ലമിൻ യമാൽ, എംബാപ്പെ, ഹാരി കെയ്ൻ; ആരാകും ബാലൺദ്യോർ ജേതാവ്, പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം

ലണ്ടൻ: 2026-ലെ ബാലൺദ്യോർ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ലണ്ടൻ പലാഡിയത്തിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ബാഴ്സലോണയുടെ സ്പാനിഷ് താരമായ 19-കാരൻ ലമിൻ യമാൽ, റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ, ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്ൻ എന്നിവർ തമ്മിലാണ് പ്രധാന മത്സരമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഫ്രഞ്ച് ഡാറ്റ അനാലിസിസ് സ്ഥാപനമായ 'അവിസിയ' പുറത്തുവിട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റ പ്രകാരം ലമിൻ യമാൽ പുരസ്കാരം നേടാൻ 23 ശതമാനം സാധ്യത കൽപ്പിക്കപ്പെടുന്നു. 21 ശതമാനം സാധ്യതയോടെ ഹാരി കെയ്ൻ രണ്ടാമതുണ്ട്. 19 ശതമാനം സാധ്യതയുമായി എംബാപ്പെയും 2024-ലെ പുരസ്കാര ജേതാവായ റോഡ്രിയും മൂന്നാം സ്ഥാനത്തുണ്ട്. 18 ശതമാനം സാധ്യതയോടെ ലയണൽ മെസ്സിയാണ് അഞ്ചാം സ്ഥാനത്തുള്ളത്. 2025-ലെ ബാലൺ ഡി ഓർ പുരസ്കാരത്തിലെ ആദ്യ അഞ്ച് സ്ഥാനക്കാരെ അവിസിയ കൃത്യമായി പ്രവചിച്ചിരുന്നു.
എഐ പ്രവചനത്തിൽ യമാലാണ് മുന്നിലെങ്കിലും ബെറ്റിങ് കേന്ദ്രങ്ങൾ ഹാരി കെയ്ന് 70 ശതമാനം സാധ്യത കൽപ്പിക്കുന്നു. കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനും ഇംഗ്ലണ്ടിനുമായി 73 ഗോളുകളാണ് കെയ്ൻ അടിച്ചുകൂട്ടിയത്. 2011-12 സീസണിൽ മെസ്സി നേടിയ 82 ഗോളുകൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ബയേണിനൊപ്പം ബുണ്ടസ്ലിഗ കിരീടം നേടിയ കെയ്ൻ ഇംഗ്ലണ്ടിനെ ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിച്ചു.
വ്യക്തിഗത കണക്കുകളിൽ കിലിയൻ എംബാപ്പെയാണ് മുന്നിൽ നിൽക്കുന്നത്. ലാ ലിഗയിൽ 25 ഗോളുകളും ചാമ്പ്യൻസ് ലീഗിൽ 15 ഗോളുകളും നേടിയ എംബാപ്പെ മികച്ച ഫോമിലായിരുന്നു. കൂടാതെ 2026 ലോകകപ്പിലെ ഗോൾഡൻ ബൂട്ടും എംബാപ്പെയ്ക്കായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ (12) എന്ന റെക്കോഡും എംബാപ്പെ സ്വന്തമാക്കിയിരുന്നു. എന്നാൽ ക്ലബ്ബിനൊപ്പമോ രാജ്യത്തിനൊപ്പമോ പ്രധാന കിരീടങ്ങളൊന്നും നേടാൻ കഴിയാത്തത് എംബാപ്പെയ്ക്ക് തിരിച്ചടിയാണ്.
സ്പെയിനിനൊപ്പം ലോകകപ്പും ബാഴ്സലോണയ്ക്കൊപ്പം ലാ ലിഗയും സ്വന്തമാക്കിയതാണ് ലമിൻ യമാലിന് കരുത്താകുന്നത്. പരിക്ക് മൂലം വ്യക്തിഗത കണക്കുകളിൽ പിന്നിലായെങ്കിലും പ്രധാന കിരീടങ്ങൾ നേടിയത് യമാലിന് അനുകൂലമായേക്കാം. കഴിഞ്ഞ 19 പുരസ്കാര ജേതാക്കളിൽ നാല് പേരൊഴികെ എല്ലാവരും ലോകകപ്പ്, ചാമ്പ്യൻസ് ലീഗ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പ് അല്ലെങ്കിൽ കോപ്പ അമേരിക്ക എന്നിവയിലൊന്ന് നേടിയിട്ടുള്ളവരാണ്. ഈ പുരസ്കാരം നേടിയാൽ 1997-ൽ 21-ാം വയസിൽ ബാലൺദ്യോർ നേടിയ ബ്രസീലിയൻ റൊണാൾഡോയുടെ റെക്കോഡ് തകർത്ത് ഏറ്റവും പ്രായം കുറഞ്ഞ ബാലൺദ്യോർ ജേതാവാകാൻ യമാലിന് സാധിക്കും.
Content Highlights: Lamine Yamal leads AI predictions with a 23 percent chance to win the 2026 Ballon d'Or., Harry Kane holds a 70 percent chance in betting markets after scoring 73 goals last season., Kylian Mbappe won the 2026 World Cup Golden Boot and set a scoring record, despite lacking major team trophies.