മൂന്ന് പതിറ്റാണ്ടായി കാല്‍പ്പന്തു മൈതാനത്ത് വിസിലൂതി കളം വാഴുന്ന അബ്ദുറൗഫ്

പന്തുരുണ്ട ജീവിതങ്ങള്‍
#കബീര്‍ ചാവശ്ശേരി
ടി.പി. അബ്ദുറൗഫ് ഗ്രൗണ്ടിൽ റഫറീയിങ്ങിനിടെ | Photo: special arrangement
ടി.പി. അബ്ദുറൗഫ് ഗ്രൗണ്ടിൽ റഫറീയിങ്ങിനിടെ | Photo: special arrangement

ഗ്രൗണ്ടില്‍ വീറോടെ പോരാടുന്ന ടീമുകള്‍. ഇവരെ പിന്തുണയ്ക്കുന്ന നൂറുകണക്കിനു കാണികള്‍. ഊതുന്ന വിസിലോ ഉയര്‍ത്തുന്ന കാര്‍ഡോ തെല്ലൊന്നുമാറിയാല്‍ തീപാറും. കൃത്യമായ തീരുമാനത്തിലൂടെ കളിയവസാനംവരെയും മുറുക്കിപ്പിടിക്കുന്നത് ഞങ്ങളുടെ ജീവിതം കൂടിയാണ്- 30 വര്‍ഷത്തിലധികമായി ഫുട്ബോള്‍ റഫറിയായി പ്രവര്‍ത്തിക്കുന്ന എടവണ്ണയിലെ ടി.പി. അബ്ദുറൗഫ് പറയുന്നു.

സെവന്‍സും ലെവന്‍സും ഒരുപാട് നിയന്ത്രിച്ചിട്ടുള്ള റൗഫിന് ഫുട്ബോളില്‍നിന്ന് കിട്ടിയതത്രയും ലോങ്ഷോട്ട് ഓര്‍മകള്‍. അനുകൂലമായി വിധിക്കാത്തതിനാല്‍ ടീം ആരാധകര്‍ ആക്രമിക്കാന്‍ വന്ന സംഭവങ്ങളുമുണ്ട്. ഗ്രൗണ്ടില്‍നിന്ന് ഓടിരക്ഷപ്പെട്ട രാത്രികളുമുണ്ട്.

ഏറനാട് എം.എല്‍.എ. പി.കെ. ബഷീര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി തുടങ്ങിയവരുടെ കൂടെ പന്തുതട്ടി തുടങ്ങിയതാണ് റൗഫ്. സെവന്‍സില്‍ നിലമ്പൂര്‍ യാസ് ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നു. ലെവന്‍സില്‍ എടവണ്ണ ജുവനൈല്‍ സ്പോര്‍ട്സ് ക്ലബ്ബിനുവേണ്ടിയും ബൂട്ടണിഞ്ഞു. ജില്ലയില്‍ ആദ്യം റഫറി ലൈസന്‍സ് നേടിയവരില്‍ ഒരാളുമാണ് റൗഫ്.

കളിനിയമത്തിനും റൗഫിന്റെ ചുവപ്പുകാര്‍ഡ്

'കളി ലഹരിയായിരിക്കും, എന്നാല്‍ നിയമംവിട്ടൊരു കളിയും അനുവദിക്കില്ല'- ഇത് പറയുമ്പോള്‍ റൗഫൊരു 'ജഡ്ജി'യായി മാറും. വിദേശികളെയും സ്വദേശികളെയും ഒരുപോലെ നിയന്ത്രിച്ച ആ കരങ്ങളില്‍ തുടിപ്പും കണ്ണുകളില്‍ തിളക്കവും ജ്വലിക്കുന്നതു കാണാം. ലൈസന്‍സ് കിട്ടിയതുമുതല്‍ ഫിഫ നിയമമാണ് കളിക്കളത്തില്‍ റൗഫിന്റെ വേദവാക്യം. അതുകൊണ്ടുതന്നെ സെവന്‍സിലും ലെവന്‍സിലും നീതിപൂര്‍വമല്ലെന്ന് തോന്നിയ പല നിയമങ്ങള്‍ക്കും ഇദ്ദേഹത്തിന്റെ ചുവപ്പുകാര്‍ഡില്‍ പുറത്തുപോകേണ്ടിവന്നിട്ടുണ്ട്. സെവന്‍സിലെ ഔട്ട് കിക്കിന് ഓഫ് സൈഡെന്ന രീതി റദ്ദാക്കിയത് ഇദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്നാണ്.

സംസ്ഥാനത്തെ മിക്ക ജില്ലകളിലും ലക്ഷദ്വീപിലും തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലുമായി ആറായിരത്തിലേറെ മത്സരങ്ങള്‍ റൗഫ് നിയന്ത്രിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ സര്‍വകലാശാല ഫുട്ബോള്‍, കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍, കൗമുദി ട്രോഫി, സീനിയര്‍ സ്റ്റേറ്റ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ ടൂര്‍ണമെന്റുകളിലും റഫറിയായിട്ടുണ്ട്. നിലവില്‍ 45-ഓളം റഫറിമാര്‍ റൗഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

കേരള ബാങ്കിന്റെ നിലമ്പൂര്‍ ബ്രാഞ്ച് സീനിയര്‍ മാനേജരായി റിട്ടയര്‍ ചെയ്ത റൗഫിന്റെ ഭാര്യ അരീക്കോട്ടുകാരിയായ മുണ്ടമ്പ്ര നുസ്രത്ത് ബീഗമാണ്. നിംഷിദ് റൗഫ്, നിഷാദ് റൗഫ്, മിര്‍ഷാന റൗഫ്, നസ്വിന്‍ റൗഫ് എന്നിവര്‍ മക്കള്‍. (തുടരും)

Content Highlights: abdhu rauf tp has been working as a football referee for more than 30 years