിക്കളത്തിൽ വംശീയതയ്ക്കോ വിവേചനത്തിനോ യാതൊരു സ്ഥാനവുമില്ല. ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനോ വെച്ചുപൊറുപ്പിക്കാനോ കഴിയില്ല,'-ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.
കനത്ത മഴയെയും പ്രതികൂലമായ മൈതാന സാഹചര്യങ്ങളെയും അതിജീവിച്ച് പലസ്തീനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് (4-1) ഇന്ത്യ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഇ-യിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമായിരുന്നു ഇത്. പലസ്തീന് പുറമേ മലേഷ്യയും സിംഗപ്പൂരും ഗ്വാമുമുള്ള ഗ്രൂപ്പിൽ ഒൻപത് പോയിന്റുമായി ഇന്ത്യയാണ് മുന്നിൽ. മലേഷ്യയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Content Highlights: AIFF lodged an official complaint with the AFC regarding racial abuse., Incident occurred during the AFC U17 Asian Cup qualifiers in Kuala Lumpur., India defeated Palestine 4-1 despite adverse weather and pitch conditions., India leads Group E with nine points after three consecutive wins.