മെസിയും റൊണാള്‍ഡോയുമില്ലെങ്കിൽ പിന്നെയാര്? ബാലൺദ്യോറിലേയ്ക്ക് അടുക്കുന്ന വിനീഷ്യസും സംഘവും

ഒക്ടോബര്‍ 28ന് പാരീസിലെ തീയേറ്റര്‍ ഡു ഷാറ്റലെയില്‍ നടക്കുന്ന വര്‍ണശബളമായ ചടങ്ങില്‍ വച്ചായിരിക്കും ബാലണ്‍ദ്യോര്‍ ജേതാവിനെ പ്രഖ്യാപിക്കുക. 2023-24 സീസണിലെ ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട കളിക്കാരന്‍ ട്രോഫി ഏറ്റുവാങ്ങും. പ്രഖ്യാപനം ഒരുമാസം അകലെയാണെങ്കിലും സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്-ലോകത്തിലേക്കും മൂല്യമുള്ള വ്യക്തിഗത ഫുട്ബോള്‍ പുസ്‌കാരം നേടുന്നത് ആരായിരിക്കും?
ഈ അവാര്‍ഡിന് പരിഗണിക്കപ്പെടുന്ന 30 കളിക്കാരുടെ പട്ടിക സംഘാടകരായ ഫ്രാന്‍സ് ഫുട്ബോള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇവരില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന മൂന്നുപേരില്‍ ഒരാള്‍ ബ്രസീല്‍ താരമായ വിനീഷ്യസ് ജൂനിയറാണ്. 24-കാരനായ വിനി തന്റെ ക്ലബ്ബായ സ്പെയിനിലെ റിയല്‍ മാഡ്രിഡ്, ലാലിഗ കിരീടവും ചാമ്പ്യന്‍സ് ലീഗ് വിജയവും നേടുന്നതില്‍ വലിയ പങ്ക് വഹിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിക്ക് കളിക്കുന്ന സ്പെയിനിന്റെ റോഡ്രി, റയലില്‍ തന്റെ സഹകളിക്കാരായ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ, ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം തുടങ്ങിയവരാണ് വിനീഷ്യസിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. ബാലൺദ്യോർ പുരസ്‌കാരത്തിന് വിനിയെ തിരഞ്ഞെടുത്തതായി അധികൃതര്‍ അറിയിച്ചെന്ന് സ്പെയിനിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അത് ശരിയാവണമെന്നില്ല. എങ്കിലും, ഈ പുരസ്‌കാരത്തിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരം അദ്ദേഹം തന്നെയാണ്.
Content Highlights: The Ballon d`Or ceremony Vinicius Junior is a strong contender, messi, ronaldo